ദിനേശ്ബീഡി + തീപ്പെട്ടി
ചെറുപ്പത്തിലൊക്കെ ഞാൻ അതിശയിച്ചു നിന്നിട്ടുണ്ട്. കാണുന്ന ആണുങ്ങളുടെ എല്ലാവരുടെ കയ്യിലും ദിനേശ് ബീഡി പാക്കറ്റും ഒരു തീപ്പെട്ടിയും… എവിടേക്ക് യാത്രപോകുമ്പോളും ഇത് കരുതി വെയ്ക്കും. ഞാൻ അന്നു കരുതി, ആണുങ്ങൾക്ക് ഇതൊക്കെ അത്യാവശ്യമാ. എന്നിട്ട്, ഞാനൊക്കെ വലുതാവുമ്പോൾ ഇതൊക്കെ കയ്യിൽ പിടിച്ച് നടക്കുന്ന കാര്യം വെറുതേ ഓർക്കും… ഭീകരം!!
വല്യ ബുദ്ധിമുട്ടു തോന്നി. ഷർട്ടിന്റെ പോക്കറ്റിലോ, മുണ്ടിന്റെ തുമ്പിലായി ഒതുക്കിയോ, അരയിലോ മറ്റോ തിരുകിയോ വെയ്ക്കണം!! എത്രമാത്രം ബുദ്ധിമുട്ടാണ് ഒരാൺ ജീവിതം എന്നു കരുതി വേവലാതി പെട്ടിരുന്ന കാലമായിരുന്നു അത്…
ഇന്നു പക്ഷേ, വലിയും കുടിയുമൊന്നുമില്ല; ന്നാലും ഇന്നൊരുത്തനെ കണ്ടു ക്യാബിൽ. ഇടയ്ക്ക് പലവട്ടം കണ്ടതു തന്നെയാണിത്. പുള്ളിയുടെ ഷർട്ടിന്റെ പോക്കറ്റിൽ ഒരു ചെറിയ മൊബൈൽ ഫോൺ. ചെവിയിൽ വയർ തിരുകി പാന്റിന്റെ പോക്കറ്റിലോ മറ്റോ മറ്റൊരു സ്മാർട്ട് ഫോൺ. പാട്ട് കേൾക്കുകയാണെന്നു തോന്നി. കൂടാതെ കൈയ്യിൽ ഒരു ചെറു ടാബ് + ബാഗ്. ടാബിൽ ഗൂഗിൾ മാപ്പെടുത്ത് പോകേണ്ട സ്ഥലത്തേക്കുള്ള ദൂരം നോക്കുകയാണു മൂപ്പൻ!! മാർത്തഹള്ളിയിലേക്കാണ്. അടുത്തിരിക്കുന്ന എന്നോടു ചോദിച്ചാൽ തീരുന്ന കാര്യമായിരുന്നു!!
ദിനേശ് ബീഡി പാക്കറ്റിനും തീപ്പെട്ടിക്കും പകരം രൂപഭാവവ്യത്യാസങ്ങളോടെ മറ്റൊരു സംഗതി ആൺജീവിതത്തെ കീഴടക്കുന്നു. രണ്ടു കൈയ്യിലും രണ്ടു കക്ഷത്തിലുമായി 4 ഫോൺ വെച്ചു നടക്കുന്ന നിത്യജീവികൾ പലരുണ്ട് ചുറ്റുപാടുകളിൽ. മാറ്റം കാലാനുസൃതമായി വരുന്നു; പോകുന്നു! കണ്ടറിഞ്ഞു നടക്കുക എന്നതാണു നല്ലത്!
No comments:
Post a Comment