Sunday, July 29, 2012

Malayalam Wikipedia Logo | മലയാളം വിക്കിപീഡിയ ലോഗോ

malayalam wikipedia logo
മലയാളം വിക്കിപീഡിയ ലോഗോ( Malayalam Wikipedia Logo) സേർച്ച് ചെയ്യുന്നവർക്ക് പതിവായി കിട്ടിക്കൊണ്ടിരിക്കുന്നത് മലയാളം വിക്കിപീഡിയയുടെ പഴയ ലോഗോ ആണെന്നു കാണാൻ കഴിഞ്ഞു. മലയാളം വിക്കിപീഡിയയെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നവർ ഉപയോഗിക്കുന്നതും വാർത്തകൾ കൊടുക്കുന്ന മിക്ക പത്രങ്ങളിൽ വരുന്ന ലോഗോകളും ഇപ്പോഴും പഴയതു തന്നെയാണ്. എന്നാൽ വിക്കിപീഡിയ കോമൺസിൽ മലയാളം വിക്കിപീഡിയയുടെ വിവിധ ഉപയോഗങ്ങൾക്കായുള്ള ലോഗോകൾ ലഭ്യമാണ്. അവയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നതു കാണുക:

മലയാളം വിക്കിപീഡിയ ലോഗോ - വിവിധ ആവശ്യങ്ങൾക്കായുള്ളത്

25000 പ്രൗഢലേഖനങ്ങളുടെ കരുത്തുമായി മലയാളം വിക്കിപീഡിയ വൈജ്ഞാനികകേരളത്തിന്റെ മുഖമുദ്രയാവുകയാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.  ഒത്തിരിപ്പേർ മലയാളം വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും  മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത് നൂറോളം പേരാണ്. ഇനിയും ഭാഷാ സ്നേഹികളായ മലയാളികൾ ഈ രംഗത്തേക്ക് കടന്നു വരുമെന്നും പ്രാദേശികമായ അതിരുകൾ കടന്ന് എല്ലായിടത്തും വിക്കിപീഡിയ സജീവമാവുമെന്നു പ്രതീക്ഷിക്കുന്നു.  ഈ അവസരത്തിൽ വിവിധങ്ങളായ ലോഗോ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കി വിക്കിപീഡിയ അംഗീകരിച്ച സ്ഥിരമായ ഒരു ലോഗോ തന്നെ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.


Wednesday, July 25, 2012

ഇരുപത്തയ്യായിരത്തിന്റെ നിറവിൽ!!


മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു
മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്.

2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ ഈ വർഷം ഡിസംബർ 21-നു പത്ത് വർഷം പൂർത്തിയാക്കുകയാണ്. 10 വർഷത്തിനുള്ളിൽ 25,000 ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികൾ ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി മലയാളം വിക്കിപീഡിയ മാറുകയും ചെയ്യും.
ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 25,000 ലേഖനങ്ങൾ എന്ന കടമ്പ കടന്ന ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്‌, ഹിന്ദി, മറാഠി, തമിഴു് എന്നിവയാണ്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ടു് 100 പേർ മാത്രമാണു് മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തുന്നത്.

മറ്റു ഇന്ത്യൻ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ, ലേഖനങ്ങളുടെ എണ്ണത്തിൽ പിന്നിലാണെന്നു് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും മലയാളം വിക്കിപീഡിയ ലോകശ്രദ്ധയാകർഷിക്കുന്നതു് ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നു് എന്ന നിലയിലാണു്. ലേഖനങ്ങളുടെ ആധികാരികത, ഉൾക്കാമ്പും ഗുണനിലവാരവും തുടങ്ങി പല മാനകങ്ങളിലും ഇതര ഇന്ത്യൻ വിക്കിപീഡിയകളേക്കാൾ മലയാളം വിക്കിപീഡിയ വളരെയേറെ മുന്നിലാണു്.

Tuesday, July 24, 2012

ഗണേശസ്തുതി!

