Sunday, December 31, 2017

December 31, 2017 at 09:05PM

റാണിപുരത്ത് ഒരു ന്യൂ ഇയർ ആഘോഷം... നാടൻപാട്ടുത്സവത്തിൽ ലയിച്ച് ഒരു ഡിജെ നൈറ്റ്.

Wednesday, December 27, 2017

December 27, 2017 at 10:32PM

ഒരു കാസ്രോഡൻ പരിവേദനം! ........ .......... ............ ........... .......... കേരളത്തിന്റെ ആദ്യ ശതാബ്ദി എക്സ്പ്രസ് ജനുവരിയിൽ ഓടിത്തുടങ്ങും.. തിരുവനന്തപുരത്ത് നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് ഉച്ചക്ക് 1.30 ഓടെ കണ്ണൂരിലെത്തും. 2.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരുവനന്തപുരത്തെത്തും. . ഒമ്പത് കോച്ചുകൾ മാത്രം.. എല്ലാം ഏ.സി ചെയർ കാർ. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പ്. ഭക്ഷണമടക്കമാണ് ടിക്കറ്റ് ചാർജ്. കാസർഗോഡ് ജില്ലയിലേക്ക് പ്രവേശനമില്ല!! ചവറുപോലെ കുറേ വെയ്സ്റ്റ് എം.എൽ.എ മാരും എം.പിയും കാസർഗോഡിനുണ്ട്. ഒരു വസ്തുവിനു കൊള്ളാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. രാഷ്ട്രീയ നപുംസകങ്ങളായ കുറേ ചാവാലിപ്പട്ടികൾ തലങ്ങും വിലങ്ങും തുള്ളിക്കളിക്കാനുമുണ്ട്. ജനരക്ഷായാത്ര, മറ്റേയാത്ര എന്നൊക്കെ പറഞ്ഞ് ഈ കഴുതകൾക്ക് യാത്ര തുടങ്ങുവാൻ ഒരു കാസർഗോഡ് വേണമെന്നുണ്ട്!! കഴിഞ്ഞ യാത്രയിൽ ബിജെപി പോലും അക്കാര്യത്തിൽ കാസർഗോഡിനെ അവഗണിച്ചിരുന്നു എന്നതാണു സത്യം!! രാഷ്ട്രീയ കോമരങ്ങൾ ഉറഞ്ഞാടുമ്പോൾ ശ്വാനതുല്യവിധേയത്വത്തോടെ തുള്ളിക്കളിക്കുന്ന ജീവിവർഗ്ഗം ഒന്നൊഴിയാതെ ചിന്തിക്കേണ്ട സമയമാണിത്. വോടുചോദിച്ച് ഇവർ വരുമ്പോൾ #ചെരുപ്പുമാല അണിയിക്കാനുള്ള തന്റേടം ഉണ്ടാവണം... ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാവുന്നു!!

Masterpiece Review

മാസ്റ്റർപീസ് അഭിപ്രായം!
മമ്മൂട്ടിയുടെ മാസ്റ്റർപീസ് കണ്ടു. ഒരു സിനിമ എന്ന നിലയിൽ എനിക്കിത് ഇഷ്ടമായിരുന്നു. കൂടുതലായി ഒന്നുമില്ല, എന്നാൽ അതുപോലെ കുറച്ചു കാണാനും പ്രത്യേകിച്ച് ഒന്നുമില്ല. കാശുകൊടുത്ത് ഇരുന്നുകാണാൻ ഈ സിനിമ ഒരു രസം തന്നെയാണ്.

ഇഷ്ടപ്പെട്ടൊരു നടനാണ് ഉണ്ണി മുകുന്ദൻ. മൂപ്പർ ഈ സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായി നടിക്കുന്നുണ്ട്. എന്നും ഒരു ചിരിയോടെ ഓർക്കുന്ന സന്തോഷ് പണ്ഡിറ്റ് ഈ സിനിമയിൽ ഉണ്ടെന്നുള്ളതും രസകരമാകുന്നു. ക്യാപ്റ്റൻ രാജുവിനെ വയസായ അവസരത്തിൽ ഒന്നൂടെ കാണാൻ സാധിച്ചു എന്നതും ഇതുപോലെ തന്നെ മനോഹരമായി തോന്നി.

