ഒന്നുമില്ലായിമയിൽ നിന്നും തീവ്രമായ വികാരതീഷ്ണയാൽ ഉയർന്നു വന്നൊരു ശക്തിയാണ് അശ്വത്ഥാമാവ്. കുഞ്ഞായിരുന്നപ്പോൾ, പാലു വാങ്ങിച്ചു കൊടുക്കാൻ പോലും പ്രാപ്തിയില്ലാത്ത സ്വപിതാവിനാൽ അരിമാവ് കലക്കിക്കൊടുത്ത് പാലെന്നെ വ്യാജേന കുടിച്ചൊരു ചരിത്രം അശ്വത്ഥാമാവിനുണ്ടായിരുന്നു. നിഗൂഢമായ പല ഉപദേശങ്ങളും പിതാവിൽ നിന്നും സ്വാംശീകരിച്ച് വളർന്നവനാണ് അശ്വത്ഥാമാവ്. കൂടെ അർജ്ജുനനുണ്ടായിരുന്നെങ്കിൽ പോലും നിഗൂഢവിദ്യകളിൽ കേമൻ അശ്വത്ഥാമാവാണെന്ന് വ്യാസമഹർഷി തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ട്. വെറുമൊരു പുൽക്കൊടിത്തുമ്പിനെ പോലും ബ്രഹ്മശിരസ്സു പോലൊരു ദിവ്യാസ്ത്രമാക്കി തൊടുത്തുവിടാൻ പര്യാപ്തമായിരുന്നു അവന്റെ നിഗൂഢവിദ്യകൾ!! അതവൻ ഭീമനിലൂടെ പാണ്ഡവർക്കു നേരെ പ്രയോഗിക്കുന്നുമുണ്ട്.
ഭാരതയുദ്ധത്തിൽ, പതിനെട്ടാം നാളിൽ പാണ്ഡവപക്ഷത്തിനു വൻ നാശനഷ്ടങ്ങൾ വരുത്തിവെച്ചവനാണ് സേനാപതിയായ അശ്വത്ഥാമാവ്. പതിനെട്ടാം നാളിൽ ദുര്യോധനൻ മരണാസന്നനായപ്പോൾ പാണ്ഡവർ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു! ആയുധത്തിൽ മാത്രമല്ല, അശ്വത്ഥാമാവിന്റെ വാക്കിലും നോക്കിൽ പോലും ക്രൗര്യമുള്ളൊരു കാലൻ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം കൃഷ്ണനറിയാമായിരുന്നു. ഒരിക്കൽ സർവ്വനാശിയായ സുദർശനചക്രം തന്നെ കരസ്ഥമാക്കുവാൻ അശ്വത്ഥാമാവ് പരിശ്രമിച്ചത് കൃഷ്ണൻ മറക്കില്ല.
പാണ്ഡവ പുത്രന്മാരേയൊക്കെ കൊന്നൊടുക്കി പാണ്ഡവർക്കൊരു പിൻഗാമിയെപോലും അവശേഷിപ്പിക്കാതെ തന്നെ ലക്ഷ്യം സ്ഥാപിച്ചെടുത്തവിവരം മരണാസന്നനായ സുയോധനനെ പകയുടേയും, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പര്യായമായ അശ്വത്ഥാമാവ് പതിനെട്ടാം ദിവസം വൈകിയ സമയത്ത് അറിയിക്കുന്നുണ്ട്. പക കത്തിജ്വലിച്ച അശ്വത്ഥാമാവ് അന്നു രാത്രി തന്നെ ബാക്കിയായ പാണ്ഡവരേയും ചതിച്ചുകൊല്ലാൻ തീരുമാനിച്ചിക്കുന്നു. ചതിപ്രയോഗങ്ങളുടെ മൂർത്തിയായ ശ്രീ കൃഷ്ണൻ മാത്രമായിരുന്നു പാണ്ഡവരുടെ സുരക്ഷ. കൃഷ്ണൻ പാണ്ഡവരെ രക്ഷിക്കുന്നുമുണ്ട്. അശ്വത്ഥാമാവിനു സങ്കടംപോലും വന്നത് ധർമ്മിഷ്ഠനായ അച്ഛനെ ചതി പ്രയോഗത്തിൽ കൂടി അർജ്ജുനൻ കൊന്നതിൽലായിരുന്നില്ല. ധർമ്മനിഷ്ഠയിൽ അണുവിട മാറാത്ത സുയോധനനെ കൃഷ്ണബുദ്ധിയാൽ ഭീമൻ ചതിച്ചു വീഴ്തിയതിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഘബോധത്തിന്റെ മാസ്മരികവലയത്തിൽ കൂടെ നടന്ന ഒരാളുടെ അപമൃത്യു പിതൃനാശത്തേക്കാൾ തീഷ്ണമായി ജ്വലിക്കുന്നതാണിവിടം.
