പത്തുവർഷത്തിനു മേലെ ആയെന്നു തോന്നുന്നു ഇതിന്റെ പണി തുടങ്ങിയിട്ട്. ഇന്നു രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി ശ്രി. ഉമ്മൻ ചാണ്ടി ഇതിന്റെ ഉദ്ഘാടനം നടത്തിയത്രേ. അല്പം വൈകിയിട്ടാണെങ്കിലും ആ പണി തീർത്തല്ലോ... നന്നായി! കാക്കത്തീട്ടത്തിന്റെ മണം ഇനി ബസ്സ് യാത്രക്കാർ സഹിക്കേണ്ടി വരില്ല എന്ന ആശ്വാസവും ആയി.
മലബാറിലെ ഏറ്റവും നീളം കൂടിയ പാലമാണത്രേ പടന്നക്കാട്ടെ മേൽപ്പാലം. 1200 മീറ്റര്‍ നീളമുണ്ട് ഇതിന്. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ മേൽപ്പാലം കൂടിയാണ്. ആദ്യത്തേത് ബേക്കലം കോട്ടയ്ക്കടുത്തായി പള്ളിക്കരയിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ പണിയും ഏതാണ്ട് പത്തുവർഷമെടുത്തുകാണും എന്നു തോന്നുന്നു.
ചെറുപ്രായത്തിൽ പടന്നക്കാട് റെയിൽവേ ഗേറ്റിനരികെ ട്രൈൻ പോകാനായി കാത്തിരിക്കുന്നത് ഒരു കൗതുകമായിരുന്നു. വളർന്നു വന്നപ്പോൾ വല്ലാത്ത വിരസതയായി അതു മാറി. കൂടാതെ സമീപത്തുള്ള അരയാൽ മരങ്ങളിൽ നിറയെ കാക്കക്കൂടുകളാണ്. കാക്കകളുടെ കലപിലശബ്ദം ഗേറ്റ് തുറക്കുവോളം സഹിക്കണം. അതിലേറെ അസ്സഹനീയമാണ് കാക്കത്തീട്ടത്തിന്റെ മണം!
ആ റെയിൽവേ ഗേറ്റ് ഓർമ്മയിൽ കൊണ്ടുവരുന്ന മറ്റൊരു കാര്യമുണ്ട്. പ്രി-ഡിഗ്രി പ്രൈവറ്റായി എഴുതുന്ന കാലം. പരീക്ഷ നെഹ്റു കോളേജിൽ വെച്ചായിരുന്നു. കാഞ്ഞങ്ങാട് നിന്ന് പോകുന്ന ബസ്സിൽ കൂട്ടുകാരോടൊപ്പം ഞാനും ഉണ്ട്. ഞങ്ങൾ ഒരു സീറ്റിൽ മടിയിലായി ഇരിക്കുന്നു. ബസ്സ് പടന്നക്കാട് ഗേറ്റിൽ എത്തി. ഗേറ്റ് തുറന്നതേ ഉള്ളൂ. പെട്ടന്ന് ഒരുവൻ പറഞ്ഞു അതാഡാ ആ ബസ്സിൽ ഒരു ചരക്ക്. എതിരേ വരുന്ന ബസ്സിൽ അലസചിന്തകളുമായി ഒരു സുന്ദരി! ഞങ്ങൾ നോക്കി. കൂടെയുള്ള രമേശൻ അവളെ കണ്ട ഉടനേ കുറേ ഫ്ലൈയിങ് കിസ്സും സൈറ്റടികളും പാസാക്കി കഴിഞ്ഞു. ബസ്സുകൾ തമ്മിൽ അടുത്തെത്തി. കൃത്യം പാളത്തിനു മുകളിൽ, രണ്ടുസീറ്റുകളും തൊട്ടടുത്ത്... ബസ്സുകൾ അവിടെ അങ്ങോട്ടുമല്ല ഇങ്ങോട്ടുമല്ല എന്ന രീതിയിൽ ഉടക്കി നിന്നു. എലിയേ പോലെയിരുന്ന ആ പെൺകുട്ടി സിംഹത്തെ പോലെ അലറി; എണിറ്റിരുന്ന് ആഞ്ഞടിച്ചു!! രമേശൻ മാറിയതിനാൽ അവളുടെ കൈ ബസ്സിന്റെ വിൻഡോയിൽ തട്ടി; കുപ്പിവളകൾ പൊട്ടിത്തകർന്നു, അവളുടെ കൈകൾ മുറിഞ്ഞിരിക്കണം... അവളുടെ കൂടെ മൂന്നാലു പെൺ കുട്ടികൾ ചീറ്റിത്തകർക്കുന്നു!! കാര്യമറിഞ്ഞില്ലെങ്കിലും ചില ആണുങ്ങളും ആ ബസ്സിൽ നിന്നും തെറിയഭിഷേകം ചെയ്യുന്നു! ഭാഗ്യത്തിന് അപ്പോൾ തന്നെ ബ്ലോക്ക് ഒഴിവായി; ബസ്സ് നീങ്ങി!!
കിട്ടാതെ കിട്ടിയതല്ലേ! അഘോഷമാക്കിയേക്കാം!!
ReplyDelete:) മേല്പ്പാലം ഉദ്ഘാടനം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു എന്നു തോന്നുന്നു. പടന്നക്കാട് മേല്പ്പാലത്തിനെ ടോള്‍പിരിവില്‍ നടന്നുവരുന്ന വമ്പിച്ച ക്രമക്കേട് പുറത്തു വന്നു. ഒറിജിനലിനു പകരം വ്യാജറസിപ്റ്റാണത്രേ വാഹനങ്ങള്‍ക്കു കൊടുക്കുന്നത്. ഡി.വൈ.എഫ്. ഐ കാര്‍ ഏറ്റു പിടിച്ചിട്ടുണ്ട്. ടോള്‍ പിരിവ് ഒഴിവാക്കണം എന്നു പറഞ്ഞ് പലയിടത്തും സമരം നടക്കുമ്പോള്‍ ആണ് ഇങ്ങനെയൊരു തട്ടിപ്പ്!!