മോഹൻലാൻ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയുമായി നല്ല ബന്ധം തോന്നിയിരുന്നു. കോളേജ്, വിദ്യാർത്ഥികൾക്കിടയിലെ പരസ്പര ശത്രുത വെച്ചു പുലർത്തുന്ന രണ്ട് ഗ്രൂപ്പുകൾ, അവരുടെ അടിപിടി. അവരുടെ വഴക്കിനിടയിലേക്ക് കടന്നു വരുന്ന അദ്ധ്യാപകൻ. അവരെ ഒന്നാക്കുന്ന അദ്ധ്യാപകൻ, അവരിലൂടെ ഒരു കൊലപാതകരഹസ്യം വെളിവാക്കുന്ന ആ അദ്ധ്യാപൻ ഒരു പള്ളീലച്ചൻ കൂടിയാണെന്നുള്ള വെളിപ്പെടുത്തൽ... ഇടയ്ക്ക് സലിം കുമാറിന്റെ സെക്സും സെക്ഷ്വൽ പെരുമാറ്റവും.

ഇതൊക്കെ തന്നെയാണീ സിനിമയും. വെളിപാടിന്റെ പുസ്തകത്തിലെ സലിം കുമാറിനെ പകരം പൂനം ബജ്‌വ എന്ന നടിക്ക് സിലുക്ക് സ്മിതയെ ഓർമ്മിപ്പിക്കാനായിരിക്കണം സ്മിതയെന്ന പേരുമിട്ട് അദ്ധ്യാപികയായി വയറുകാട്ടി മുലകൾ തുള്ളിച്ച് നടത്തിക്കുന്നത്. ഈ കാര്യം സിനിമയ്ക്ക് ആവശ്യമേ ഇല്ലായിരുന്നു; അരോചകവുമാണ്. പിന്നെ നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രതിബിംബമാണല്ലോ ഓരോ കലാസൃഷ്ടികളും. കാലം അതൊക്കെ ആവശ്യപ്പെടുന്നുണ്ട് എന്നുള്ളതിന്റെ വെളിപാടായിരിക്കണം ഈ ഒരു ബീജം തുന്നിച്ചേർക്കാൻ പിന്നണിക്കാരെ നിർബന്ധിതരാക്കിയത്.

പെണ്ണുങ്ങളോട് പലപ്രാവശ്യം മമ്മുട്ടി പറയുന്നുണ്ട്, ഞാൻ “പെണ്ണുങ്ങളെ ബഹുമാനിക്കുന്നു, അതുകൊണ്ടുതന്നെ ഒന്നും പറയാനില്ല“ എന്ന്. പൂനം ബജ്‌വയുടെ സ്മിതയോടു മാത്രമല്ല. വരലക്ഷ്മി ശരത്കുമാറിന്റെ ഭവാനി ദുർഗ ഐ.പി.എസ്സിനോടും പലപ്രാവശ്യം ഇതേ കാര്യം ആവർത്തിക്കുമ്പോൾ, മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും തകർത്തു പെയ്യുന്ന അവസരത്തിൽ മമ്മുട്ടി പാർവ്വതിയോടു പറയുന്ന ഡയലോഗായി ഇത് വായിച്ചെടുക്കാൻ കുരുട്ടുബുദ്ധികൾക്കാവും എന്നുണ്ട്. പറയുന്നത് ഏതു കൊലകൊമ്പനായാലും തിരിച്ചു പറയേണ്ടത് ആ സമയത്തു തന്നെ കൊടുക്കുന്നതാണു നല്ലത് എന്ന അഭിപ്രായക്കാരനാണു ഞാൻ - എനിക്കതേ ഇഷ്ടവും ഉള്ളൂ. ബുഹുമാനമൊക്കെ അങ്ങ് ചവറ്റുകൊട്ടയിൽ ഇടേണ്ട സമയവുമാണത്!

