Showing posts with label wikiconference. Show all posts
Showing posts with label wikiconference. Show all posts

Thursday, March 15, 2012

വിക്കിസംഗമോത്സവം 2012

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍ വെച്ച് 
നടക്കുകയാണ്.

മലയാളം വിക്കിമീഡിയ സംരഭങ്ങളുടെ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന  സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012.  ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും  വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും  ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.


വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും  വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും  മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള്‍ കാണുക. 
സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം  വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്‍, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.  പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ ഈ താള്‍ കാണുക.
മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ ഈ താള്‍ കാണുക. അവശ്യ പ്രബന്ധങ്ങള്‍ എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ. 


ഈ താളില്‍ നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക. 
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍ 
താല്പര്യമുണ്ടെങ്കില്‍ ഈ താളില്‍  പേര് ചേര്‍ക്കുക.  മറ്റ് സമിതികളിലും നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.

സംഗമോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും. 


രജിസ്ട്രേഷന്‍ താളില്‍ വിശദവിവരങ്ങള്‍ കാണാം. 


നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ ഈ താളില്‍ രേഖപ്പെടുത്തുമല്ലോ...

Tuesday, November 22, 2011

വിക്കികോൺഫറൻസ് ഇന്ത്യാ - മുബൈ

അങ്ങനെ അതു കഴിഞ്ഞു... നവംബർ 18, 19, 20 ദിവസങ്ങളിൽ മുംബൈയിൽ വിക്കി കോൺഫറൻസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മനസ്സിൽ ശേഷിക്കുന്നത് ഇത്രമാത്രം

  • ഒരു ചെറിയ ഭാഗമാണെങ്കിലും ആദ്യമായി മുബൈ കണ്ടു... ഓട്ടോറിക്ഷകളില്ലാത്ത, ബൈക്കുകൾ പേരിനു മാത്രം ഓടുന്ന പൊടിയോ പുകയോ തിരക്കോ ഇല്ലാത്ത നഗരം, പഴയ കെട്ടിടങ്ങൾ കൗതുകങ്ങളായി...
  • സംഘാടകരുടെ വീഴ്ചകൾ പലയിടങ്ങളിലും മുഴച്ചുനിന്ന ഒരു വിക്കി ഒത്തുചേരൽ...
  • വിക്കന്മാരേക്കാൾ കൂടുതൽ വിക്കിപീഡിയയിൽ ഒരു എഡിറ്റിങ് പോലും ചെയ്യാത്തവരും മുബൈ  കറങ്ങാൻ വന്നവരും ആയിരുന്നു കൂടുതൽ...
  • എന്തെങ്കിലുമൊക്കെ പറഞ്ഞ് അവസാനം വിക്കിപീഡിയയിൽ കൊണ്ടുവന്നു കെട്ടുന്ന തരത്തിലുള്ള പേപ്പേർസ് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
  • നന്നായി കസറിയ പല പ്രസന്റേഷനുകളും കേൾക്കാനും കാണാനും ആളില്ലാതെ പോയി, അതിലൊന്നായിരുന്നു രമേശന്റെ സർവവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും എന്ന പ്രസന്റേഷൻ...
  • ഹാളിലൊരിടത്തും ഇന്റർനെറ്റോ ലാപ്‌ടോപ്പ് ചാർജു ചെയ്യാൻ പവർ പോയിന്റുകളോ ഉണ്ടായിരുന്നില്ല...
  • ഭക്ഷണം ആദ്യ ദിവസം ഒഴികെ ബാക്കിയെല്ലാം തീരെ മോശമായി തോന്നി.
  • ഡിന്നർ എന്നും പറഞ്ഞ്, കൈയിൽ കുറ്റവാളികൾക്കെന്നപോലെ വിരിനിർത്തി ചാപ്പകുത്തി പബിൽ കേറ്റിയതിൽ കടുത്ത പ്രതിഷേധം തോന്നി...
  • അച്ചുവിലൂടെയും അശ്വനിലൂടെയും മലയാളത്തിൽ നല്ല വാർത്താപ്രാധാന്യം ഉണ്ടാക്കിയെടുക്കാനായി.
  • ശിവസേനക്കാർ ഭൂപടപ്രശ്നം ഏറ്റുപിടിച്ച് ധർണനടത്താൻ ഒത്തുകൂടിയത് അവസാന നിമിഷം ചീറ്റിപ്പോയെതു കഷ്ടമായിപ്പോയി...
  • വിശ്വോപീഡിയ എന്നു പറയാവുന്ന വിശ്വേട്ടനെ കാണാൻ സാധിച്ചു; കൂടാതെ നേരിൽ കണ്ടിട്ടില്ലാത്ത പല വിക്കന്മാരേയും കാണാൻ സാധിച്ചു...
  • മുബൈയാത്ര സുഖകരമായിരുന്നു, ട്രൈനിൽ പരിചയപ്പെട്ട ഒരു യാത്രക്കാരൻ തന്ന മുബൈചിത്രം ഒത്തിരി ഗുണം ചെയ്തു.
  • രണ്ടാം ദിവസം ഒരു മലയാളി വന്ന് നടത്തിയ പ്രശ്‌നോത്തരി സവിശേഷ ശ്രദ്ധയാകർഷിച്ചു; ആദ്യത്തെ ഉത്തരം പറഞ്ഞത് രമേശായിരുന്നുവെങ്കിലും പിന്നീട് വന്ന എല്ലാത്തിലും മലയാളം പ്രശ്‌നോത്തരിവീരന്മാർ മിഴിച്ചിരുന്നു പോയി...
  • സവിശേഷമായ പ്രതിഷേധപ്രകടനത്തിലൂടെ വിശ്വേട്ടൻ നടത്തിയ ഒറ്റയാൾ പോരാട്ടവും ശ്രദ്ധയാകർഷിച്ചു...
  • അവസാനദിവസം കാണാൻ പോയ Prince of Wales മ്യൂസിയത്തിലെ കാഴ്‌ചകൾ വിസ്‌മയാവഹമായി, പ്രത്യേകിച്ച് വിവിധ ജീവജാലങ്ങളെ സ്റ്റഫ് ചെയ്തു വെച്ചഭാഗം.
ആദ്യമായി നടത്തുന്ന കോൺഫറൻസ് എന്ന ന്യായം വെച്ച് നമുക്കിതിലെ വീഴ്‌ചകളെ മറക്കാം, അടുത്ത കോൺഫറൻസിൽ ഈ വീഴ്‌ചകളെ ഉൾക്കൊണ്ട് QRCode ഇല്ലാത്ത ഒരു രജിസ്‌ട്രേഷനിലൂടെ തന്നെ നമുക്ക് വിക്കികോൺഫറൻസ് നടത്താനാവണം.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License