Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Tuesday, July 23, 2013

ദുരന്തം കാതോർത്തൊരു ജില്ല - കാസര്‍ഗോഡ്‌

കത്താന്‍ കാത്തിരിക്കുകയാണ് കാസര്‍ഗോഡ്‌..!!! ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങിയ നിഷ്കളങ്കരായ ഒരു ജനത ഇവിടെ ശവശരീരങ്ങളായി അടിഞ്ഞു കൂടുന്ന ദിവസം വിദൂരമല്ല! ഇരു വിഭാഗങ്ങളിലെയും ചില വിഷബീജങ്ങൾ അതിനുള്ള ഉള്ളൊരുക്കങ്ങള്‍ അണിയറയിൽ ഗംഭീരമാക്കുന്നുണ്ട്! സമീപകാല പത്രവാർത്തകൾ നൽകുന്ന ചിത്രമതാണ്. ഉണര്‍ത്തെഴുനേല്‍ക്കണം നമ്മള്‍; അല്ലെങ്കില്‍ മറ്റൊരു ഗുജറാത്തും, ഭഗല്‍പ്പൂരും, മീറത്തുമെല്ലാം നമ്മുടെ മലയാള മണ്ണില്‍ ആവര്‍ത്തിക്കും.... തീര്‍ച്ച....! എല്ലാ മതങ്ങളിലുമുണ്ട് മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്ന വ്യാജസംരക്ഷകര്‍... ഇവരെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തുക മതസൗഹാര്‍ധം കാത്തുസൂക്ഷിക്കുക....!

എല്ലാ മതങ്ങളെയും, മതാചാരങ്ങളെയും ബഹുമാനിക്കാൻ അറിയുന്ന ഒരു ജനവിഭാഗമായി നമ്മൾ മാറണം... ഒരു മതാചാരവും മറ്റു മതസ്ഥരെയോ അവരുടെ മത ചിന്ഹങ്ങളെയോ ദ്രോഹിക്കാന്‍ വേണ്ടിയിട്ടുള്ളതല്ല... നമ്മളെന്തിനാണിത്രയ്ക്ക് അസഹിഹ്ണുത വെച്ചു പുലർത്തുന്നത്? ഇത്രയും നാൾ കാത്തുവെച്ച ആ നല്ല സാഹോദര്യത്തിന്റെ പ്രശ്നങ്ങളെന്തായിരുന്നു? മതങ്ങളല്ല മനുഷ്യരാണു വലുതെന്ന് തിരിച്ചറിഞ്ഞ് ഒന്നിക്കണം... എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് ഒന്നു മാത്രമാണ് - "മനുഷ്യ നന്മ" മനസ്സില്‍ നന്മയുണ്ടാവുക... അത് പ്രകടിപ്പിക്കുക....!

നാടിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗീയ കോമരങ്ങള്‍ക്കെതിരെ ഒന്നിച്ചു പട നയിക്കാം... സംരക്ഷിക്കാം നമുക്ക് ഈ മലയാള മണ്ണിന്‍റെ മതേതരത്വം....! നമുക്കു ശേഷവും ഇവിടെ ജീവിതങ്ങളുണ്ടാവണം, ഇതേ സാഹോദര്യത്താൽ അവരുമിവിടെ പുലരണം...അതിനായി മനസ്സിൽ അർബുദം ബാധിച്ച ഓരോ വിഷാണുവിനേയും ഒറ്റപ്പെടുത്തണം...

പ്രിയരേ ചിന്തയിലും പ്രവൃത്തിയിലും മിതത്വം സൂക്ഷിച്ചുവെച്ചു മാത്രം പ്രതികരിക്കുക... വലിയൊരാപത്താണു നമ്മെ വന്നു മൂടാൻ പോകുന്നത്. ഒരുപക്ഷേ, ഒരിക്കലും മാറാത്ത മുറിവായി അതു മാറിയേക്കാം. ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