തിരക്കഥ ചടുലമാണ്. ഉദ്ദ്വോഗത്തിന്റെ മുൾമുനയിലാണീ സിനിമയെ കൊണ്ടു പോകുന്നത്. അവസാനനിമിഷം വരെ അതു നിലനിർത്താനും സിനിമയ്ക്ക് പറ്റുന്നുണ്ട്. ആക്ഷൻ, പാട്ട് എന്നിവയും ധാരാളം ഉണ്ട്. സിനിമ തുടങ്ങുമ്പോൾ ഉള്ള ഗാനത്തിൽ പലരും വന്നു പോകുന്നു. എന്തിനധികം #കുമ്മനം വരെയുണ്ട്!! വിക്കിപീഡിയയെ വരെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. വിക്കന്മാരല്ലാത്തവർ അത് ശ്രദ്ധിച്ചെന്നു വരില്ല - എങ്കിലും ഉണ്ട്. മാറി വിരിയുന്ന രംഗങ്ങളൊക്കെയും ഉത്സവലഹരി പ്രധാനം ചെയ്യുന്നുണ്ട്.

കൊള്ളിക്കേണ്ടവരെയൊക്കെ മതിയാവോളം കൊള്ളിക്കുന്ന തരത്തിലാണ് രചന. ചാനൽ മുതലാളിമാരൊക്കെ ക്യാപ്റ്റൻ രാജുവിന്റെ ചിത്രവും വെച്ച് വാർത്തകൾ ഉണ്ടാക്കി നടത്തുന്ന മാധ്യമവ്യഭിചാരം കുറച്ചൊന്നുമല്ല അവരെ കൊള്ളിക്കുന്നത്!!

വെളിപാടിന്റെ പുസ്തകത്തോടുള്ള സാമ്യത ഈ സിനിമയെ ഒറ്റപ്പെടുത്താൻ ഉതകുന്നതല്ല. വേദികയായി വന്നെത്തുന്ന മഹിമ നമ്പ്യാരുടെ ഡാൻസ് മഹനീയം തന്നെ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ പാട്ടുപാടുമ്പോൾ ഉള്ള അഭിനയ രീതിയും ഇഷ്ടപ്പെട്ടു. എന്തു തന്നെയായാലും എനിക്ക് സിനിമ ഇഷ്ടപ്പെട്ടു; കുറ്റം പറയാനുമില്ല കൂടുതൽ പറയാനുമില്ല - ഒരു ക്രിസ്മസ്സ് ആഘോഷം! ആഗ്രഹിക്കുന്നവർ കാണുക.

Saturday, December 23, 2017

December 23, 2017 at 08:11PM

കോഴിക്കോടേക്കൊരു യാത്ര... പെട്ടന്നൊത്തുവന്നൊരു യാത്രയായിരുന്നു...

Wednesday, December 20, 2017

December 20, 2017 at 07:30AM

ഇടുക്കി ജില്ലയിൽ തൊടുപുഴയിലും കട്ടപ്പനയിലും ജന്മദിനാഘോഷം നടക്കുന്നു! #വിക്കിപീഡിയ 15!!

