Monday, February 20, 2017

February 20, 2017 at 07:59AM

മുരുകാ... മുരുകാ... പുലിമുരുകാ... ഒടയഞ്ചാലിൽ പണ്ട് പുലികളുണ്ടായിരുന്നു, കാട്ടുപന്നികളും പലതരം മൃഗങ്ങൾ വേറെയും ഉണ്ടായിരുന്നു. രാത്രിയിൽ നാട്ടിലിറങ്ങി പശുത്തൊഴുത്തിൽ കയറി പശുക്കളെ കൊന്നു തിന്നുക പതിവായിരുന്നു. മുറ്റത്തും തൊഴുത്തിനു മുന്നിലും വലിയ നെരിപ്പോടുണ്ടാക്കി പുലിയെ ഓടിക്കാൻ മുങ്കരുതലെടുത്തിരുന്നു. കാലം മാറി. പുലി പോയിട്ട് പൂച്ചപോലും ഒടയഞ്ചാലിൽ നിന്നും അപ്രത്യക്ഷമായി വരുന്നു. പുലിയെ കൊന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല; അവയൊക്കെയും സ്വയം നശിച്ച് ഒഴിയുകയായിരുന്നു - ഞങ്ങളുടെ കുഞ്ഞു തറവാടായ ഒടയഞ്ചാൽ വീട്ടിലൊരു മുത്തപ്പൻ മടപ്പുരയുണ്ട്; അതിന്റെ ചരിത്രത്തിൽ പുലികൾക്കുള്ള സ്വാധീനം ചെറുതല്ല. വല്ല്യമ്മയുടെ അമ്മയുടെ അച്ചനു നായാട്ട് ശീലമായിരുന്നു. ഒരിക്കൽ നായാട്ടിനു നരയർ മല കേറിപ്പോവുകയും വഴി തെറ്റി അലഞ്ഞ് ഒരു പുലിക്കൂട്ടത്തിനു നടുവിൽ പെട്ടു പോവുകയും ചെയ്തു. മൂന്നു നാലു പുലികൾക്ക് നടുവിൽ കുടുങ്ങിപ്പോയ മൂപ്പർ നായാട്ടുദേവനായ പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചുവത്രേ!! ഫലം അത്ഭുതാവാഹമായിരുന്നു. ഇന്നത്തെ ഡൂക്കിലി ദൈവങ്ങളെ പോലല്ല അന്നത്തെ ദൈവങ്ങൾ - വിളിച്ചാൽ വിളിപ്പുറത്തായിരുന്നു. പുലികൾ നടന്നകന്നു.. വനാന്തരത്തിലേക്ക് മറഞ്ഞു. വല്ല്യച്ഛൻ മരത്തിന്റെ മുകളിൽ നിന്നും ഇറങ്ങി വീട്ടിൽ വന്നു. ആരോടും ഒന്നും പറയാതെ നേരെ പറശ്ശിനിക്കടവിനു നടന്നു. മുത്തപ്പൻ തെയ്യത്തോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ രക്ഷിച്ചില്ലേ, കൂട്ടിനായി എന്നും ഞാനുണ്ടാവും എന്നും പറഞ്ഞ് മുത്തപ്പന്റെ ഒരു കോപ്പി വല്ല്യച്ചനോടൊപ്പം ഒടയഞ്ചാലിലേക്ക് വന്നു. വല്ല്യച്ചൻ മുത്തപ്പനായി ഒരു മടപ്പുര പണിതു. ഓർമ്മകൾ മറക്കാതിരിക്കാൻ എല്ലാ കുംഭമാസത്തിലും വീട്ടിൽ തെയ്യം കഴിപ്പിക്കുന്നു... പ്രാർത്ഥനയായി നേരുന്ന നാട്ടുകാരും ഈ സമയങ്ങളിൽ അവിടെ തെയ്യം കഴിപ്പിക്കുന്നു... പറഞ്ഞു വന്നത് പുലിയാണ്. വെറും കാടു മാത്രം ഉണ്ടായാൽ പോരാ പുലികൾക്ക് ജീവിക്കാൻ, ജീവികൾ പലതും വേണം... നമ്മുടെ കോഴികളും വേണം... കോഴികളെ പിടിക്കാൻ കുറുക്കൻ വേണം... അങ്ങനെയങ്ങനെ... കോഴിക്കാല് കടിച്ചു വലിച്ച് അതിന്റെ മജ്ജയിൽ നിന്നും അവസാന നീരും വലിച്ചു കുടിച്ചിട്ടാണ് ഇവിടെ ആളുകൾ കടുവാസംരക്ഷരായി സ്റ്റാറ്റസ്സിടുന്നത്... എന്നിട്ട് എക്കോസിസ്റ്റം, ആവാസവ്യവസ്ഥ, ആനമുട്ട എന്നൊക്കെ വലിയ വായിൽ കീറിക്കോളും!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License