വിദ്വേഷത്തിന്റെ ആൾരൂപമായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ കൊല്ലുന്നതൊക്കെ അന്നത്തെ രീതിയിൽ ഏറെ നീചമായ രീതിയിൽ ചവിട്ടിയരച്ചുകൊണ്ടായിരുന്നു. ആയുധം കൊണ്ട് കൊല്ലണമെന്നും ഞാനങ്ങനെ പെരുമയോടുകൂടി മരിച്ചു കൊള്ളാമെന്ന് ധൃഷ്ടദ്യുമ്നൻ അശ്വത്ഥാമാവിനോടപേക്ഷിച്ചിട്ടു പോലും അവനത് കേട്ടില്ല. ചെറു ചിരിയാൽ ചവിട്ടി ചവിട്ടി കൊല്ലുകയാണു ചെയ്തത്! ശിഖണ്ഡിയെ ഒക്കെ കൊന്നത് കേവലം പശുവിനെ കൊല്ലുന്നതു പോലെ നീചമായിട്ടു തന്നെയാണെന്ന് അശ്വത്ഥാമാവ് പിന്നീട് സുയോധനനോടു പറയുന്നുണ്ട്. “ആ ചെറ്റയായ ശിഖണ്ഡിയെ അപ്രകാരം കൊന്നതിനാൽ ഞാനേറെ സന്തോഷിക്കുന്നു; അതുകൊണ്ടുതന്നെ ഇപ്പോൾ ദേവന്ദ്രനായി മാറിയതു പോലെ തോന്നുന്നു” എന്നും പറഞ്ഞാണ് ദുര്യോധനൻ കണ്ണൂകളടച്ച് വിട പറയുന്നതു തന്നെ.
(മരണശേഷം സ്വർഗലോകം പുൽകുന്നത് സുയോധനനും, പാണ്ഡവരിൽ ഒന്നാമൂഴക്കാരനെങ്കിലും വെറുമൊരു പ്രതിഷ്ഠപോലെ നിശ്ചേതനായ, ധർമ്മരാജാവിന്റെ മാനുഷികാവതാരമായ ധർമ്മപുത്രരും മാത്രമാണ്. ആരെയും ശത്രുവായി പോലും കാണാൻ സാധിക്കാത്ത അജാതശത്രു എന്ന പേരിനുടമ കൂടിയാണു ധർമ്മപുത്രർ.)
പുൽക്കൊടി തുമ്പിനെ പോലും അണുവായുധമാക്കാൻ അന്നറിവുണ്ടായിരുന്ന രണ്ടുപേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ - അർജ്ജുനനും അശ്വത്ഥാമാവും. ജനകോടികൾക്ക് നേരെ അതൊരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണത്. ഇന്നത്തെ വർഗീയവിഷം പോലെ ചടുലമായ വികാരം!! ഇന്നത്തെ ഭാഷയിൽ വർഗീയത എന്നു പറയാമെങ്കിലും അന്നതിനു പേര് ബ്രഹ്മശിരസ്സെന്നായിരുന്നു. ഈ വിഷം അടങ്ങിയിരിക്കുന്നത് അശ്വത്ഥാമാവിന്റെ തലയിലാണെന്ന് ഏവർക്കുമറിയാം.
