Wednesday, December 27, 2017

Masterpiece Review

മാസ്റ്റർപീസ് അഭിപ്രായം!
മമ്മൂട്ടിയുടെ മാസ്റ്റർപീസ് കണ്ടു. ഒരു സിനിമ എന്ന നിലയിൽ എനിക്കിത് ഇഷ്ടമായിരുന്നു. കൂടുതലായി ഒന്നുമില്ല, എന്നാൽ അതുപോലെ കുറച്ചു കാണാനും പ്രത്യേകിച്ച് ഒന്നുമില്ല. കാശുകൊടുത്ത് ഇരുന്നുകാണാൻ ഈ സിനിമ ഒരു രസം തന്നെയാണ്.

ഇഷ്ടപ്പെട്ടൊരു നടനാണ് ഉണ്ണി മുകുന്ദൻ. മൂപ്പർ ഈ സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായി നടിക്കുന്നുണ്ട്. എന്നും ഒരു ചിരിയോടെ ഓർക്കുന്ന സന്തോഷ് പണ്ഡിറ്റ് ഈ സിനിമയിൽ ഉണ്ടെന്നുള്ളതും രസകരമാകുന്നു. ക്യാപ്റ്റൻ രാജുവിനെ വയസായ അവസരത്തിൽ ഒന്നൂടെ കാണാൻ സാധിച്ചു എന്നതും ഇതുപോലെ തന്നെ മനോഹരമായി തോന്നി.

മോഹൻലാൻ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയുമായി നല്ല ബന്ധം തോന്നിയിരുന്നു. കോളേജ്, വിദ്യാർത്ഥികൾക്കിടയിലെ പരസ്പര ശത്രുത വെച്ചു പുലർത്തുന്ന രണ്ട് ഗ്രൂപ്പുകൾ, അവരുടെ അടിപിടി. അവരുടെ വഴക്കിനിടയിലേക്ക് കടന്നു വരുന്ന അദ്ധ്യാപകൻ. അവരെ ഒന്നാക്കുന്ന അദ്ധ്യാപകൻ, അവരിലൂടെ ഒരു കൊലപാതകരഹസ്യം വെളിവാക്കുന്ന ആ അദ്ധ്യാപൻ ഒരു പള്ളീലച്ചൻ കൂടിയാണെന്നുള്ള വെളിപ്പെടുത്തൽ... ഇടയ്ക്ക് സലിം കുമാറിന്റെ സെക്സും സെക്ഷ്വൽ പെരുമാറ്റവും.

ഇതൊക്കെ തന്നെയാണീ സിനിമയും. വെളിപാടിന്റെ പുസ്തകത്തിലെ സലിം കുമാറിനെ പകരം പൂനം ബജ്‌വ എന്ന നടിക്ക് സിലുക്ക് സ്മിതയെ ഓർമ്മിപ്പിക്കാനായിരിക്കണം സ്മിതയെന്ന പേരുമിട്ട് അദ്ധ്യാപികയായി വയറുകാട്ടി മുലകൾ തുള്ളിച്ച് നടത്തിക്കുന്നത്. ഈ കാര്യം സിനിമയ്ക്ക് ആവശ്യമേ ഇല്ലായിരുന്നു; അരോചകവുമാണ്. പിന്നെ നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രതിബിംബമാണല്ലോ ഓരോ കലാസൃഷ്ടികളും. കാലം അതൊക്കെ ആവശ്യപ്പെടുന്നുണ്ട് എന്നുള്ളതിന്റെ വെളിപാടായിരിക്കണം ഈ ഒരു ബീജം തുന്നിച്ചേർക്കാൻ പിന്നണിക്കാരെ നിർബന്ധിതരാക്കിയത്.