ഗണനായകായ ഗണദൈവതായ ഗണാധ്യക്ഷായ ധീമഹി
ഗുണശരീരായ ഗുണമന്ദിതായ ഗുണേശാനായ ധീമഹി
ഗുണാതിതായ ഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹി

ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹി
ഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി
{ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹി
ഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി}-കോറസ്

ഗാനചതുരായ ഗാനപ്രാണായ ഗാനാന്തരാത്മനേ
ഗാനോത്സുഖായ ഗാനമത്തായ ഗാനോത്സുഖമനസേ

ഗുരുപുജീതായ ഗുരുദൈവതായ ഗുരുകുലസ്ഥായീനേ
ഗുരുവിക്രമായ ഗുഹ്യപ്രവരായ ഗുരവേ ഗുണഗുരവേ

ഗുരുദൈത്യ കലക്ഷേത്രേ ഗുരുധര്‍‌മ്മസദാരാഖ്യായ
ഗുരുപുത്ര പരീത്രാത്രേ ഗുരു പാഖംഡ ഖംഡകായ

ഗീതസാരായ ഗീതതത്ത്വായ ഗീതഗോത്രായ ധീമഹി
ഗുഢഗുല്ഫായ ഗംധമത്തായ ഗോജയപ്രദായ ധീമഹി
ഗുണാതീതായ ഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹി

ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹി
ഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി
{ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹി
ഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി}-കോറസ്

ഗര്‍‌വരാജായ ഗന്യ ഗര്വഗാന ശ്രവണ പ്രണയീമേ
ഗാഢാനുരാഗായ ഗ്രംഥായ ഗീതായ ഗ്രംഥാര്ഥ തത്പരീമേ

ഗുണയേ… ഗുണവതേ…ഗണപതയേ…

ഗ്രന്ഥ ഗീതായ ഗ്രന്ഥഗേയായ ഗ്രന്ഥന്തരാത്മനേ
ഗീതലീനായ ഗീതാശ്രയായ ഗീതവാദ്യ പടവേ

തേജ ചരിതായ ഗായ ഗവരായ ഗന്ധര്‍‌വപ്രീകൃപേ
ഗായകാധീന വീഘ്രഹായ ഗംഗാജല പ്രണയവതേ

ഗൌരീ സ്തനം ധനായ ഗൌരീ ഹൃദയനന്ദനായ
ഗൌരഭാനു സുതായ ഗൌരീ ഗണേശ്വരായ

ഗൌരീ പ്രണയായ ഗൌരീ പ്രവണായ ഗൌര ഭാവായ ധീമഹി
ഗോ സഹസ്രായ ഗോവര്‍ദ്ധനായ ഗോപ ഗോപായ ധീമഹി
ഗുണാതിതായ ഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹി

ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹി
ഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി
{ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹി
ഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി}-കോറസ്

ഗംഗേ! മഹാമംഗളേ!!

ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ...
കനിവോടു കൈക്കൊള്ളണേ... എന്നാത്മമന്ത്രാരതി...
നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോ
പുനർജന്മസൂര്യോദയം... സൂര്യോദയം

കൈലാസമന്ദാകിനീ.... കൈവല്യസന്ദായിനീ...
ഇനിയൊന്നു കേൾക്കില്ലയോ...പ്രാണന്റെ വനരോദനം..
അമരശിവമൗലിയിൽ കാലഹിമബിന്ദുവായ് പൊഴിയുന്ന സാഫല്യമേ.... സാഫല്യമേ...
ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....

ശ്രീരുദ്രതീർഥാത്മികേ... നിന്നഴകളിൽ ചേർക്കുകെൻ പൈതൃകം...
വാരാണസീപുണ്യമേ... കൈയേൽക്കുകീ ജന്മമാം മൺകുടം...
നീ ദേവഭൂമിയുടെ സീമന്തരേഖ..
മാതൃത്വമണിയുന്ന മാംഗല്യസൂത്രം
നീ ദേവഭൂമിയുടെ സീമന്തരേഖ..
മാതൃത്വമണിയുന്ന മാംഗല്യസൂത്രം
എങ്ങു നീ മറയുന്നു നീഹാരഗംഗേ
എന്തു നീ തേടുന്നു വാത്സല്യ ഗംഗേ...
എങ്ങു നീ മറയുന്നു നീഹാരഗംഗേ
എന്തു നീ തേടുന്നു വാത്സല്യഗംഗേ...
ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....

