Wednesday, June 10, 2015

June 10, 2015 at 05:55AM

കഴിഞ്ഞ 6,7 തീയ്യതികളിൽ നടന്ന വിക്കി പഠനശിബിരത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരിയിൽ പോകേണ്ടി വന്നു. പെരുന്നയിലെ ഗേൾസ് ഹൈസ്കൂളിലായിരുന്നു പഠനശിബിരം. വിക്കി ഡിജിറ്റൈസേഷൻ സംസ്ഥാനതല ജേതാക്കളായ ജില്ലയിലെ കുട്ടികൾക്കുള്ള സമ്മാനവിതരണ അതോടനുബന്ധിച്ച് നടന്നിരുന്നു. പഠനശിബിരം കഴിഞ്ഞ് ഐടി@സ്കൂൾ കോഡിനേറ്ററായ ടോണി മാഷും സഹ അദ്ധ്യാപകരും ഞങ്ങളെ കൊണ്ടുപോയത് അടുത്തു തന്നെയുള്ള ചരിത്രപ്രാധാന്യമുള്ള ചില സ്ഥലങ്ങളിലേക്കായിരുന്നു. അതിൽ ഒന്നാണ് താഴെ കാണുന്ന ചിത്രങ്ങളിൽ ഉള്ളത്. ചങ്ങനാശേരിക്കടുത്ത്, മുൻ എൻ എസ്, എസ് ജനറൽ സെക്രട്ടറി ശ്രീ നാരായണ പണിക്കരുടെ വീടിന്റെ പുറകുവശത്തായി ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഈ പ്രാചീന ക്ഷേത്രാവശിഷ്ടങ്ങൾ കാണുന്നത്. ജൈന-ബുദ്ധ പാഠശാലകളിൽ ഒന്നായിരുന്നു ഇതെന്ന് പൊതുവേയുള്ള സംസാരം. ഇതുവരെ പുറം ലോകം അധികം അറിയാത്ത ഈ ക്ഷേത്രാവശിഷ്ടം കൃത്യമായി സംരക്ഷിക്കേണ്ടതുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ശേഷിപ്പുകൾ ഇന്നൊരു സ്വകാര്യവ്യക്തിയുടെ ജന്മാവകാശമായി മാറീയിരിക്കുന്നു. സ്ഥലമുടമ പുറത്തു നിന്നും ഒരാളെ പോലെ അങ്ങോട്ട് അടുപ്പിക്കില്ലെന്ന് വണ്ടി നിർത്തും മുമ്പ് തന്നെ ടോണിമാഷു പറഞ്ഞിരുന്നു. ഒരിക്കൽ ചിത്രമെടുക്കാൻ ചെന്ന മാഷിന്റെ സഹപ്രവർത്തകനോട് സ്ഥലമുടമ 5000 രൂപ ചോദിച്ചത്രേ! ഞങ്ങൾ എത്തിച്ചേരുമ്പോൾ സമീപത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ടോണിമാഷും സുഗീഷും മനോജും മറ്റും ഓടിനടന്നു ചിത്രങ്ങൾ എടുത്തുതുടങ്ങി, അന്നേരം എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാൾ മുന്നിൽ വന്നുനിന്നു. ചിത്രങ്ങൾ എടുക്കരുത് എന്നാവശ്യപ്പെട്ടു. എന്തായാലും കാരണം തിരക്കണമല്ലോ എന്നോർത്ത് ഞാൻ കാര്യമെന്തെന്ന് ചോദിച്ചു. ഇവിടുന്ന് ചിത്രമെടുത്ത് പോയവരൊന്നും നേരെ ആയിട്ടില്ല എന്നും അതു പാടില്ല എന്നും അയാൾ തീർത്തു പറഞ്ഞു. പേരു ചോദിച്ചപ്പോൾ അജിത് ആണെന്നും ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞു. അയാളുടെ സ്വകാര്യസ്വത്താണത്രേ ഇത്! മൂപ്പരുടെ നിൽപ്പും ഭാവവും അത്ര പന്തിയല്ലെന്നു തോന്നിച്ചു. കൂടെ സഹായിക്കാനായി ഭാര്യയും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു പബ്ലിസിറ്റി കിട്ടിയാൽ തന്നെ സ്ഥലം നഷ്ടപ്പെടുമെന്നുള്ള വേവലാതിയാവാം ആ ഡോക്ടറെ ഒരു അന്ധവിശ്വാസി ചമയാൻ പ്രേരിപ്പിച്ചത്. പക്ഷേ, ചരിത്രസ്മാരകങ്ങൾ ഇങ്ങനെ കാടുപിടിച്ച് നശിക്കേണ്ടതല്ല. വേണ്ടപ്പെട്ടവരുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഇവിടേക്ക് എത്തിച്ചേരേണ്ടതുണ്ട്. പരിസരം ഖനനം ചെയ്തുനോക്കിയാൽ പല നല്ല തെളിവുകളും കിട്ടുമെന്നത് ഉറപ്പാണ്.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License