Saturday, May 19, 2012

ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം

സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ പേരില്‍ ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം വരുന്നൂ. ബ്രിട്ടനിലെ വെയ്ല്‍സ് നഗരത്തിലെ മൗണ്‍മൗത്താണ് ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം. ശനിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്ന വിക്കിനഗരത്തില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആയിരത്തിലധികം ക്യു.ആര്‍ ((ക്യുആര്‍ പീഡിയ) കോഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രത്യേകത. ക്യു.ആര്‍ കോഡിന്റെ സഹായത്തോടെ 25 ഭാഷകളിലായി അഞ്ഞൂറോളം ലേഖനങ്ങളാണ് ഇവിടെ വിക്കിപീഡിയ അംഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

നഗരത്തില്‍ പതിപ്പിച്ചിട്ടുള്ള ക്യു.ആര്‍കോഡുകളുടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വഴി പ്രാദേശിക ഭാഷയില്‍ ഈ വിവരങ്ങളുടെ വിക്കിപീഡിയ പേജിലെത്താനും സാധിക്കും. നഗരത്തിലെ സ്‌കൂളുകള്‍, പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ഷോപ്പുകള്‍ എന്നിവയാണ് ഈ ക്യു.ആര്‍ കോഡില്‍ അടങ്ങിയിട്ടുള്ളത്.ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് മൗണ്‍മൗത്തിനെ വിക്കിപീഡിയ നഗരമായി മാറ്റിയെടുത്തത്.  നഗരം മുഴുവന്‍ വൈ ഫൈ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കിയത്.

ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്‍ റി നാലാമന്റെ ജന്മ നഗരമാണ് വെയ്ല്‍സ്. മൗണ്‍മൗത്തിന്റെ സാസ്‌കാരിക ചരിത്രമാണ് നഗരത്തെ വിക്കിപീഡിയ നഗരമായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് വിക്കിപീഡിയ വിക്കിമീഡിയ യുകെ വക്താവ് സ്റ്റവി ബെന്‍ടന്‍ പറഞ്ഞു.

ക്യു.ആര്‍ കോഡിന്റെ പ്രവര്‍ത്തനം
ക്യു.ആര്‍ ബാര്‍കോഡ് റീഡറുകള്‍ക്കും, ക്യാമറ ഫോണുകള്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കുന്ന മെട്രിക്‌സ് ബാര്‍കോഡുകളെയാണ് ക്യു.ആര്‍ കോഡ് എന്നു വിളിക്കുന്നത്. ഒരു വെളുത്ത പ്രതലത്തില്‍ കറുത്ത നിറത്തിലുള്ള ചതുരങ്ങള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ് ക്യു.ആര്‍ കോഡുകള്‍ സൃഷ്ടിക്കുന്നത്. വസ്തുവിന്റെയോ, പ്രദേശത്തിന്റെയോ വിവരങ്ങള്‍, യു.ആര്‍.എല്‍(യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍) എന്നീ വിവരങ്ങള്‍ എന്‍കോഡ് ചെയ്യുകയാണ് പതിവ്.

ക്വിക്ക് റെസ്‌പോണ്‍സ് എന്നതിന്റെ ചുരുക്ക രൂപമാണ് ക്യു.ആര്‍. ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെന്‍സോ വേവ് 1994ല്‍ ആണ് ക്യു.ആര്‍ കോഡ് ആദ്യമായി അവതരിപ്പിച്ചത്.

വാർത്ത ഇന്ത്യാവിഷനിൽ നിന്നും...

Wednesday, May 16, 2012

കണ്ണൂർ വിശേഷങ്ങൾ...

എം എ പരീക്ഷയുടെ കാലം... 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം... കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ... ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്... രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി.

വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു... ഒരു ശനിയാഴ്‌ചയായിരുന്നു അതെന്നു തോന്നുന്നു, ഞായറാഴ്‌ച വിഷു, കൊല നടന്ന ദിവസവും വിഷുദിവസവും അവധിദിവസമായതിനാലാണെന്നു തോന്നി ഹർത്താൽ 15 ആം തീയതി തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെച്ചിരുന്നു...!! അവധി ദിവസങ്ങളിൽ ആരെങ്കിലും ഹർത്താൽ വെക്കുമോ!!

വിഷുദിനമായതിനാൽ സകല കടകളും അടങ്ങിരുന്നു, രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവരുമ്മെന്നു വിചാരിച്ചു. പക്ഷേ, ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തിയ വിനോദ് എന്നൊരാൾ (നുമ്മടെ കാവ്യാമാധവന്റെ റിലേറ്റീവാണ്) വന്ന് ആ പട്ടിണിയിൽ നിന്നും ഞങ്ങളെ രക്ഷിച്ചെടുത്തു...