Friday, December 15, 2017

December 15, 2017 at 08:46AM

#കല്യാണസൗഗന്ധികം #മകൻ: മഴയതാ പെയ്യുന്ന്; ഇടിയതാ മുട്ടുന്ന് അച്ഛാ എനിക്കോരു ഓള* വേണം... #അച്ഛൻ: കയ്യില് കാശില്ല; കടം തരാനാളില്ല മോനേ നിനക്കിപ്പോരോള* വേണ്ട...! (നിനക്ക് ഇപ്പോൾ ഒരു ഭാര്യയെ വേണ്ട) #ഓൾ, #ഓള് = #ഭാര്യ (അവൾ)- ഇതൊരു കാസ്രോഡൻ പഴമൊഴിയാണ്. പഴഞ്ചൊല്ലിൽ പതിരുണ്ടോ ഇല്ലയോ അറിയില്ല, അതെന്തെങ്കിലുമാവട്ടെ... അച്ഛന്റെ ഈ പറഞ്ഞിരിക്കുന്ന നിസ്സഹായാവസ്ഥയിലേക്കാണെന്നു തോന്നുന്നു മലയാളനാടിന്റെ ഇന്നത്തെ പോക്ക്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കല്യാണം കഴിച്ച് സെറ്റിൽഡാവാനായി പുരുഷാരങ്ങൾ അലമുറയിടുകയാണ്. ഒരു മറുന്യായം പറഞ്ഞ് മാറീ നിൽക്കുകയാണു പലരും. പെൺവീട്ടുകാർക്കൊക്കെ പലവിധ സങ്കല്പങ്ങളാണ്. അവനൊരു ഗവണ്മെന്റ് ജോലിക്കാരനാവണം, വല്യ ഐടി എഞ്ചിനിയർ ആവണം, ഗൾഫുകാരൻ ആരായാലും വേണ്ട, ... ഇങ്ങനെ പലവിധം. ഇതൊക്കെ ഒഴിഞ്ഞിരിക്കുന്ന പെൺജാതി സൗഹൃദവലയത്തിലെ ആൺജാതിക്കാരുമായി പ്രണയനിബദ്ധരും ആയിരിക്കും. പ്രണയം രസമുള്ളതാണ്; ഹൃദ്യമായൊരു വികാരാമാണത്, ഉചിതമായ കാലത്ത് മനസ്സിനെ പ്രണയാതുരമാക്കാത്ത ജീവിതങ്ങൾ കാണില്ല. അതാവണം ജീവിതം. പ്രണയിച്ചവരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന വാശിക്ക് ഒരു നിലനിൽപ്പോ കൃത്യതയോ ഉണ്ടെന്നു തോന്നുന്നില്ല. ഞാനും പ്രണയിച്ചിട്ടുണ്ട്. പ്രണയിച്ചവരെയൊക്കെ കൃത്യമായി കല്യാണം കഴിച്ച് വിട്ടതിനു ശേഷമാണു ഞാൻ കല്യാണം കഴിച്ചതും. ആ പ്രണയിനിമാരൊക്കെയും പ്രണയോത്സുകരായി ഇന്നും കോടെ തന്നെ ഉണ്ടെന്നുള്ളതാണതിന്റെ ഗുണവും... ചിലരൊക്കെ ചിരിക്കുന്നുണ്ട്; ചിലർ കരയാറുണ്ട്,... പല ഭാവത്തിലവർ അവരുടേതായ ലോകം വാർത്തെടുത്തിരിക്കുന്നുണ്ട്. ആ ലോകവാർത്തകൾ അറിയാനും ആസ്വദിക്കാനും കഴിയുന്ന ജീവിതത്തിന്റെ രസവും നിലവിലെ കമിതാക്കൾ അറിയേണ്ടതുണ്ട്. കല്യാണം എന്നത് ഒരു സെറ്റിൽമെന്റാണ്. രണ്ടു കുടുംബങ്ങളുടെ, രണ്ട് സമൂഹത്തിന്റെ കൂടിച്ചേരലാണത്; അല്ലാതെ രണ്ട് വ്യക്തികളിലേക്ക് മാത്രം ഒതുക്കിവെച്ച് തങ്ങളുടേതായ ഒരു പ്രപഞ്ചം ഉണ്ടാക്കുകയല്ല കല്യാണം. അതി പ്രണയത്തിലാണൊതുക്കേണ്ടത്. പ്രണയവും കല്യാണവും വേർപിരിയുന്നത് ഇവിടെ മാത്രമാണ്. കല്യാണം കഴിഞ്ഞാലും പ്രണയം പഴയതിലും കേമമായി തുടരാമെന്നിരിക്കെ കൃത്യതയോടുകൂടി അറിയുന്ന രണ്ടുപേരുടെ ഉചിതമായ കൂടിച്ചേരലാവണം കല്യാണമെന്നു കരുതുന്നു. പ്രണയിച്ചവരുടെ വേർപിരിയലുകൾ പലപാടും കണ്ടു. വഴിമുട്ടി ഒന്നും ചെയ്യാനാവാതെ നിൽക്കുന്നവരുണ്ട്. വീട്ടുകാരുടെ കുടുംബത്തിന്റെ പരിഹാസവും പരിതാപവും ഏറ്റ് വലഞ്ഞിരിക്കുന്നു. “നീ തന്നെ തെരഞ്ഞെടുത്തതല്ലേ അനുഭവിക്ക്“ എന്ന വാക്യം കേൾക്കാത്തിടമില്ല. ഇതിന്റെ കൂടെ തന്നെ 18 തികഞ്ഞ പെണ്ണ് 48 ആയ പുരഷകേസരിയെ പ്രണയിച്ച് കല്യാണം കഴിക്കുന്ന കാഴ്ചകളും സുലഭമായി കാണുന്നുണ്ട്. ഇതുവായിക്കുന്നവരായ പ്രണയിതാക്കാളൊക്കെയും സങ്കീർണമായ ജീവിതവീഥിയെ ക്രമപ്പെടുത്തിയെടുക്കാനായി നല്ലതുപോലെ ആലോചിക്കണം. പെണ്ണുകിട്ടാതെ ഉഴലുന്ന പുരുഷജാതിക്കാരെ പെൺജാതിയിൽ പെട്ടവർ ജാതിതിരിവില്ലാതെ പ്രണയിക്കാൻ പഠിക്കണം... ഒരു കല്യാണജിഹാദിനായി വരും വർഷം ഉപയോഗപ്രദമാവട്ടെ!!