ഭാരതയുദ്ധാനന്തരം, അശ്വത്ഥാമാവിന്റെ ചതിയിലൂടെ കൂടാരത്തിൽ മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കാരണക്കാരനായ അശ്വത്ഥാമാവിന്റെ തല പൊളിച്ച് ആ വിഷം പുറത്തെടുത്തു കളയുഞ്ഞ് അശ്വത്ഥാമാവിനെ കൊല്ലണം എന്ന് ദ്രൗപതി ശഠിച്ചു!! മുമ്പ്, പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗകന്ധികം തേടിപ്പോയ രണ്ടാമൂഴക്കാരനായ ഭീമൻ തന്നെ ആ പ്രതിജ്ഞ ശിരസാവഹിക്കുന്നു. അനുജനായ നകുലനെ തേരാളിയാക്കി, അശ്വത്ഥാമാവിനെ കൊന്ന് തലപിളർന്ന് ആ വിഷസൂചി എടുക്കാൻ തന്നെ ഭീമൻ തീരുമാനിച്ച് യാത്രയാവുന്നു. പക്ഷേ, പകയുടേയും വെറുപ്പിന്റേയും കൊടുമുടിയായ അശ്വത്ഥാമാവിനു മരണമില്ലെന്ന് സൂത്രശാലിയായ കൃഷ്ണനറിയാമായിരുന്നു. കൃഷ്ണൻ അർജ്ജുനനേയും മറ്റുള്ളവരേയും കൂട്ടി ഭീമന്റെ പുറകേ യാത്രയായി. ഇതിനു കാരണമുണ്ട്; ഇവിടെ ഭീമൻ രക്ഷപ്പെടില്ല, മനുഷ്യ കുലത്തിനു നേരെ തൊടുക്കാൻ പാടില്ലാത്ത വിഷാണുക്കൾ അശ്വത്ഥാമാവ് ഭീമനു നേരെ പ്രയോഗിച്ച് മരണം ഭീമനു സ്വന്തമാക്കുമെന്ന് കൃഷ്ണനറിയാമായിരുന്നതും, ഇതേ ആയുധം സ്വന്തമായിട്ടുള്ള കൃഷ്ണന്റെ കളിപ്പാട്ടമായ അർജ്ജുനന് അതുതന്നെ തിരിച്ചു പ്രയോഗിച്ച് തടസം സൃഷ്ടിക്കാമെന്നും കൃഷ്ണൻ കരുതുന്നുണ്ട്.
വ്യാസാശ്രമത്തിനു വെളിയിലായി ഭീമൻ അശ്വത്ഥാമാവിനെ കാണുന്നു. എല്ലാവരേയും ചുറ്റുവട്ടത്തിൽ കണ്ട് പേടിച്ചുവിരണ്ട അശ്വത്ഥാമാവ് ഒരു കുഞ്ഞു ദർഭപ്പുല്ലിലേക്ക് ബ്രഹ്മശിരസ്സെന്ന ആ അണുവായുധത്തെ ആവാഹിച്ച് പാണ്ഡവർ നശിക്കട്ടെയെന്ന് ആജ്ഞാപിച്ച് തൊടുക്കുന്നു! ഭീമനു മാത്രമല്ല മരണം!! പാണ്ഡവരിലെ ശേഷിക്കുന്ന എല്ലാവരും മരണത്തിനു കീഴടങ്ങേണ്ടി വരും! അശ്വത്ഥാമാവ് പറഞ്ഞത് അപ്രകാരമായിരുന്നു. ഇതുകണ്ട കൃഷ്ണൻ അർജ്ജുനനെ പ്രേരിപ്പിച്ച് അതേ അസ്ത്രം തന്നെ തിരിച്ചു തൊടുക്കാൻ പ്രേരിപ്പിക്കുന്നു!
അസ്ത്രങ്ങൾളേറ്റുമുട്ടുന്നു!! പ്രകൃതിയാകെ വിറച്ചു തുള്ളി! ദുർനിമിത്തങ്ങൾ വരെ മിന്നി മറിഞ്ഞു!! ഇന്ന്, മയിലിന്റെ കണ്ണീരു വരെ ശുക്ലമാണെന്നു വ്യാഖ്യാനിക്കുന്നതു പോലെ, പശുവിന്റെ ഉച്ഛ്വാസത്തിൽ വരെ മനുഷ്യകുലത്തിന്റെ പ്രാണവായു ഉണ്ടെന്നു പറയും പോലെ ദുർനിമിത്തങ്ങളുടെ പ്രളയമായിരുന്നു അന്ന്. വസിഷ്ഠൻ, വിശ്വാമിത്രൻ, വ്യാസൻ തുടങ്ങിയവരൊക്കെ ഓടിയണഞ്ഞു, ഇത് വർഗീയവിഷമാണ്, ആണവായുധം പോലെ സർവ്വനാശമാണ് വരുത്തുക. ഒരാളുടെ കുഞ്ഞു മനസ്സിലേക്കു വരെ ഇത് കയറിക്കൂടിയാൽ മരണം വരെ ഇത് വ്യത്യസ്ഥഭാവങ്ങളിൽ കത്തിജ്ജ്വലിക്കും, പടർന്നു പിടിക്കും!! രാജ്യത്തിന്റെ സർവ്വനാശമായിരിക്കും ഫലം. പിൻവലിച്ചേ മതിയാവൂ...
