Thursday, January 24, 2013

ഭാവശുദ്ധി!!

പണ്ട് തെക്കൻ കേരളത്തിൽ പണിയെടുത്തിരുന്ന സമയത്തെ പരിചയമായിരുന്നു. സുന്ദരി, സുമുഖി, സുഭാഷിണി, സുശീലയെന്നും തോന്നി. തുളസിക്കതിർ, മുല്ലപ്പൂ, ശിവക്ഷേത്രം ഓർമ്മയിൽ ഒരു നല്ല മഴക്കാലം അവൾ സമ്മാനിച്ചു. അപ്പനേതോ കപ്പലിൽ, അമ്മ വീട്ടിലൊറ്റയ്‌ക്ക്, ഇവളവിടെ ഹോസ്റ്റലിൽ. ഒരിക്കൽ ഏതോ ഒരു ഫോൺകോളിനെ ദൂരെ തമിഴ് നാട്ടിലെന്തോ പഠിക്കുന്ന ചേട്ടനെന്നും പരിചയപ്പെടുത്തി. പരിചയപ്പെട്ട് കുറച്ചു കാലം കഴിഞ്ഞു. സി പ്രോഗ്രാമിങിനെ പറ്റി മുടിഞ്ഞ സംശയമായിരുന്നു പെണ്ണിന്. ഫെയ്സ് ഡിറ്റക്ഷൻ  ചെയ്യുന്ന ഒരു സി പ്രോഗ്രാമിന്റെ പണിപ്പുരയിലായിരുന്നത്രേ കോളേജിൽ സൗഹൃദഗ്രൂപ്പ്. ഇവൾക്കും ഉണ്ടൊരു മൊഡ്യൂൾ. മൊബൈലിലൂടൊയൊക്കെ പ്രോഗ്രാമിങ് എഴുതിക്കൊടുക്കേണ്ട ഗതികേടിലായി ഞാൻ.

ഞാനവിടം വിട്ടു; പാതി വഴിയിലവലെ ഉപേഷിച്ച് ഞാനിങ്ങ് പോന്നു - പിൻവിളിയായി അവൾ പുറകേ കൂടി. ഒരിക്കൽ അവൾ ഒരു പ്രൊഫൈലയച്ചു തന്നു. ചേട്ടനാ, ചേട്ടൻ ജോലി നോക്കുന്നു, പഠനം കഴിഞ്ഞു, സഹായിക്കണം! ഞാനൊട്ടൊന്ന് അന്വേഷിച്ചു - പിന്നെ മടുത്തു. പിന്നെ ചോദിച്ചതുമില്ല അവൾ മിണ്ടിയതുമില്ല. അവൾ ചേട്ടനോടൊത്ത് ഒരു ജനുവരി രാവിലെ മുന്നാറിൽ പോയി എന്നെ വിളിച്ച് അവിടുത്തെ തണുപ്പിനെ പറ്റി പറഞ്ഞു കൊതിപ്പിച്ചു... ഗുരുവായൂരമ്പലത്തിലെ ആൾത്തിരക്കിനെ പറ്റി പറഞ്ഞെന്നിൽ ഒരിക്കലവൾ ആധിയുണ്ടാക്കി. ചേട്ടനുണ്ടല്ലോ കൂടെ - ആശ്വാസം!

ദൂരേക്ക് കല്യാണം കഴിച്ചയക്കാൻ അവളുടെ അമ്മ സമ്മതിക്കില്ല - അമ്മയുടെ കൺവെട്ടത്ത് വേണമവൾ. ഇപ്പോൾ ഹോസ്റ്റലിൽ താമസിക്കുമ്പോൾ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും അമ്മയുടെ മടിത്തട്ടിലെത്തണം. അച്ഛൻ കപ്പലിറങ്ങിവരുമ്പോൾ ഒരു പക്ഷേ ഇത്തവണ കല്യാണമുണ്ടാവും. അച്ഛൻ വന്നു ഒരിക്കലവൾ വ്യാകുലയായി. കല്യാണമായി. മറ്റൊരു കപ്പൽക്കാരൻ! വീട്ടിലെ ആദ്യകാല അസ്വസ്ഥതകൾ അവൾ പങ്കുവെച്ചു. പൊരുത്തക്കേടുകളിൽ അവൾ തേങ്ങി. ആ തേങ്ങലുകൾ എന്റെ ഉള്ളം പൊള്ളിച്ചു. കാലമെല്ലാം ശരിയാക്കി. അവൾ ഒരു സുന്ദരിക്കുഞ്ഞിന്റെ അമ്മയായി... പ്രാരാബ്ധങ്ങൾ കൂടി. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവൾ എന്നെ വിളിച്ചു. വർഷങ്ങൾ ആറുപോയി. പാഴായിപ്പോകാത്ത സ്നേഹത്തിന്റെ പരിശുദ്ധിയിൽ ഞാനേറെ ആഹ്ലാദിച്ചു. സുന്ദരിക്കുട്ടി പുത്തനുടുപ്പിട്ട്, പുസ്തകമെടുത്ത് സ്കൂളിൽ പോയ ദിവസം അവളെന്നെ വിളിച്ച് വെറുതേ കരഞ്ഞു... സന്തോഷം കൊണ്ട്.

ഉന്നുച്ചയ്ക്ക് അവൾ എന്നെ വിളിച്ചു. അവളുടെ ഭർത്താവിന്റെ ചേച്ചിയുടെ മകന് ഒരു ജോലി വേണമത്രേ! സിവി അയച്ചു തരാൻ പറഞ്ഞു. അരമണിക്കൂറിനുള്ളിൽ ബയോഡാറ്റ എത്തി! പണ്ടവളുടെ ചേട്ടനെന്നു പരിചയപ്പെടുത്തിയ ആളുടെ അതേ പേര്. യാദൃശ്ചികതയാവാം. എങ്കിലും വെറുതേ, വെറും വെറുതേ, ഞാനെന്റെ ഇന്റെർ ആക്റ്റിൽ (ഓഫീസിലുള്ള ഒരു ആപ്ലിക്കേഷൻ) റെസ്യൂം പ്രോയിൽ നിന്നും ആ പഴയ റെസ്യൂമെ ഡൗൺലോഡ് ചെയ്തു നോക്കി!! ഈശ്വരാ!! രണ്ടുമൊന്നാണല്ലോ!! ചെന്നൈയിലെ 2 കമ്പനികളിലായി 3 വർഷം പ്രവർത്തിച്ചതിന്റെ പരിചയം മാത്രം അധികമായുണ്ട്! ഞാനവളെ വിളിക്കാൻ ഫോൺ എടുത്തു!! അല്ലെങ്കിൽ വേണ്ട!! എന്തിനാ മൈര്!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License