Tuesday, December 12, 2017

December 12, 2017 at 05:43AM

ഫെയ്സ്ബുക്കിൽ അനിയത്തി രാജിയെ കണ്ട ദിവസം....

Monday, December 11, 2017

December 11, 2017 at 08:29PM

ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ...!! സിസ്റ്റർ #മേരി #ബനീഞ്ജ

December 11, 2017 at 09:17AM

#ജിഎസ്‌ടി വന്നതിനു ശേഷം ഒരു ബഹുസ്വരതയുടെ പരിച്ഛേദമായ ഈ വാണിജ്യമേല്‍ക്കൂരക്കകത്ത് ആച്ഛാദിതമായി കിടക്കപ്പെടേണ്ടി വന്ന ഏറ്റവും പുരാതനമായ ധാന്യസംസ്കൃതികളിലൊന്നിനെ നവീന സാമ്പത്തികശാസ്ത്രബോധത്തിന്റെ വ്യവഹാരരീതികളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ നാണയവ്യവസ്ഥ എന്നിലേല്‍പ്പിക്കുന്ന ആഘാതം വളരെ കഠിനമായി തോന്നുന്നു!! Goods and Services Tax, #GST, #Hotel #Bill

Sunday, December 10, 2017

December 10, 2017 at 02:54PM

ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാമശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽക്കൂടി നേടിയതാണതിൻ ശക്തികൾ... വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമയൂരപിഞ്ചികാചാലനതന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വെച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ... #വയലാർ

December 10, 2017 at 08:40AM

റാകി പറക്കുന്ന ചെമ്പരുന്തേ, നീയുണ്ടോ മാമാങ്ക വേല കണ്ടു, വേലയും കണ്ടു വിളക്കും‌ കണ്ടു, കടലില്‍ തിര കണ്ടു കപ്പല്‍‌ കണ്ടു…!

December 10, 2017 at 06:54AM

ലോക മനുഷ്യാവകാശ ദിനം! മനുഷ്യനെ തിരിച്ചറിയുമ്പോൾ മാത്രമേ നമുക്ക് മനുഷ്യാവകാശങ്ങളെ കുറിച്ച് പറയുവാനുള്ള അർഹതയുള്ളൂ!

Saturday, December 09, 2017

December 09, 2017 at 04:44PM

സിനിമാ നിരൂപണം ചില സിനിമകളുടെ പേരിൽ തന്നെ എഴുതി വെച്ചിട്ടുണ്ട് അത് പന്നപ്പടമാണെന്ന്!! അതൊക്കെ ഉണ്ടായിട്ടും, പോയി കാശ് കൊടുത്തു കാണുന്നവരെ വേണം ആദ്യം കല്ലെറിയാൻ!! ഒരോളത്തിന് ഞാനും പെട്ടു. ഒരു സിനിമ കണ്ടു. സിനിമേടെ പേരുപറയുന്നില്ല!! ഇനി അതൊരു പ്രശ്നമാവേണ്ട - കുറേ ആളുകളുടെ അദ്ധ്വാനവും വിയർപ്പുമൊക്കെയല്ലേ ഈ പണ്ടാരപ്പടം. കാണുന്നവർ പോയി കണ്ടു തുലയട്ട്!

