Wednesday, November 20, 2019

കരിയർനെറ്റ് ടെക്നോളജീസ്

#കരിയർനെറ്റ് ടെക്നോളജീസ്.
കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ്ട്. 2007 ഒക്ടോബർ 22 നായിരുന്നു ഞാൻ കരിയർനെറ്റിൽ കയറിയത്. അന്നു കേവലം 200 ഓളം ആൾക്കാർ മാത്രമേ കമ്പനിയിൽ ഉണ്ടായിരുന്നുള്ളൂ. അന്നുണ്ടായിരുന്നവരിൽ 37 പേർ ഇന്നും കൂടെ തന്നെയുണ്ട്. നിലവിൽ 2000ത്തിൽ അധികം ആളുകൾ വർക്കു ചെയ്യുന്ന ഇന്ത്യയിൽ തന്നെ കൽക്കത്ത, ഗാർഗോൺ, നോയിഡ, ഹൈദ്രാബാദ്, മുംബൈ, പൂനെ, ചെന്നൈ തുടങ്ങി എട്ടോളം സ്ഥലങ്ങളിൽ കരിയർനെറ്റുണ്ട്. ബാംഗ്ലൂരിലാണ് ഹെഡ് ഓഫീസ്. 1999 നവംബർ 15 നായിരുന്നു തുടക്കം.
ഇതേ മാനേജ്മെന്റിന്റെ തന്നെ Hirepro, Ultra fine minerals, Long house, Wok to asia, Indiqube എന്നീ കമ്പനികളിലും ഈ 12 വർഷങ്ങൾക്കിടയിൽ വർക്ക് ചെയ്തിരുന്നു. നിലവിൽ ഹയർപ്രോയുടെ കൂടെയാണു ഞാനുള്ളത്.

2015 ഒക്ടോബറിൽ കമ്പനി മാറാൻ ശ്രമിക്കുകയും EF Education First എന്ന കമ്പനിയിൽ ജോലി കിട്ടുകയും ചെയ്തിരുന്നു. മൂന്നുമാസത്തെ നോട്ടീസ് പിരിയഡ് ഉണ്ടായിരുന്നു അന്ന്. ജോയിൻ ചെയ്യാനായി കാത്തിരുന്ന സമയത്തായിരുന്നു ആക്സിഡന്റ് ആയി രണ്ടേകാൽ വർഷത്തോളം പ്രശ്നസങ്കീർണമായി തീർന്നത്. ഓപ്പറേഷനു വേണ്ടുന്ന മൂന്നര ലക്ഷവും കൂടാതെ ജോലിയൊന്നും ചെയ്യാതെ തന്നെ ഒരുവർഷത്തോളം കരിയർനെറ്റ് എനിക്ക് സാലറി തന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഇപ്പോൾ വീണ്ടും മറ്റൊരിടത്തേക്കു മാറാൻ ശ്രമിക്കുകയാണ്. എംഫസിസ് (Mphasis), ഐടിസി (ITC Limited) എന്നീ കമ്പനികളിൽ ലഭിച്ചിരുന്നെങ്കിലും അവർ അതു ഹോൾഡ് ചെയ്തു വെച്ചു. അനിയന്ത്രിതമായി വന്ന ഫിനാൻഷ്യൽ ക്രൈസിസ് ആണ് ഇന്ത്യൻ കമ്പനികളെ ജാഗരൂകരാക്കി മാറ്റി നിയന്ത്രിച്ചു നിർത്താൻ കാരണമെന്ന് എംഫസിസിലെ HR പറഞ്ഞിരുന്നു. ഇന്റെർവ്യു എടുത്ത വ്യക്തിയും ഇതേകാര്യം പറഞ്ഞിരുന്നു. ഏതായാലും കരിയർനെറ്റ് ഇന്നേക്ക് 20 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇന്നേ ദിവസം ആഘോഷമാണ് കമ്പനിയിൽ. മുമ്പായിരുന്നെങ്കിൽ ഗോവയിലോ, ഊട്ടിയിലോ കൊടൈക്കനാലിലോ ഒക്കെയായത് മഹനീയമാക്കിയേനെ!

Project Tiger - Wikipedia


Project Tiger - Wikipedia
വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയുടെ ഭാഗമായി മലയാളഭാഷാ വിക്കിപീഡിയ പ്രവർത്തകർക്ക് മൂന്നു ലാപ്ടോപ്പുകൾ ലഭിച്ചിരുക്കുന്നു. ഹിന്ദിയിൽ 6 പേർക്ക്, കന്നടയിൽ (തുളു അടക്കം) 7 പേർക്ക്, തമിഴിൽ 5 പേർക്ക്, മലയാളത്തിൽ 3 പേർക്ക്, തെലുഗിൽ ഒരാൾക്ക് എന്നിങ്ങനെ 50 പേർക്കാണ് ഈവർഷം ലാപ്ടോപ്പ് ലഭിച്ചത്. അതിലൊന്ന് എനിക്കാണ്! ഒന്നു വിജയൻ മാഷിനും (Vijayan) ലഭിച്ചിരുന്നു. മറ്റൊന്നു ലഭിച്ചത് മീനാക്ഷി നന്ദിനി എന്ന യൂസർ‌നെയ്മിൽ അറീയപ്പെടുന്ന വ്യക്തിക്കാണ്.

വിജയന്മാഷിനു കിട്ടിയ ലാപ്പും എനിക്കു കിട്ടിയതും ഇന്നലെ ലഭിച്ചിരുന്നു. Acer Aspire 3 - AMD A4-9125 ലാപ്ടോപ്പുകളായിരുന്നു ഏവർക്കും കൊടുത്തത്.വിക്കിമീഡിയ ഫൗണ്ടേഷൻ കഴിഞ്ഞ വർഷം ആരംഭിച്ച പരിപാടിയായിരുന്നു #പ്രോജക്റ്റ് #ടൈഗർ. കഴിഞ്ഞ വർഷം Manju വിനും ഒരു ലാപ്ടോപ്പ് ലഭിച്ചിരുന്നു. ഗൂഗിളിന്റെ ക്രോം ബുക്കായിരുന്നു അന്നു ലഭിച്ചത്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കിടയിലുണ്ടാക്കുക, വിക്കിപീഡിയയോടൊപ്പം തന്നെ സഹ വിക്കിമീഡിയ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്, വിക്കിപാഠശാല, വിക്കി കോമൺസ് തുടങ്ങിയുള്ളവയെ കൂടി പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരിക, സ്കൂൾ വിദ്യാർത്ഥികൾ, റിട്ടയേഡ് ആയ അദ്ധ്യാപകർ, വിദ്യാസമ്പന്നരായ വീട്ടമ്മമാർ, സ്വതന്ത്രമായി വിജ്ഞാനം പങ്കുവെയ്ക്കാൻ താല്പര്യമുള്ളർ, വിവിധ ഗ്രന്ഥശാലകൾ എന്നിവരെ വിക്കി സംരംഭങ്ങളിലേക്ക് കൊണ്ടുവരിക തുടങ്ങി നിരവധി കാര്യങ്ങൾ പ്രോജക്റ്റ് ടൈഗറിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇക്കാര്യം മുൻനിർത്തി, വിക്കിപീഡിയ പരിചയ പരിപാടികളും മീറ്റപ്പുകളും പലഭാഗത്തായി നടന്നു വരുന്നുണ്ട്.

ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ


ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ...
------------ ----------- ------------- --------
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും
#ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം

വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!

ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.

ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു - നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി.

ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.

പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു... നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി...

പഴയകഥ ഇവിടെ: https://www.facebook.com/photo.php?fbid=10152968871648327

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License