Friday, December 28, 2012

എക്സിക്കുട്ടൻ

സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്ല. 11, 12 സീറ്റുകളിലായി ഞാനും മഞ്ജുവും ഇരിക്കുന്നു. ഗാന്ധിനഗറിൽ നിന്നും ബസ്സ് വിടാറാവുമ്പോളാണ് അല്പം ബഹളം വെച്ചുകൊണ്ട് മൂന്നുപേർ വന്നത്. ഒരാൾക്ക് സ്ലീപ്പറും രണ്ടുപേർക്ക് ഞങ്ങൾക്കു തൊട്ടുമുന്നിലെ സീറ്റുമാണു കിട്ടിയത്. മൂവരും നല്ല ഫിറ്റിലായിരുന്നു. കള്ളിന്റെ മണം അവർക്ക് മുന്നേ ബസ്സിലേറിയിരുന്നു. മഞ്ജുവിനു തൊട്ടുമുന്നിലായി വിൻഡോ സൈഡിൽ ഇരുന്ന വ്യക്തി പൂർണമായും സൈലന്റായിരുന്നു; ബാക്കി രണ്ടുപേരും അങ്ങനെ ആയിരുന്നില്ല. അവർ ക്ലീനറോട് ഒച്ചവെച്ചുകൊണ്ടേയിരുന്നു. അതിൽ ഒരാൾ അവറാച്ചനും രണ്ടാമൻ വക്കച്ചനുമായിരുന്നു. എന്റെ മുന്നിലെ ആളുടെ പേരാണ് വക്കച്ചൻ! നല്ല ഫിറ്റ്! ഒരു വിധം നന്നായി മുഷിഞ്ഞ മുണ്ടായിരുന്നു ഉടുത്തിരുന്നത്. ഷർട്ടിന്റെ ബട്ടൻസ് രണ്ടെണ്ണമോ മറ്റോ ഇട്ടിരിക്കുന്നു. പുള്ളിയാണ് ഏറെ പ്രശ്നം സൃഷ്ടിച്ചിരുന്നത്.

ഞങ്ങളുടെ പുറകിൽ ഒരമ്മയും രണ്ട് ചെറിയ ആണ്മക്കളും ആയിരുന്നു. അതിൽ ഏറ്റവും ഇളയവന് സ്ലീപ്പറിൽ കിടക്കണം. അവൻ അത് ചൂണ്ടിക്കാട്ടി ബെഡ് റൂമിൽ കിടക്കണം എന്നു പറഞ്ഞ് കരയുന്നുണ്ടായിരുന്നു. അവൻ ഇലയ്ക്കും മുള്ളിനും അടുക്കുന്നില്ല. എവിടെയും ഇരിക്കാനും കൂട്ടാക്കുന്നില്ല. ബസ്സ് വിട്ടിട്ടും കുറേ സമയം അവിടെ നിന്ന് കരയുന്നുണ്ടായിരുന്നു. പിന്നെ എപ്പൊഴോ നോക്കിയപ്പോൾ അവൻ ചേട്ടച്ചാരുടെ കൂടെ സുഖമായി ഉറങ്ങുന്നു. എന്റെ വലതുവശത്ത് മറ്റേഭാഗം സിഗിൾ സീറ്റിൽ ഒരു ചെറുപ്പക്കാരൻ ആണ്. ഞങ്ങൾ കയറുമ്പോൾ തുടങ്ങിയതാണവൻ ഫോണിൽ സംസാരിക്കാൻ, ഏകദേശം ഒന്നേ കാൽ മണിക്കൂർ അവിടെ ബസ്സ് നിന്നുകാണും, ഞാൻ കിടക്കുമ്പോഴും അവൻ ഫോണിൽ തന്നെ... ഒരു സുന്ദരൻ എക്സിക്കുട്ടനാണവൻ.

രാത്രി ഏറെ വൈകി. 12 മണിയായിക്കാണും ഭക്ഷണം കഴിക്കാനായി ബസ്സ് ഇനിയും നിർത്തിയിട്ടില്ല. മഞ്ജു എന്റെ മടിയിലാണ് കിടക്കുന്നത്. സുഖമായി ഉറങ്ങുന്നു. എനിക്കാണെങ്കിൽ ഒന്നു തിരിയാൻ പോലും പറ്റാതെ അവസ്ഥയാണ്. ബസ്സിന്റെ മുൻഭാഗത്തായി ഉള്ളൊരു സീറോവാട്ട് ബൾബിന്റെ അരണ്ട പ്രകാശമേ അകത്തുള്ളൂ. പിന്നെ കടന്നു പോകുന്ന വാഹനങ്ങളുടെ മിന്നായം പോലുള്ള വെളിച്ചവും. എങ്കിലും ബസ്സിനകം മൊത്തമായി കാണുന്നതിനു കുഴപ്പമില്ല.

