Sunday, March 22, 2015

നല്ലരിയുമായി മനോജ് വീണ്ടും!

മനോജിന്റെ പോസ്റ്റ് വായിക്കുക:
സുഹൃത്തുക്കളെ, വീട്ടില്‍ കൃഷിചെയ്തുണ്ടാക്കിയ കൂര്‍ക്ക അധികമുണ്ടായപ്പോള്‍, അത് ഓണ്‍ലൈനിലൂടെ വിതരണം ചെയ്ത ചെറിയ ശ്രമത്തിന് (http://goo.gl/nAsXZp) ഒരുപാട് പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്വന്തം പാടത്തെ നെല്ല് അരിയാക്കി ആവശ്യക്കാര്‍ക്കെത്തിയ്ക്കാനുള്ള ഒരു ആലോചനയിലാണ്. നെല്‍കൃഷി വീട്ടില്‍ പണ്ടുമുതലേ ഉള്ളതാണ്. സ്വന്തം പാടത്തുവിളഞ്ഞ നെല്ല്, പുഴുങ്ങിക്കുത്തി അരിയാക്കിയാണ് ഇപ്പോഴും ചോറുണ്ണുന്നത്. വീട്ടാവശ്യത്തിനുള്ളതെടുത്ത ശേഷം ഒരു സീസണില്‍ ഏകദേശം 10 ടണ്ണോളം നെല്ലാണ് സപ്ലെയ്ക്കോ പോലുള്ള പൊതുവിതരണ സംവിധാനത്തിലേയ്ക്ക് കൊടുത്തുവരുന്നത്. ജൈവകൃഷിയിലൂടെ ചെയ്ത നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലാത്തതും അതിന് മതിയായ വില ലഭിക്കാത്തതും സാധാരണയെടുക്കുന്ന നെല്ലിന് സമയത്തിന് പണം ലഭിക്കാത്തതുമൊക്കെ മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളിലുണ്ട്.

മുന്‍വര്‍ഷങ്ങളിലായി നിരവധി ജൈവകൃഷിശ്രമങ്ങള്‍ ഞങ്ങളുടെ അടാട്ട് ഒമ്പതുമുറി കോള്‍പ്പാടശേഖരത്തില്‍ നടന്നിട്ടുണ്ടെങ്കിലും പലപ്പോഴും വേണ്ടത്ര പിന്തുണകളില്ലാത്തതിനാല്‍ തുടര്‍ച്ചകളില്ലാതെ പോയി. കഴിഞ്ഞ വര്‍ഷം അടാട്ട് കൃഷിഭവന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച ശ്രമങ്ങള്‍ ഇന്ന് ജൈവം അമൃതം എന്ന പേരില്‍ അടാട്ട് ഫാര്‍മേഴ്സ് സൊസൈറ്റിയുടേയും കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടേയുമൊക്കെ പിന്തുണയോടെ വളരെ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്റെ പാടത്തെ നെല്ല് അരിയാക്കി, ആവശ്യക്കാര്‍ക്കെത്തിയ്ക്കാനുള്ള ഒരു പരീക്ഷണത്തിനാണ് ശ്രമിക്കുന്നത്.

അരിയാക്കുമ്പോഴുള്ള റിസ്ക്ക് കൂടുതലായതിനാല്‍ ആവശ്യക്കാര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ തന്നാല്‍ വളരെ ഉപകാരമായിരിക്കും. ഇടയ്ക്കുവന്ന വേനല്‍മഴ കാരണം കൊയ്ത് വൈകുകയാണ്.എല്ലാം ഭംഗിയായി നടന്നാല്‍ അടുത്ത ആഴ്ചയോടെ കൊയ്ത്ത്, വിഷുവിനോടനുബന്ധിച്ച് അരിയായി വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍: ഉമ എന്ന നെല്ലിനമാണ്. ഒറ്റപ്പുഴുക്കില്‍ തവിടുകളയാത്ത ചുവന്ന അരിയാണ് പ്രോസസ്സ് ചെയ്യാനുദ്ദ്യേശിക്കുന്നത് (ഫോമിലെ ഫീഡ്ബാക്ക് അനുസരിച്ച്).കൈകാര്യം ചെയ്യാനെളുപ്പത്തിന് 10 കിലോ ബാഗുകളിലായിട്ടാണ് പാക്ക് ചെയ്യുന്നത്. ജൈവകൃഷിയായതിനാല്‍ ചിലവ് കൂടുതലും അതനുസരിച്ചുള്ള വിളവ് കുറവുമെന്നുമുള്ള അവസ്ഥയുണ്ട്.കൃഷിചെയ്ത നെല്ല് 25രൂപയ്ക്കാണ് സംഭരിക്കുന്നത്. പ്രോസസ്സിങ്ങും ട്രാന്‍സ്പോര്‍ട്ടേഷനും പാക്കിങ്ങിന്റേയും ചിലവ് ഒക്കെ ചേര്‍ത്ത്, ഒരു കിലോവിന് 65-70 രൂപയ്ക്കടുത്ത് ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ച് ഇത് വലിയ തുകയാണെന്ന് അറിയാതെയല്ല. വാങ്ങാന്‍ സാധിക്കുന്നവര്‍ ഈ സംരംഭത്തിന് പിന്തുണയ്ക്കണമെന്നും നിങ്ങളുടെ സുഹൃത്ത് വലയത്തിലേയ്ക്ക് പങ്കുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ജൈവവൈവിധ്യസമ്പുഷ്ടമായ തൃശ്ശൂരിലെ കോള്‍പ്പാടങ്ങളെക്കുറിച്ച് തളിര് മാസികയില്‍ എഴുതിയ ലേഖനം http://goo.gl/eVogud ഇതൊരു പരീക്ഷണമായതുകൊണ്ടും ഇങ്ങനെയുള്ളവ ചെയ്ത് മുന്‍പരിചയമില്ലാത്തതുകൊണ്ടും കൂര്‍ക്ക പോലെ കാര്യങ്ങള്‍ എളുപ്പമല്ലാത്തതുകൊണ്ടും നിങ്ങളുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും സഹായങ്ങളും ആവശ്യമുണ്ട്. ഓര്‍ഡര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോമിലേയ്ക്കുള്ള ലിങ്ക് http://goo.gl/xTw3N9 നന്ദി മനോജ്.കെ


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License