തൊടുത്തു വിട്ട ബ്രഹ്മശിരസ്സ് പിൻവലിക്കാൻ സാധാരണക്കാർക്ക് പറ്റില്ല; നിയതവ്രതനും സർവ്വഭൗമനുമായ ഒരാൾക്കു മാത്രമേ അതു സാധിക്കുകയുള്ളൂ. അർജ്ജുനൻ പറഞ്ഞു, “ഞാനിത് പിൻവലിച്ച് ലോകനന്മയ്ക്ക് കൂട്ടു നിൽക്കാം; പക്ഷേ, അതൊരു പരാജയമായി കാണരുത്, പകരം മരണത്തിനു ഞങ്ങളെ വിട്ടുകൊടുക്കാതെ നിങ്ങൾ കാത്തു നിൽക്കണം, അല്ലെങ്കിൽ അവനതു പിൻവലിക്കണം.” അപ്രകാരം പറഞ്ഞ്, അർജ്ജുനൻ ആ വിഷബീജം പിൻവലിച്ചു! പക്ഷേ, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ആൾരൂപമായ അശ്വത്ഥാമാവിനത് സാധിക്കാതെ വന്നു, അസ്ത്രത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ മാത്രമേ പറ്റുകയുള്ളൂ.
അർജ്ജുനപുത്രനായ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗർഭത്തിൽ അപ്പോൾ ഒരു കുഞ്ഞുണ്ട്, ഉത്തര പ്രസവിക്കാൻ തയ്യാറായി നിൽക്കുന്ന ഗർഭിണിയാണ്. പാണ്ഡവരുടെ മക്കളില്ലെങ്കിലും അഭിമന്യുവിന്റെ കുഞ്ഞായ ഈ ഭ്രൂണം പാണ്ഡവരുടെ പിൻഗാമിയായി ജനിക്കേണ്ടതാണ്!! ഭ്രൂണഹത്യ നടത്താൻ തന്നെ അശ്വത്ഥാമാവ് തീരുമാനിക്കുന്നു!!
ത്രീശൂലം കൊണ്ട് പൂർണഗർഭിണിയുടെ ഗർഭം തുരന്നെടുക്കുന്ന കഥകൾ നമുക്ക് പരിചിതമാണല്ലോ! അശ്വത്ഥാമാവും പണ്ടിതുതന്നെ ചെയ്തു. പാണ്ഡവരുടെ ഇനി വരാനിരിക്കുന്ന ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണെന്ന് അശ്വത്ഥാമാവിനറിയാം. പാണ്ഡവകുലം മുടിക്കാൻ ആ ഗർഭത്തെ പോലും കുത്തിയെടുക്കുക മാത്രമേ രക്ഷയുള്ളൂ എന്നും അവനറിയാം. അശ്വത്ഥാമാവ് ചെറു പുഞ്ചിരിയോടെ അത് ചെയ്യുന്നു. പാണ്ഡവർ അഞ്ചുപേർ ആ അസ്ത്രമേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഗർഭസ്ഥശിശുവായ പരിക്ഷിത്ത് മരണത്തെ പുൽകുന്നു. പിൻഗാമികളില്ലാതെ പണ്ഡവർ മൂകരാവുന്നു!
തുടർന്ന്, വ്യാസന്റെ അജ്ഞ പ്രകാരം, അടുത്ത രാജ്യാധികാരികളായ പാണ്ഡവർക്കായിട്ട് അശ്വത്ഥാമാവ്, തന്റെ തലയിലെ ആ വിഷാംശം തുരന്നെടുത്ത് ഭീമന്റെ കൈയ്യിൽ വെച്ചു കൊടുക്കുന്നു. ഇത് കണ്ട കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിക്കുന്നുമുണ്ട്. ആ ശാപവചസ്സുകൾ പ്രസിദ്ധമാണ്...
“ഭ്രൂണഹത്യ നടത്തിയവൻ എന്ന് അറിയപ്പെടുന്ന നിന്നെ ശേഷക്കാർ ദുഷ്ടനെന്നു മാത്രമേ വിളിക്കുകയുള്ളൂ; ബുദ്ധിയുള്ളവർ നിന്നെ മഹാപാപിയെന്നു വിളിക്കും. നിന്റെ ശരീരത്തിലെ സകലമാല വ്യാധികളും പടർന്നു പന്തലിക്കും, ഭൂലോകാവസാനം വരെ നീ ഈ ലോകത്ത് അലഞ്ഞ് തിരിയേണ്ടി വരും. ഭ്രൂണത്തിനു ജീവൻ നൽകാൻ എനിക്കു പറ്റും, അവൻ അടുത്ത കുരുവംശരാജാവായി നിനക്ക് കാണാനും സാധിക്കും..."