മതത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടൂപ്പിനായി ഒരുങ്ങിയിറങ്ങിയവരാണു ചിലർ. അവർ പറയാൻ പഠിച്ചവരാണ്... വാക്കിൽ തേൻ പുരട്ടി അവർ നമ്മുടെ ചിന്താമണ്ഡലത്തിൽ വിഷവിത്തുകൾ നിറയ്ക്കും മുമ്പ് അവരെ കണ്ടെത്തണം; ഒറ്റപ്പെടുത്തണം. മതവും രാഷ്ട്രീയവും മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാൻ അവരെ പ്രേരിപ്പിക്കണം. സമീപകാല പ്രശ്നങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. തൊഴിലില്ലായ്മ പെരുകുമ്പോൾ; കൈയിൽ ചെലവഴിക്കാൻ കണക്കിലധികം കാശു വരുമ്പോൾ എല്ലാമറന്ന് ഭീകരതയുടെ കയങ്ങളിലേക്ക് ഇറങ്ങി വീടിനും സമൂഹത്തിനും ആപത്തായി മാറുകയാണു യുവത! സ്വന്തം ഭാവിയെ പറ്റി ഓർക്കാതെ, തലമുറയെ പറ്റി ചിന്തിക്കാതെ അവർ എടുത്തുചാടുന്ന സങ്കീർണതകൾ ഒരു നാടിന്റെ തന്നെ നിലനില്പിനെയാണു ബാധിക്കുക എന്ന തിരിച്ചറിവ് അറിവുള്ളവർ പറഞ്ഞുകൊടുക്കുക.

നല്ലതിനായി നമുക്കു പ്രത്യാശിക്കാം; പ്രതീക്ഷിക്കാം!

Wednesday, February 22, 2012

പാതിരി നൽകിയ പാഠം!

നമ്മുടെ ഗവണ്‍‌മെന്റിനെ സ്വാധീനിക്കാന്‍ ഒരു പാതിരിക്ക് പറ്റും എന്നു പറഞ്ഞപ്പോള്‍ ഇത്ര ഞെട്ടിത്തെറിക്കാന്‍ ഒന്നുമില്ല! കേരളം ഭരിക്കുന്നതുതന്നെ ക്രിസ്ത്യാനിയും മുസ്ലീമും നായരും നാടാരും ഈഴവനും ദളിതനുമൊക്കെയല്ലേ!! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീതം വെച്ച് കലഹിച്ചത് ഇത്രപെട്ടന്നെല്ലാവരും മറന്നോ? തന്റെ ജാതിയുടെ പേരുപറഞ്ഞ് മന്ത്രി സ്ഥാനം തട്ടിയെടുത്ത വിരുതനും ഒരു സീറ്റുകൂടി തന്നില്ലെങ്കില്‍ ബാക്കിയുള്ള തങ്ങളുടെ എം.എൽ. എ മാരേയും പിൻവലിക്കും എന്നു പറഞ്ഞവരും ഒക്കെ ഭരിക്കുന്ന നമ്മുടെ ഗവൺമെന്റിന്റെ ജനഹിതം ഊഹിക്കാവുന്നതേ ഉള്ളൂ.

നമ്മുടെ യഥാർത്ഥ പ്രശ്നം ഇങ്ങനെ വർഗം തിരിങ്ങുള്ള പക്ഷപാതം തന്നെയല്ലേ, ക്രിസ്ത്യാനിയെന്നും മുസ്ലീമെന്നും നായരെന്നും ഈഴവനെന്നുമൊക്കെ പറഞ്ഞ് ഭിന്നിച്ചു നിൽക്കുന്നതല്ലേ ശരിക്കും പ്രശ്നം? ഇതിൽ നിന്നുള്ള ഒരു മോചനം ഇനി സാധ്യമാവുമോ? സാധ്യമാവാൻ എന്തെങ്കിലും മാർഗമുണ്ടോ? ഗവണ്മെന്റ് തന്നെയാണ് അതിനായി ആദ്യചുവട് വെയ്ക്കേണ്ടത്.
ഇതിനായി
  • SSLC, PSC പരീക്ഷകൾ, ജോലി തുടങ്ങിയവയെ ജാതി/മത വിമുക്തമാക്കുക,
  • ജാതിയുടെ/മതത്തിന്റെ പേരിലുള്ള സകലവിധ സംവരണങ്ങളും നിർത്തലാക്കുക; പകരം സാമ്പത്തികനില നോക്കിയുള്ള സംവരണം കൊണ്ടുവരിക,
  • പേരിൽ ജാതി സൂചിപ്പിക്കുന്നവരെ ഗവണ്മെന്റ് ജോലികളിൽ നിന്നും മാറ്റി നിർത്തുകയോ കുറഞ്ഞ പരിഗണന നൽകുകയോ ചെയ്യുക, ചിന്തിച്ചാൽ ഇതുപോലെ നിരവധി മാർഗങ്ങൾ തെളിഞ്ഞുവരും.
ഇങ്ങനെ ഇപ്പോൾ ചെയ്താൽ ഒരു തലമുറ കഴിയുമ്പോൾ തന്നെ അതിന്റെ ഫലം കണ്ടുതുടങ്ങുമെന്നു കരുതുന്നു. ജാതിമതങ്ങൾക്കതീതരായ് ഒന്നാണെന്ന ബോധം കേരളീയർക്കെങ്കിലും കിട്ടുമായിരുന്നു :(

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License