കഥയിങ്ങനെ, ഞങ്ങൾ പട്ടിണിയിലാണെന്നു കണ്ട ഉടനേ പുള്ളി ടൗണിലെ ഓട്ടോതൊഴിലാളി യൂണിയന്റെ സെക്രട്ടറിയെ വിവരമറിയിച്ചു. പുള്ളിക്കാരൻ വന്ന്  കുറേ ഓട്ടോക്കാരേയും വിളിച്ച് ഞങ്ങളെ രണ്ടുപേരെ വെച്ച് ഓരോ വീട്ടിലേക്കായി അസൈൻ ചെയ്തു കൊടുത്തു. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഓട്ടോക്കാർ ഞങ്ങളുടെ വീടിനു മുമ്പിൽ എത്തും. വീട്ടിൽ വിഷുദിവസമായതിനാൽ സുഭിക്ഷമായിരുന്നു സദ്യ. പിറ്റേ ദിവസവും ഇതാവർത്തിച്ചു. അന്നു നിർത്തുമെന്നു ഞങ്ങൾ കരുതിയതാ, പക്ഷേ, പിന്നീട് ഞങ്ങൾ അവിടം വിട്ടുവരുന്നതുവരെ അവരായിരുന്നു ഞങ്ങൾക്ക് ഫുഡ് തന്നത്... വേണ്ടാന്ന് എത്രപറഞ്ഞാലും വീണ്ടും വീണ്ടും നിർബന്ധിക്കുന്ന ആ ഓട്ടോ തൊഴിലാളികളും അവരുടെ കുടുംബവും ഇപ്പോഴും മനസ്സിൽ ഉണ്ട്; മായാതെ... എന്തൊരു സ്നേഹമായിരുന്നു അവരുടെ മനസ്സിലും പെരുമാറ്റത്തിലും...

സ്നേഹിച്ചാൽ കണ്ണൂരുകാർ ഹൃദയം പറിച്ചുനൽകും!!
വഞ്ചിച്ചാൽ ചിലപ്പോൾ പറിച്ചെടുത്തെന്നുമിരിക്കും!!!

Friday, May 04, 2012

പുതിയ കുപ്പിയിലെ ആ പഴയ കഥ!!

സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനുമായ ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ തന്റെ മാനേജരുമായി പൂനയിൽ നിന്നും ട്രൈനിൽ തിരിച്ചുവരികയായിരുന്നു. തൊട്ടടുത്ത സീറ്റിൽ ആരും നോക്കിനിന്നു പോവുന്ന അതി സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ വല്യമ്മയോടൊപ്പം ഇരിപ്പുണ്ടായിരുന്നു...
------------------- ------------------- -------------------
കഥാപാത്രങ്ങൾ നാല്
1) സോഫ്‌റ്റ് വെയർ എഞ്ചിനീയർ
2) അയാളുടെ മാനേജർ
3) പെൺകുട്ടി
4) അവളുടെ വല്യമ്മച്ചി
------------------- ------------------- -------------------
കഥ തുടരുന്നു:
അല്പസമയതന്തിനു ശേഷം ചെറുപ്പക്കാരന്റേയും പെൺകുട്ടിയുടേയും കണ്ണുകൾ പരസ്പരം ഇടഞ്ഞു, അവ തമ്മിൽ കോർത്തുവലിച്ചു... അതിന്റെ സുഖവും ആലസ്യവും അവർ അറിഞ്ഞു തുടങ്ങി...

ട്രൈൻ നീങ്ങുകയാണ്, അല്പസമയത്തിനു ശേഷം വണ്ടി ഒരു ടണലിൽ കയറി. ട്രൈനിലാകെ കട്ടപിടിച്ച ഇരുട്ടു നിറഞ്ഞു.

പൊടുന്നനെ സകലരേയും പുളകിതരാക്കിക്കൊണ്ട് ഒരു ചുംബനത്തിന്റെ ശീൽകാര ശബ്‌ദം അവിടെ മുഴങ്ങി... തൊട്ടുപുറകേ മുഖമടച്ച് ഒരടി കിട്ടിയതിന്റെ ശബ്‌ദവും!!

ട്രൈൻ ടണലിനു പുറത്തെത്തി!! എല്ലാവരും പരസ്‌പരം നോക്കി!!

വല്യമ്മച്ചി ചിന്തിച്ചു:
ച്ഛെ!! ഈ പയ്യൻസ് തീരെ ശരിയില്ല!! ഇവനെങ്ങനെ എന്റെ മോളെ ഇങ്ങനെ പരസ്യമായി ഉമ്മവെച്ചു!! എന്തായാലും എന്റെ പൊന്നുമോൾ നല്ലകുട്ടിയാ മുഖമടച്ച് ഒന്നു കൊടുത്തുവല്ലോ!! അതുമതി...

