Tuesday, October 17, 2017

October 17, 2017 at 09:04AM

കവി ഗിരീഷ് കുമാർ, #കേരളീയം #കവിത —------------------------------------------- സുഹൃത്തേ, ഞങ്ങളുടെ കുഞ്ഞുങ്ങൾ എല്ലാവരും നല്ല വീടുകൾ വരയ്ക്കും. ഉമ്മറത്ത് ഒരച്ഛനെ വരയ്ക്കും. തൊട്ടടുത്ത് ഒരമ്മയേയും രണ്ട് കുട്ടികളേയും വരയ്ക്കും. (അതിൽ ഒന്ന് പെണ്ണായിരിക്കും.) സന്തോഷത്തിന്റെ ഒരു വിളക്ക് വരയ്ക്കും. വീട് വരയ്ക്കുമ്പോൾ അവർ തൊടിയിൽ ഒരു കിണർ വരയ്ക്കും; പിന്നെ ഒരു ശൗചാലയം കൂടി. അങ്ങനെ അവർ ചിത്രത്തിനെ വൃത്തിയിൽ വരയ്ക്കും. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഗ്രാമം വരയ്ക്കുമ്പോൾ ചായക്കടകൾ വരയ്ക്കും. പത്രം വായിക്കുന്ന തൊഴിലാളികളെ വരയ്ക്കും. നല്ല നിരത്തുകളും ഒരാശുപത്രിയും വരയ്ക്കും. ഒരു സ്കൂൾ വരയ്ക്കും അവിടെ ഉയർച്ചയുടെ ഒരു പതാകയും വരയ്ക്കും. അവർ നഗരം വരയ്ക്കുമ്പോൾ വലിയ ആശുപത്രികൾ വരയ്ക്കും. (ഓക്സിജൻ സിലിണ്ടറും ആംബുലൻസും ഉറപ്പായി വരയ്ക്കും. ) മികച്ച കലാലയങ്ങൾ വരയ്ക്കും. കൂടുതലും പെൺകുട്ടികളെ വരയ്ക്കും. വികസനസ്വപ്നങ്ങൾ താങ്ങി നിൽക്കുന്ന തൂണുകൾ വരയ്ക്കും. അവർ അമ്പലം വരയ്ക്കുമ്പോൾ വലത്ത് താഴികക്കുടത്തോടെ ഒരു പള്ളി വരയ്ക്കും. ഇടത്ത് ഗോപുരവും മണിയുമായി മറ്റൊരു പള്ളിയും. സമാധാനത്തിന്റെ പ്രാവുകളെയും വരച്ച് വയ്ക്കും. അവർ ഇങ്ങനെ ഞങ്ങളുടെ നാട് വരയ്ക്കുമ്പോൾ നിങ്ങളുടെ നാട്ടിലില്ലാത്ത പലതും വരയ്ക്കും! സുഹൃത്തേ, ഇതു കേരളീയം...! ഈ നാട്ടിലേക്ക് യാത്രയ്ക്ക് വരുമ്പോൾ നിന്റെ കുഞ്ഞുങ്ങളെ കൂടി കൊണ്ടുവരൂ..! സ്വപ്നങ്ങളിലല്ലാതെയും ഇത്തരം നേർച്ചിത്രങ്ങളുണ്ടെന്ന് അവർ അറിയട്ടെ ! ചിത്രങ്ങളിലെങ്കിലും അവർ ഇത്തരം സ്ഥലങ്ങൾ വരയ്ക്കട്ടെ! സ്നേഹവും സമാധാനവും വരയ്ക്കട്ടെ!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License