Showing posts with label വിക്കിമീഡിയ. Show all posts
Showing posts with label വിക്കിമീഡിയ. Show all posts

Thursday, March 15, 2012

വിക്കിസംഗമോത്സവം 2012

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍ വെച്ച് 
നടക്കുകയാണ്.

മലയാളം വിക്കിമീഡിയ സംരഭങ്ങളുടെ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന  സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012.  ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും  വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും  ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.


വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും  വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും  മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള്‍ കാണുക. 
സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം  വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്‍, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.  പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ ഈ താള്‍ കാണുക.
മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ ഈ താള്‍ കാണുക. അവശ്യ പ്രബന്ധങ്ങള്‍ എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ. 


ഈ താളില്‍ നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക. 
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍ 
താല്പര്യമുണ്ടെങ്കില്‍ ഈ താളില്‍  പേര് ചേര്‍ക്കുക.  മറ്റ് സമിതികളിലും നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.

സംഗമോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും. 


രജിസ്ട്രേഷന്‍ താളില്‍ വിശദവിവരങ്ങള്‍ കാണാം. 


നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ ഈ താളില്‍ രേഖപ്പെടുത്തുമല്ലോ...

Thursday, March 01, 2012

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു


വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. 

അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു. 

ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.

നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. 'നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും' എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് 'ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ 'വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ' എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്.

ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.


Thursday, February 23, 2012

Wikimedia India Live Seach | വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

അറിവിന്റെ ലേകത്തെ പുത്തൻ സേർച്ചിങ് അനുഭവങ്ങളുമായി വിക്കിമീഡിയ ഇന്ത്യയുടെ സേച്ച് എഞ്ചിൻ എത്തിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഏത് വിക്കിമീഡിയ പ്രോജക്റ്റിലും അതാത് ഭാഷകളിൽ തെരയാൻ വളരെ എളുപ്പം സാധിക്കുന്ന രീതിയിലുള്ള നല്ലൊരു പൂമുഖം ഒരുക്കിയ വിക്കിമീഡിയ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ!! സൈറ്റിന്റെ url ഇതാണ് http://live.wikimedia.in ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷിലുള്ള വിക്കിമീഡിയ പ്രോജക്റ്റുകളും ഇതിൽ ലഭ്യമാണ്.

അറിവിന്റെ പുത്തൻ ദൃശ്യഭാഷ രചിച്ച വിക്കിമീഡിയയുടെ ഈ സൈറ്റ് ബുക്ക്മാർക്ക് ചെയ്തു വെയ്‌ക്കുക.



Wednesday, February 15, 2012

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു!!




മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2011 എപ്രിൽ 02 മുതൽ 25 വരെയുള്ള കാലയളവിൽ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. ഈ പദ്ധതിയിലൂടെ 2155 സ്വതന്ത്രചിത്രങ്ങൾ വിക്കികോമൺസിൽ നമ്മുടെ വകയായി ചേർക്കാൻ നമുക്കായി. 2011 ലെ പദ്ധതിചിത്രങ്ങൾ  ഇവിടെ കാണാം.

ഈ പദ്ധതിയുടെ രണ്ടാം ഭാഗം മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നപേരിൽ ഇന്നുമുതൽ രണ്ട് മാസത്തെ സമയ പരിധിവെച്ച് തുടങ്ങുകയാണ്.

ഈ പദ്ധതിയുടെ ഭാഗമാവാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൈവശമുള്ള താങ്കൾ എടുത്ത മനോഹരചിത്രങ്ങളെ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുക. പദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇവിടെ വിക്കിപേജിൽ കൊടുത്തിട്ടുണ്ട്. അതേ പേജിൽ പങ്കെടുക്കുന്നവർ എന്ന ഭാഗത്തായി താങ്കളുടെ പേരെഴുതി പദ്ധതിയുടെ ഭാഗമാവാൻ അഭ്യർത്ഥിക്കുന്നു. ആവശ്യമായ സഹായങ്ങൾക്ക് അതേ പേജിന്റെ സംവാദം പേജിലോ  അതിൽ പങ്കെടുക്കുന്ന ഏതെങ്കിലും വിക്കിപീഡിയനെയോടോ എഴുതി ചോദിക്കാവുന്നതാണ്. 

വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ
പെടുന്നവയാണ്.

   - കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
   - കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
   - കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
   - കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
   - കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
   - കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
   ചിത്രങ്ങൾ
   - ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ 
(ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)
എല്ലാവരേയും ഈ വിക്കിപദ്ധതിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു. സഹായം ആവശ്യയമുണ്ടങ്കിൽ help at mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ പേജിൽ വന്ന് സംശയങ്ങൾ ചോദിക്കുകയോ ആവാം.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License