Tuesday, July 23, 2013

ദുരന്തം കാതോർത്തൊരു ജില്ല - കാസര്‍ഗോഡ്‌

കത്താന്‍ കാത്തിരിക്കുകയാണ് കാസര്‍ഗോഡ്‌..!!! ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങിയ നിഷ്കളങ്കരായ ഒരു ജനത ഇവിടെ ശവശരീരങ്ങളായി അടിഞ്ഞു കൂടുന്ന ദിവസം വിദൂരമല്ല! ഇരു വിഭാഗങ്ങളിലെയും ചില വിഷബീജങ്ങൾ അതിനുള്ള ഉള്ളൊരുക്കങ്ങള്‍ അണിയറയിൽ ഗംഭീരമാക്കുന്നുണ്ട്! സമീപകാല പത്രവാർത്തകൾ നൽകുന്ന ചിത്രമതാണ്. ഉണര്‍ത്തെഴുനേല്‍ക്കണം നമ്മള്‍; അല്ലെങ്കില്‍ മറ്റൊരു ഗുജറാത്തും, ഭഗല്‍പ്പൂരും, മീറത്തുമെല്ലാം നമ്മുടെ മലയാള മണ്ണില്‍ ആവര്‍ത്തിക്കും.... തീര്‍ച്ച....! എല്ലാ മതങ്ങളിലുമുണ്ട് മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്ന വ്യാജസംരക്ഷകര്‍... ഇവരെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തുക മതസൗഹാര്‍ധം കാത്തുസൂക്ഷിക്കുക....!

എല്ലാ മതങ്ങളെയും, മതാചാരങ്ങളെയും ബഹുമാനിക്കാൻ അറിയുന്ന ഒരു ജനവിഭാഗമായി നമ്മൾ മാറണം... ഒരു മതാചാരവും മറ്റു മതസ്ഥരെയോ അവരുടെ മത ചിന്ഹങ്ങളെയോ ദ്രോഹിക്കാന്‍ വേണ്ടിയിട്ടുള്ളതല്ല... നമ്മളെന്തിനാണിത്രയ്ക്ക് അസഹിഹ്ണുത വെച്ചു പുലർത്തുന്നത്? ഇത്രയും നാൾ കാത്തുവെച്ച ആ നല്ല സാഹോദര്യത്തിന്റെ പ്രശ്നങ്ങളെന്തായിരുന്നു? മതങ്ങളല്ല മനുഷ്യരാണു വലുതെന്ന് തിരിച്ചറിഞ്ഞ് ഒന്നിക്കണം... എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് ഒന്നു മാത്രമാണ് - "മനുഷ്യ നന്മ" മനസ്സില്‍ നന്മയുണ്ടാവുക... അത് പ്രകടിപ്പിക്കുക....!

നാടിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗീയ കോമരങ്ങള്‍ക്കെതിരെ ഒന്നിച്ചു പട നയിക്കാം... സംരക്ഷിക്കാം നമുക്ക് ഈ മലയാള മണ്ണിന്‍റെ മതേതരത്വം....! നമുക്കു ശേഷവും ഇവിടെ ജീവിതങ്ങളുണ്ടാവണം, ഇതേ സാഹോദര്യത്താൽ അവരുമിവിടെ പുലരണം...അതിനായി മനസ്സിൽ അർബുദം ബാധിച്ച ഓരോ വിഷാണുവിനേയും ഒറ്റപ്പെടുത്തണം...

പ്രിയരേ ചിന്തയിലും പ്രവൃത്തിയിലും മിതത്വം സൂക്ഷിച്ചുവെച്ചു മാത്രം പ്രതികരിക്കുക... വലിയൊരാപത്താണു നമ്മെ വന്നു മൂടാൻ പോകുന്നത്. ഒരുപക്ഷേ, ഒരിക്കലും മാറാത്ത മുറിവായി അതു മാറിയേക്കാം. ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

മതത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടൂപ്പിനായി ഒരുങ്ങിയിറങ്ങിയവരാണു ചിലർ. അവർ പറയാൻ പഠിച്ചവരാണ്... വാക്കിൽ തേൻ പുരട്ടി അവർ നമ്മുടെ ചിന്താമണ്ഡലത്തിൽ വിഷവിത്തുകൾ നിറയ്ക്കും മുമ്പ് അവരെ കണ്ടെത്തണം; ഒറ്റപ്പെടുത്തണം. മതവും രാഷ്ട്രീയവും മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാൻ അവരെ പ്രേരിപ്പിക്കണം. സമീപകാല പ്രശ്നങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. തൊഴിലില്ലായ്മ പെരുകുമ്പോൾ; കൈയിൽ ചെലവഴിക്കാൻ കണക്കിലധികം കാശു വരുമ്പോൾ എല്ലാമറന്ന് ഭീകരതയുടെ കയങ്ങളിലേക്ക് ഇറങ്ങി വീടിനും സമൂഹത്തിനും ആപത്തായി മാറുകയാണു യുവത! സ്വന്തം ഭാവിയെ പറ്റി ഓർക്കാതെ, തലമുറയെ പറ്റി ചിന്തിക്കാതെ അവർ എടുത്തുചാടുന്ന സങ്കീർണതകൾ ഒരു നാടിന്റെ തന്നെ നിലനില്പിനെയാണു ബാധിക്കുക എന്ന തിരിച്ചറിവ് അറിവുള്ളവർ പറഞ്ഞുകൊടുക്കുക.

നല്ലതിനായി നമുക്കു പ്രത്യാശിക്കാം; പ്രതീക്ഷിക്കാം!



ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License