വലതുവശത്തിരിക്കുന്ന എക്സിക്കുട്ടൻ അവിടെ കിടന്ന് തിരിയുകയും മറിയുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ കിടന്നുകൊണ്ടുതന്നെ അവന്റെ പരിപാടികൾ വീക്ഷിച്ചു. അവൻ പുറകിലോട്ടും മുന്നിലേക്കും ഒക്കെ സൂക്ഷിച്ചു നോക്കുന്നു. എന്തോഒരു പരുവക്കേട്...  അവൻ അവന്റെ കാല് മുന്നിലേക്ക് നീട്ടുകയാണ്... അവന്റെ മുന്നിലെ സിംഗിൾ സീറ്റിൽ ഒരു 15 വയസു പ്രായം തോന്നിക്കുന്ന പെൺകുട്ടിയായിരുന്നു. കാലു നീളുന്നത് അവിടെ വീണുകിടക്കുന്ന ഒരു പൊതിക്കെട്ടിലേക്കായിരുന്നു. വെളുത്ത പ്ലാസ്റ്റിക് കവറിൽ ഭദ്രമായി കെട്ടിവെച്ച സാമാന്യം ഭേദപ്പെട്ട എന്തോ ആയിരുന്നു അത്. പത്തു പതിനഞ്ചു മിനിറ്റോളം അവനാ പൊതിയെടുക്കാനായി  പരിശ്രമിച്ചു കാണും. കാലുകൊണ്ട് തട്ടിത്തട്ടി അതവന്റെ അടുത്തേക്ക് എത്തിച്ചു. പിന്നെ കൈയിലുള്ള പുതപ്പ് അതിനു മുകളിലേക്ക് വീഴ്‌ത്തി. അയാൾ കുനിഞ്ഞ് ആ പുതപ്പ് വലിച്ചെടുത്തപ്പോൾ ആ പൊതി അപ്രത്യക്ഷമായിരുന്നു... പിന്നെ സീറ്റിനടിയിൽ വെച്ചിരിക്കുന്ന ബാഗിലെന്തോ തപ്പുന്നതുപോലെ കണ്ടു. പുള്ളി ആ പൊതി ബാഗിൽ വെച്ചതായിരിക്കണം. എക്സിക്കുട്ടൻ പുതപ്പ് വലിച്ച് ദേഹത്തിട്ട് സെമിസ്ലീപ്പറിലേക്ക് ചാഞ്ഞു. അല്പം സമയം കഴിഞ്ഞപ്പോൾ ബസ്സു നിർത്തി. ക്ലീനർ വിളിച്ചുപറയുന്നു, ഭക്ഷണം കഴിക്കാനും ടോയ്ലെറ്റിൽ പോയ് വരാനുമുള്ളവർക്ക് പെട്ടന്നു പോയി വരാം, 15 മിനിറ്റാണ് മാക്സിമം സമയം എന്നൊക്കെ. ബസ്സിൽ ലൈറ്റുകൾ എല്ലാം തെളിഞ്ഞു. എക്സിക്കുട്ടന്റെ മുഖം നന്നായിട്ടൊന്നു കാണാനുള്ള തിടുക്കമായിരുന്നു എനിക്ക്. ബസ്സ് നിർത്തിയ ഉടനേ അവൻ എണീറ്റ് പുറത്തേക്ക് പോയി.

ഞാൻ വക്കച്ചൻ ചേട്ടനെ തട്ടിവിളിച്ച് സീറ്റ് ശരിയാക്കി വെയ്ക്കാൻ പറഞ്ഞു, എങ്കിലേ എനിക്കവിടെ നിന്നും എണീക്കാൻ പറ്റുമായിരുന്നുള്ളൂ. വക്കച്ചൻ ചേട്ടൻ എണീറ്റൂ... തന്റെ അരക്കെട്ടിൽ തപ്പി... പിന്നെ സീറ്റിൽ നോക്കി!! സീറ്റിനടിയിൽ നോക്കുന്നു.... എനിക്കു സംഭവം മനസ്സിലായി... ഞാൻ ചോദിച്ചു എന്താ ചേട്ടാ പ്രശ്നം എന്ന്!! ചേട്ടൻ എന്നെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു, എന്റെ മുറുക്കാൻ പൊതി കാണുന്നില്ല,  മുണ്ടിന്റെ കോന്തലയിൽ ഇറുക്കിവെച്ചതായിരുന്നു എന്ന്!!

വക്കച്ചൻ ചേട്ടൻ എന്നോടു സീറ്റിനടിയിൽ നോക്കാൻ പറഞ്ഞു. അതിൽ വേറെ വല്ലതുമുണ്ടായിരുന്നോ എന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു  അഞ്ചാറു കഷ്ണം അടക്കാപ്പൂളും കുറച്ച് വെറ്റിലയും ചുണ്ണാമ്പും പുകയിലയുമല്ലാതെ വേറെന്തുണ്ടാവാനാ മുറുക്കാൻ പൊതിയിൽ എന്ന്!! എനിക്കു ചിരി സഹിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞാൻ എന്റെ സീറ്റിനടിയിൽ ഒന്നു നോക്കിയതായി വരുത്തിയിട്ട് ഇവിടെ ഇല്ലെന്നു പറഞ്ഞു!!

ആ മൈര് പോട്ട് എന്നും പറഞ്ഞ് വക്കച്ചൻ ചേട്ടൻ ഇറങ്ങിപ്പോയി!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

2 comments:

  1. അയ്യോ എനിക്ക് ചിരിച്ചിട്ട് വയ്യാതായി ..
    എന്നിട്ട് ആ എക്സിക്കുട്ടന്റെ മുഖം കണ്ടോ?
    ഇഷ്ട്ടപെട്ടു .... :):):)

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License