Thursday, December 07, 2017

December 07, 2017 at 10:06AM

ഒരു കാസ്രോഡൻ ചിന്ത!!
നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി...!
.......... ............. ........... .............. ............... .
രണ്ടരവർഷത്തോളം പണ്ട് ഖുറാൻ പഠിക്കാനും അടുത്തറിയാനും സാധിച്ചിട്ടുണ്ട്. പറഞ്ഞു തന്നവരുടെ വികാരവും, വിവേകവും അവർ തന്ന അറിവും ചെറുതല്ല. അന്നറിയാൻ ഇടവന്ന സ്നേഹവും വിശ്വാസവും ഒരു മതമെന്ന നിലയിൽ ഇന്നും മുസ്ലീം മതത്തോടുണ്ട്.
അന്ന് ഒരു മുസ്ലീം മതസ്ഥനല്ലാതിരുന്നിട്ടും എന്റെ ആവശ്യപ്രകാരം, ആഗ്രഹപ്രകാരം അതു സാധിച്ചു തരാൻ അവർക്കു പറ്റിയത് തന്നെ ചില എട്ടുകാലി മമ്മൂഞ്ഞുകളുടെ എതിർപ്പിനെ മറികടന്നായിരുന്നു. ഇത്തരം മമ്മൂഞ്ഞുകൾ എല്ലായിടത്തും കിടക്കുന്നുണ്ട്!!
അറിയാതെ, അറിവില്ലാതെ ചിലയ്ക്കുന്ന കാലദ്രോഹികൾ എവിടെയുമുണ്ടെന്നത് പോലെ ആ മതത്തേയും ഇപ്പോൾ അർബുദം ബാധിച്ചുപോയി. കൂട്ടം ചേർന്ന് ആരൊക്കെയോ കൂടി നല്ലൊരു കാഴ്ചപ്പാടിനെ തന്നെ ഇല്ലാതാക്കുന്നു... ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു!!
കൂട്ടിവായിക്കേണ്ടതാണ് ഹൈന്ദവസംസ്കാരം!! ഈ സംസ്കാരത്തേയും ഇതുപോലെ പകർച്ചവ്യാധി ബാധിച്ചു പോയി!! രാഷ്ട്രീയലാഭത്തിനായോ നിലനിൽക്കുന്ന സമൂഹത്തിന്റെ ഇരുളടഞ്ഞ മനസ്സിനെ കണ്ടറിഞ്ഞിട്ടോ എന്തിനോ വേണ്ടി ആരൊക്കെയോ ആ മഹത്തായ സംസ്കൃതിയെ നശിപ്പിക്കുന്നു. മുസ്ലീം സംഘടനകളാവട്ടെ RSS പോലുള്ള ഹിന്ദുസംഘടനകാളാവട്ടെ, അല്ലെങ്കിൽ ഇതിനെ ഉപയോഗിച്ച് ലാഭം കൊയ്യുന്ന ബിജെപ്പിയാവട്ടെ ആരായാലും എവിടെയായാലും ഇവരുടെയൊക്കെ അടിസ്ഥാനവികാരം ഒന്നെന്നു കാണുന്നു!!
പകയും വിദ്വേഷവും കൈമുതലാക്കിയ ആ അശ്വത്ഥാമാവ് നമുക്കിടയിലൂടെ ചരിക്കുന്നുണ്ട്. മരണമില്ലാത്ത ആ ദോഷവിത്ത് നമ്മുടെ മക്കളെയെങ്കിലും ബാധിക്കാതെ നോക്കുക. അതിൽ മാത്രമാണൊരു രക്ഷ!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License