അശ്വത്ഥാമാവ് വ്യാസന്റെ കയ്യും പിടിച്ച് വനാന്തരത്തിലേക്ക് കയറി. പകയും വിദ്വേഷവും വെറുപ്പും മുഖമുദ്രയാക്കി അശ്വത്ഥാമാവ് നമുക്കിടയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്. ഭ്രൂണഹത്യാപതിയായ അവൻ ഹൃദയങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുന്നു. മരണമില്ലാത്ത യാത്രയാണത്!! പക, വിദ്വേഷം, വെറുപ്പ് ഇവയിലേതെങ്കിലും വായനക്കാരുടെ മനസ്സിലുണ്ടെങ്കിൽ കരുതിക്കോളൂ, അത് മറ്റാരുമല്ല ചിരഞ്ചീവിയായ അശ്വത്ഥാവു തന്നെയാണ്. മരണമില്ലാതെ അവനലഞ്ഞു നടക്കും... രണ്ടാമൂഴക്കാരായ നമ്മുടെ കൈയിലേക്ക് തലതുരന്നെടുത്ത് ആ വിഷാണുക്കൾ അവൻ പകർന്നു തരും. നമ്മളെ പോലാവരുത് നമ്മുടെ മക്കളെങ്കിലും... ആ വിഷവിത്ത് നമ്മിലൂടെ അവസാനിപ്പിക്കണം!! ഒന്നാമൂഴക്കാർ അചേതനർ മാത്രമാണ്. സ്വർഗലോകം അവർക്കു മാത്രമുള്ളതാണ്. അവരെ നാളെ കാലം വാഴ്ത്തിയേക്കും. അവരുടെ കളിപ്പാട്ടമായി മാറി, വേഷം കെട്ടുകളിൽ ഏർപ്പെടാതെ മാറിനടക്കുന്നതല്ലേ ഭേദം!
ബ്രഹ്മശിരസ്സ്
മഹാഭരതത്തിൽ, അർജ്ജുനനും അശ്വത്ഥാമാവിനും മാത്രമറിയുമായിരുന്ന തീഷ്ണവും ഭയാനകവുമായ വിദ്യയാണിത്. ഇന്നത്തെ ഭാഷയിൽ ഇതിനെ അണുവായുധമെന്നോ വർഗീയവിഷം എന്നോ വിളിക്കാം. ഇത് മനുഷ്യകുലത്തിൽ പാടില്ലാത്ത വിദ്യയാണ്. ഒരിക്കൽ പോലും മനുഷ്യർക്കിടയിൽ ഈ വിഷാണുക്കൾ പകർത്താൻ പാടില്ലത്തതാണെന്ന് ദ്രോണാചാര്യർ പറഞ്ഞിരുന്നു.
ഇത് നീ എയ്തുപോകല്ല മനുഷ്യരിലൊരിക്കലും
അല്പ്പന്മാരിൽ പ്രയോഗിച്ചാൽ മുപ്പാരിത് മുടിക്കുമേ
നിസ്സാമാന്യം പാരിലൊന്നീയസ്ത്രമെന്നാണ് ചൊൽവതും
ശുദ്ധിയോടിത് വച്ചാലും ശ്രദ്ധയോടിത് കേൾക്കെടോ
എങ്ങാനും മർത്യനല്ലാത്ത ശത്രു ബാധിക്കിലന്നുടൻ
അവനെ കൊല്ലുവാനെയ്യും ഈയസ്ത്രം സംഗരത്തിൽ നീ... എന്നാണു ദ്രോണർ പറയുന്നത്! അശ്വത്ഥാമാവിന്റെ നിർബന്ധബുദ്ധിക്ക് കീഴടങ്ങി മാത്രമാണ് പിതാവായ ദ്രോണർക്ക് ഈ വിദ്യ അവനും ഉപദേശിച്ചു കൊടുക്കേണ്ടി വന്നത്. പേരുകേട്ട വജ്രായുധത്തിന്റെ ശേഷിപത്രമാണിത്. തലമുറകളിലൂടെ കൈമാറി അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അർജുനനും അശ്വത്ഥാമാവിനും ഇത് ലഭിക്കുന്നു.
.....................................................................................................
ചായില്യം - ആസുരതാളങ്ങൾക്കൊരാമുഖം
No comments:
Post a Comment