ഭാഗീരഥീതീരമേ... കേഴുന്ന രാധാമുഖം നിൻ മുഖം
ഒഴുകുന്ന കാരുണ്യമേ... ജീവന്റെ സീതായനം നിൻ മനം
ആദിത്യബിംബമിന്നഗ്നിസാക്ഷി
കാലാതിവർത്തിയാം കർമസാക്ഷി
ആദിത്യബിംബമിന്നഗ്നിസാക്ഷി
കാലാതിവർത്തിയാം കർമസാക്ഷി
നീയെന്നുമമ്മേ മഹാസ്നേഹഗാത്രി
നീ മാത്രമമ്മേ മഹോദാരധാത്രി
നീയെന്നുമമ്മേ മഹാസ്നേഹഗാത്രി
നീ മാത്രമമ്മേ മഹോദാരധാത്രി

ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....
കനിവോടു കൈക്കൊള്ളണേ... എന്നാത്മമന്ത്രാരതി...
നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോ
പുനർജന്മസൂര്യോദയം... സൂര്യോദയം

കൈലാസമന്ദാകിനീ.... കൈവല്യസന്ദായിനീ...
ഇനിയൊന്നു കേൾക്കില്ലയോ...പ്രാണന്റെ വനരോദനം..
അമരശിവമൗലിയിൽ കാലഹിമബിന്ദുവായ് പൊഴിയുന്ന സാഫല്യമേ.... സാഫല്യമേ...
ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....
ഗംഗേ! മഹാമംഗളേ... അമ്മേ! ജഗത്കാരിണീ....

ആരായിരുന്നു നമ്മൾ!

തിരിഞ്ഞുനോട്ടം
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . 100 വർഷങ്ങൾക്കു മുമ്പ് നമ്മൾ ആരായിരുന്നുവെന്നും ഇന്നു നമ്മൾ എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നുവെന്നും ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ വിജ്ഞാനപ്രദവും കൗതുകകരവും ആണിവ, പഴയ കാലത്തെ തൊഴിൽ, സംസ്കാരം, ഭൂപ്രകൃതി, വേഷഭൂഷാദികൾ തുടങ്ങിയവയെല്ലാം ഇതിൽ ദൃശ്യമാണ്. ജാതിഭേദവും തൊഴിലും ജനജീവിതത്തിലുള്ള സ്വാധീനം ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം, കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് ഈ ദൃശ്യവിരുന്ന്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ച ചിത്രങ്ങളാണിവ.
(കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ ).
മാതൃഭൂമി ഇത് പ്രസിദ്ധീകരിച്ചിരുന്നു.
ചിത്രങ്ങൾ പൂർണരൂപത്തിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, July 21, 2012

അയ്യപ്പസ്തുതി

അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം
സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം, താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥം

ശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം
പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ

മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍
അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍
നിഹന്തം കിരാതാവതാരം ചരന്തം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

Friday, July 20, 2012

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍


ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശകുന്തളേ ... ശകുന്തളേ ...

മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാന്‍ പൗര്‍ണ്ണമി
മണ്‍കുടം കൊണ്ടുനടക്കുമ്പോള്‍
നീലക്കാര്‍മുകില്‍ കരിവണ്ടു മുരളുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ ... ശകുന്തളേ...

താമരയിലയില്‍ അരയന്നപ്പെണ്‍കൊടി
കാമലേഖനമെഴുതുമ്പോള്‍
നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ... ശകുന്തളേ...

Tuesday, July 17, 2012

അവസാനത്തെ പ്രണയകവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളും
എഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു

കവി: ചിന്താഭാരം

നീയുറങ്ങിക്കൊള്‍ക

നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം
തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം,
ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍
ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം

എന്നിലെ നിനക്ക്!

എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,
ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,
നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,
തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും.

കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലും
പ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,
വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,
നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License