Tuesday, April 10, 2012

അവൽമിൽക്ക്

പാചകങ്ങൾ ഓരോന്നായി പഠിച്ചുവരുന്നു. പെണ്ണുകെട്ടാൻ പോകുന്നതിന്റെ മുന്നോടിയായ് പാചകം പഠിക്കുകയാണെന്നൊന്നും കരുതിയേക്കരുത്. എന്തായാലും കഴിഞ്ഞ മൂന്നാലു മാസങ്ങളായി ചില പാചക പരീക്ഷണങ്ങൾ ഒക്കെ നടത്തുകയുണ്ടായി. അതിൽ മുഖമടച്ച് ഒരു അടിയെന്ന പോലെ ഒരിക്കൽ ഒരു അനുഭവമുണ്ടായത് ചോളം ഇട്ടിട്ട് ചോറ് വെച്ചതാണ്. ഓഫീസിൽ നിന്നും ഇടയ്ക്കൊക്കെ കിട്ടാറുള്ള ഒരു ഭക്ഷണമായതുകൊണ്ട് പരിചയക്കേടില്ലായിരുന്നു. ചോളമിട്ട് ചോറും വെച്ചു. പക്ഷേ, രണ്ട് ദിവസം ചർദ്ദിയും തൂറ്റലുമായി വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്നു. സാരമില്ല; ഇതതുപോലെയുള്ളതല്ല. ആർക്കും ധൈര്യപൂർവം ചെയ്യാവുന്നതാണ്; ഞാൻ ഗ്യാരണ്ടി!!!

അവൽമിൽക്ക് കാസർഗോഡ് ജില്ലയിൽ പലഭാഗത്തും കാണാറുള്ള നല്ലൊരു ടേസ്റ്റി വിഭവമാണ്. കേരളത്തിൽ മറ്റെവിടേയും കണ്ടതായി ഓർക്കുന്നില്ല. വഴിയോരങ്ങളിൽ വഴിവാണിഭക്കാർ സൈഡായി കൊണ്ടുപോകുന്ന ഒരു കുഞ്ഞുപരിപാടിയാണിത്. വീടുകളിലൊന്നും സാധാരണ ഇതുണ്ടാക്കാറില്ല. വലിയ കൂൾബാറുകളിലും കിട്ടില്ല. ഇത് ഏകദേശം അവൽപ്രഥമൻ പോലിരിക്കും. ഇതിൽ ചേർക്കേണ്ട അവൽ സാധാരണ കാണുന്ന വെളുത്ത കട്ടികുറഞ്ഞ അവലല്ല. ഇടിച്ചുണ്ടാക്കുന്ന അല്പം കട്ടികൂടിയ അത്ര വെളുപ്പല്ലാത്ത അവലില്ലേ ( അതിന്റെയൊക്കെ പേരെന്താണോ എന്തോ...!!)

ചേരുവകൾ
 
1) ഒരു ഗ്ലാസ് പാൽ
2) ചെറുപഴം 5, 6 എണ്ണം (നല്ല ഞാലിപ്പൂവനായാൽ ബെസ്റ്റ്)
3) ഒരു 3, 4 ടീസ്‌പൂൺ അവൽ ( അവൽ ഏതു വേണമെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്)
4) വെള്ളം (അത്യാവശ്യമല്ല എന്നാലും ആ പാലെടുത്ത ഗ്ലാസ് കൈയിലില്ലേ അതിൽ ഒരു കാൽഗ്ലാസ് മതി)
ഇത്രേം മതി - എന്നാലും ഒരു വഴിക്ക് പോവുകയല്ലേ ഇതും കൂടിയിരിക്കട്ടെ
5) ഒരല്പം ഏലക്ക (4,5 എണ്ണം മതിയാവും) ഒന്ന് ചതച്ചെടുത്തോളൂട്ടോ
6) കുറച്ച് ഉണക്ക മുന്തിരി - അതും വളരെ കുറച്ച് മതി
7) പഞ്ചസാര - എനിക്കിഷ്ടമല്ലാട്ടോ എന്നാലും കുറച്ചിട്ടോളൂ - കുറച്ച് മതി.

ഉണ്ടാക്കേണ്ട വിധം
 പഴങ്ങൾ തൊലിയൊക്കെ കളഞ്ഞ് സുന്ദരക്കുട്ടപ്പനാക്കിവെയ്ക്കുക. വേണമെങ്കിൽ ഓരോ പഴവും ഈരണ്ട് കഷ്ണമാക്കി മുറിച്ചിട്ടോളൂ.  എന്നിട്ട് ഇത് മിക്സിയിൽ ഇട്ട് പാലും (വെള്ളം വേണമെങ്കിൽ വെള്ളവും) പഞ്ചാസാരയും ചേർത്ത് ഒന്നു കറക്കി എടുക്കുക. അതിലേക്ക് ബാക്കിയുള്ള അവൽ, ഏലക്ക, മുന്തിരി ഒക്കെ ചേർത്ത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക. അവൽ അധികം പൊടിഞ്ഞ് പോവരുത് കേട്ടോ...!

ഇനിയൊന്നു രുചിച്ചു നോക്ക്യേ!!! എന്താ ടേസ്റ്റ്!! നല്ല ഉച്ചയ്ക്ക് ഇത് രണ്ട് ഗ്ലാസ് തട്ടിയാൽ അന്നെത്തെ കാര്യം കുശാലായി. വഴിയോരങ്ങളിൽ വാണിഭക്കാർ ഇത് മിക്സിയിലിട്ട് അടിച്ചിട്ടൊന്നുമല്ല തരിക, അവർ ഒരു മുരടയിൽ പഴങ്ങൾ ഇട്ടിട്ട് മരം കൊണ്ടുണ്ടാക്കിയ ഗദപോലൊരു സാധനം കൊണ്ട് ഉടച്ചുടച്ചാണിതുണ്ടാക്കുന്നത്. മിക്സിയിലിട്ടാൽ കാര്യം എളുപ്പമായി..



ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

1 comment:

  1. നന്നായി പ്രാക്ടീസ് ചെയ്തു പഠി..
    മഞ്ജു ചേച്ചി വരുമ്പോ ഇനീം ചെയ്യാന്‍ ഉള്ളതല്ലേ .. ഹി ഹി .. :)))

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License