Wednesday, May 16, 2012

കണ്ണൂർ വിശേഷങ്ങൾ...

എം എ പരീക്ഷയുടെ കാലം... 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം... കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ... ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്... രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി.

വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു... ഒരു ശനിയാഴ്‌ചയായിരുന്നു അതെന്നു തോന്നുന്നു, ഞായറാഴ്‌ച വിഷു, കൊല നടന്ന ദിവസവും വിഷുദിവസവും അവധിദിവസമായതിനാലാണെന്നു തോന്നി ഹർത്താൽ 15 ആം തീയതി തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെച്ചിരുന്നു...!! അവധി ദിവസങ്ങളിൽ ആരെങ്കിലും ഹർത്താൽ വെക്കുമോ!!

വിഷുദിനമായതിനാൽ സകല കടകളും അടങ്ങിരുന്നു, രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവരുമ്മെന്നു വിചാരിച്ചു. പക്ഷേ, ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തിയ വിനോദ് എന്നൊരാൾ (നുമ്മടെ കാവ്യാമാധവന്റെ റിലേറ്റീവാണ്) വന്ന് ആ പട്ടിണിയിൽ നിന്നും ഞങ്ങളെ രക്ഷിച്ചെടുത്തു...

കഥയിങ്ങനെ, ഞങ്ങൾ പട്ടിണിയിലാണെന്നു കണ്ട ഉടനേ പുള്ളി ടൗണിലെ ഓട്ടോതൊഴിലാളി യൂണിയന്റെ സെക്രട്ടറിയെ വിവരമറിയിച്ചു. പുള്ളിക്കാരൻ വന്ന്  കുറേ ഓട്ടോക്കാരേയും വിളിച്ച് ഞങ്ങളെ രണ്ടുപേരെ വെച്ച് ഓരോ വീട്ടിലേക്കായി അസൈൻ ചെയ്തു കൊടുത്തു. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഓട്ടോക്കാർ ഞങ്ങളുടെ വീടിനു മുമ്പിൽ എത്തും. വീട്ടിൽ വിഷുദിവസമായതിനാൽ സുഭിക്ഷമായിരുന്നു സദ്യ. പിറ്റേ ദിവസവും ഇതാവർത്തിച്ചു. അന്നു നിർത്തുമെന്നു ഞങ്ങൾ കരുതിയതാ, പക്ഷേ, പിന്നീട് ഞങ്ങൾ അവിടം വിട്ടുവരുന്നതുവരെ അവരായിരുന്നു ഞങ്ങൾക്ക് ഫുഡ് തന്നത്... വേണ്ടാന്ന് എത്രപറഞ്ഞാലും വീണ്ടും വീണ്ടും നിർബന്ധിക്കുന്ന ആ ഓട്ടോ തൊഴിലാളികളും അവരുടെ കുടുംബവും ഇപ്പോഴും മനസ്സിൽ ഉണ്ട്; മായാതെ... എന്തൊരു സ്നേഹമായിരുന്നു അവരുടെ മനസ്സിലും പെരുമാറ്റത്തിലും...

സ്നേഹിച്ചാൽ കണ്ണൂരുകാർ ഹൃദയം പറിച്ചുനൽകും!!
വഞ്ചിച്ചാൽ ചിലപ്പോൾ പറിച്ചെടുത്തെന്നുമിരിക്കും!!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License