Tuesday, August 28, 2012

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ - കുടവയറാ!
ഓണത്തപ്പാ - കുടവയറാ!!
എന്നാ പോലും - തിരുവോണം?

നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി, കിച്ചടിയച്ചാറും!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും തിരുവോണം?

ഓണപ്പാട്ട്

ഇതാ ആ നല്ല പാട്ട്!! നമുക്കൊക്കെ ഒന്നിച്ചിരുന്ന് ഒന്നുകൂടെ ഇതു പാടാം!
അനല്പമായ ഗൃഹാതുരതയോടെ!!

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.

പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.

ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരിൽ.

ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.

നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.

കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.

വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.

മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.
 

Sunday, August 26, 2012

Chandrashekar Azad | ചന്ദ്രശേഖർ ആസാദ്

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ജനിച്ചു. പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു. ആ ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.

അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം തീവ്രവാദികൾ അപായ ചങ്ങല വലിച്ച് നിർത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു.

ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ആസാദിനെ കിട്ടിയില്ല. പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി.

വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. ഭഗത് സിംഗ് പിന്നീട് ഈ സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവറ്ത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.

ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടുപിടിച്ചു. 1929 ൽ ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ തീവ്രവാദികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡൽഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു. ആസാദിന്റെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആസാദ് പഞ്ചാബിലേക്ക് പോയി. തുടർന്നും പൊലീസിനെതിരെ ബോംബേറുകൾ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലോചന കേസുകൾ കൂടിയെടുത്തു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസും ന്യൂഡൽഹി ഗൂഢാലോചനക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവർത്തകരെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.

ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 21ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാരെ വെടിവച്ചുകൊന്ന ആസാദ് പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം വെടിവച്ചു മരിച്ചു. ബ്രിട്ടീഷ് പട്ടാളക്കാർ വളഞ്ഞ ആസാദ്, അവർക്ക് പിടികൊടുക്കാതെ  വെടിവെച്ചു മരിച്ചതിനുശേഷം ബ്രിട്ടീഷ് പട്ടാളക്കാർ ആസാദിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചിരിക്കുന്നു(ചിത്രം രണ്ട്). മറ്റുള്ള വിപ്ലവകാരികൾക്ക് ഒരു മുന്നറിയിപ്പായിട്ടായിരുന്നു ഇത്. ധീരരക്തസാക്ഷിത്വം വരിച്ച ആസാദ് യുവഹൃദയങ്ങളിൽ ഒരു വീരനായകനായി ഇന്നും ജീവിക്കുന്നു. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു.

വിക്കിപീഡിയയിൽ നിന്നും...

Wednesday, August 15, 2012

മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!



സ്വാതന്ത്ര്യദിനത്തിൽ പുതിയെരു പദ്ധതിയുമായി മലയാളം വിക്കപീഡിയ!!
മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!
 ചരിത്ര പ്രാധാന്യമുള്ള കോട്ടകളേയും സ്മാരകങ്ങളേയും അതുപോലുള്ള മറ്റു സ്ഥലങ്ങളുടേയും വിവരങ്ങൾ ശേഖരിക്കാനായി മലയാളം വിക്കിപീഡിയ രൂപം നൽകിയ പുതിയൊരു പദ്ധതിയാണിത്. താഴെ പറഞ്ഞിരിക്കുന്നവയുടെ ചിത്രങ്ങൾ ശേഖരിച്ച് വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുകയും അവയ്ക്ക് അനുയോജ്യമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ  തുടങ്ങുകയോ ഉള്ളവ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാനുള്ളതാണ് ഈ പദ്ധതി. അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ കൈയിൽ  ഇതിൽ  ഏതിലെങ്കിലും പെട്ട ചിത്രങ്ങൾ ഉണ്ടെങ്കിൽ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു.
  • കോട്ടകൾ
  • പ്രതിമകൾ
  • പഴയ ആശ്രമങ്ങൾ
  • പഴയ കലാക്ഷേത്രങ്ങൾ
  • പ്രധാന മണ്ഡപങ്ങൾ
  • കൊട്ടാരങ്ങൾ
  • ദേവാലയങ്ങൾ
  • സ്മാരകമന്ദിരങ്ങൾ
  • വിദ്യാഭ്യാസസ്ഥാപനങ്ങൾ
  • ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങൾ
  • അണക്കെട്ടുകൾ
  • ചരിത്ര പ്രാധാന്യമുള്ള മറ്റു സംഗതികൾ
പദ്ധതിയെ കുറിച്ചുള്ള പൂർണവിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു:
ലിങ്ക്:ml.wikipedia.org/wiki/wikipedia:Malayalam_Loves_Monuments

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License