Tuesday, January 03, 2017

January 03, 2017 at 05:38AM

#പ്രണയകാലം
ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളും
എഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു

#അവസാനത്തെ കവിത, ചിന്താഭാരം, പ്രണയം


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License