ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ...
------------ ----------- ------------- --------
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും
#ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം
വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!
ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.
ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു - നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി.
ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.
പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു... നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി...
പഴയകഥ ഇവിടെ: https://www.facebook.com/photo.php?fbid=10152968871648327
പഴയകഥ ഇവിടെ: https://www.facebook.com/photo.php?fbid=10152968871648327
No comments:
Post a Comment