പെണ്ണുങ്ങളോട് പലപ്രാവശ്യം മമ്മുട്ടി പറയുന്നുണ്ട്, ഞാൻ “പെണ്ണുങ്ങളെ ബഹുമാനിക്കുന്നു, അതുകൊണ്ടുതന്നെ ഒന്നും പറയാനില്ല“ എന്ന്. പൂനം ബജ്‌വയുടെ സ്മിതയോടു മാത്രമല്ല. വരലക്ഷ്മി ശരത്കുമാറിന്റെ ഭവാനി ദുർഗ ഐ.പി.എസ്സിനോടും പലപ്രാവശ്യം ഇതേ കാര്യം ആവർത്തിക്കുമ്പോൾ, മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും തകർത്തു പെയ്യുന്ന അവസരത്തിൽ മമ്മുട്ടി പാർവ്വതിയോടു പറയുന്ന ഡയലോഗായി ഇത് വായിച്ചെടുക്കാൻ കുരുട്ടുബുദ്ധികൾക്കാവും എന്നുണ്ട്. പറയുന്നത് ഏതു കൊലകൊമ്പനായാലും തിരിച്ചു പറയേണ്ടത് ആ സമയത്തു തന്നെ കൊടുക്കുന്നതാണു നല്ലത് എന്ന അഭിപ്രായക്കാരനാണു ഞാൻ - എനിക്കതേ ഇഷ്ടവും ഉള്ളൂ. ബുഹുമാനമൊക്കെ അങ്ങ് ചവറ്റുകൊട്ടയിൽ ഇടേണ്ട സമയവുമാണത്!

തിരക്കഥ ചടുലമാണ്. ഉദ്ദ്വോഗത്തിന്റെ മുൾമുനയിലാണീ സിനിമയെ കൊണ്ടു പോകുന്നത്. അവസാനനിമിഷം വരെ അതു നിലനിർത്താനും സിനിമയ്ക്ക് പറ്റുന്നുണ്ട്. ആക്ഷൻ, പാട്ട് എന്നിവയും ധാരാളം ഉണ്ട്. സിനിമ തുടങ്ങുമ്പോൾ ഉള്ള ഗാനത്തിൽ പലരും വന്നു പോകുന്നു. എന്തിനധികം #കുമ്മനം വരെയുണ്ട്!! വിക്കിപീഡിയയെ വരെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. വിക്കന്മാരല്ലാത്തവർ അത് ശ്രദ്ധിച്ചെന്നു വരില്ല - എങ്കിലും ഉണ്ട്. മാറി വിരിയുന്ന രംഗങ്ങളൊക്കെയും ഉത്സവലഹരി പ്രധാനം ചെയ്യുന്നുണ്ട്.

കൊള്ളിക്കേണ്ടവരെയൊക്കെ മതിയാവോളം കൊള്ളിക്കുന്ന തരത്തിലാണ് രചന. ചാനൽ മുതലാളിമാരൊക്കെ ക്യാപ്റ്റൻ രാജുവിന്റെ ചിത്രവും വെച്ച് വാർത്തകൾ ഉണ്ടാക്കി നടത്തുന്ന മാധ്യമവ്യഭിചാരം കുറച്ചൊന്നുമല്ല അവരെ കൊള്ളിക്കുന്നത്!!

വെളിപാടിന്റെ പുസ്തകത്തോടുള്ള സാമ്യത ഈ സിനിമയെ ഒറ്റപ്പെടുത്താൻ ഉതകുന്നതല്ല. വേദികയായി വന്നെത്തുന്ന മഹിമ നമ്പ്യാരുടെ ഡാൻസ് മഹനീയം തന്നെ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ പാട്ടുപാടുമ്പോൾ ഉള്ള അഭിനയ രീതിയും ഇഷ്ടപ്പെട്ടു. എന്തു തന്നെയായാലും എനിക്ക് സിനിമ ഇഷ്ടപ്പെട്ടു; കുറ്റം പറയാനുമില്ല കൂടുതൽ പറയാനുമില്ല - ഒരു ക്രിസ്മസ്സ് ആഘോഷം! ആഗ്രഹിക്കുന്നവർ കാണുക.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License