മാനേജർ ചിന്തിച്ചു:
വിശ്വസിക്കാൻ കഴിയുന്നില്ല!! എന്തിനാ ഇവനവളെ ഉമ്മവെച്ചത്!! എന്തോ, കാലക്കേടിന് ആ പെണ്ണ് തല്ലിയത് എന്നേയും... എന്തായാലും മിണ്ടേണ്ട..

പെൺകുട്ടി:
വൗ!! എന്തു സുന്ദരമായിരുന്നു ആ നിമിഷങ്ങൾ! ഒരുമ്മയ്ക്ക് ഇത്ര വികാരപാരവശ്യം ഉണ്ടാക്കാനാവുമോ!! വണ്ടി ഇനിയും ഒരു ടണലിൽ കയറിയിരുന്നെങ്കിൽ!! വല്യമ്മച്ചി അടിച്ചതിൽ പ്രയപ്പെട്ട ചെറുപ്പക്കാരാ ഞാൻ ക്ഷമ ചോദിക്കുന്നു... :(

അവസാനം നമ്മുടെ ചെറുപ്പക്കാരൻ ഇങ്ങനെ ചിന്തിച്ചു:
വൗ!! എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു നിമിഷം!! ഇങ്ങനെയൊരു നിമിഷം ഇനിയൊരിക്കലും വന്നെന്നിരിക്കല്ല!! സുന്ദരിയായ ഒരു പെണ്ണിനെ ഉമ്മവെക്കുന്നതിനോടൊപ്പം തന്നെ എന്റെ മാനേജറുടെ കരണക്കുറ്റി നോക്കി ഒന്നുകൊടുക്കാനും പറ്റി!!

ഗൂഗിളിൽ അർത്ഥം തെരയാൻ!!

എന്തിനുമേതിനും നമ്മൾ ആശ്രയിക്കുന്ന സേർച്ച് എഞ്ചിനാണല്ലോ ഗൂഗിൾ സേർച്ച് എഞ്ചിൻ. ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ കാര്യമാത്രപ്രസക്തമായ വിവരങ്ങൾ തന്നെ കിട്ടാൻ വേണ്ടി ഗൂഗിൾ ചില സൂത്രങ്ങളൊക്കെ പറഞ്ഞുതരുന്നുണ്ട്. അതിലൊന്നാണിത്.

രു വാക്കിന്റെ അർത്ഥം അറിയാനായി ഒരുവൻ ഗൂഗിചെയ്യുന്നത് ഇന്നു യാദൃശ്ചികമായി കണാനിടയായി!! babysitting എന്ന വാക്കിന്റെ അർത്ഥമറിയാനായിരുന്നു ഈ പരാക്രമമത്രയും... കുറച്ചുസമയം നോക്കിനിന്ന ഞാൻ അവനീ സൂത്രം പറഞ്ഞുകൊടുക്കുകയുണ്ടായി. നെറ്റിൽ കളിക്കുന്ന പലർക്കും ഇതറിയും; എന്നാലും അറിയാത്തവരും കാണും എന്ന ധാരണയിലാണിതിവിടെ ഷെയർ ചെയ്യുന്നത്.


ബേബിസിറ്റിങിന്റെ അർത്ഥമറിയാൻ ആ സുഹൃത്ത് ആദ്യം babysitting എന്നു മാത്രം ഗൂഗിൾ ചെയ്തു നോക്കി
പിന്നെ babysitting , meaning എന്നു നോക്കി, അതുകഴിഞ്ഞ് meaning of babysitting എന്നു നോക്കി...
അപ്പോഴൊക്കെ കിട്ടിക്കൊണ്ടിരുന്നത് വിക്കീപീഡിയ, ഡിക്ഷണറീസ് പോലുള്ള മറ്റുപല സൈറ്റുകളുടേയും ലിങ്കുകളാണ്.

ഗൂഗിളിൽ ഒരു വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാനുള്ള എളുപ്പവഴി അർത്ഥം കണ്ടുപിടിക്കേണ്ട വാക്കിനെ define: ചേർത്തെഴുതി സേർച്ച് ചെയ്യുന്നതാണ്.

ഇവിടെ നമ്മുടെ കാര്യത്തിൽ define:babysitting എന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ മതിയാവും!
ഏതൊരു വാക്കിനേയും ഇങ്ങനെ സേർച്ച് ചെയ്താൽ അതിന്റെ ശരിയായ പ്രൊനൗൺസിയേഷൻ അടക്കം കിട്ടും.

ഉദാഹരണങ്ങൾ നോക്കുക:
1) define:babysitting
2) define:ombudsman
3) define:collage

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License