Wednesday, July 25, 2018

July 25, 2018 at 06:28AM

#മേൽമുണ്ട്കലാപം ക്രൈസ്തവമിഷണറിമാർ നടത്തിയ ഈ കലാപം അല്ലെങ്കിൽ വിപ്ലവകരമായ മാറ്റം ആയിരുന്നു തിരുവിതാംകൂറിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കും മറ്റും തുടക്കം കുറിച്ചത് എന്നു കരുതുന്നു. തിരുവിതാംകൂറിന്റെ നവോത്ഥാനാത്തിനു തുടക്കം കുറിച്ചതു തന്നെ ഇതായിരിക്കാം! ചരിത്രത്തിൽ ഇവിടെ മിഷണറി വരുന്നില്ല. #ചാന്നാർലഹള എന്നപേരിൽ ഏതോ ചരിത്രാഖ്യായകർ മാറ്റിയിരിക്കുന്നു, - ചാന്നാന്മാർ വരുത്തിയ ലഹള എന്നായി മാറിയിരിക്കുന്നു!! അന്നത്തെ കാലത്ത് ഒരുപക്ഷേ ചാന്നാർലഹളയെന്ന പേര് അനിവാര്യവുമായിരുന്നിരിക്കാം. മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം എന്നപേരിൽ ഇന്നറിയപ്പെടുന്ന ഈ ലഹള. #മാറുമറയ്ക്കൽ സമരം, #ശീലവഴക്ക്, #മുലമാറാപ്പ് വഴക്ക്, #മേൽശീലകലാപം, #നാടാർലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു. അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, ചാന്നാർ, പുലയർ, കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല. ഈ ദുരാചാരം ബ്രാഹ്മണമേധാവികൾ നാടാർ സമുദായംഗങ്ങൾക്കുമേലും അടിച്ചേൽപ്പിച്ചു. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ശാസനകൾ മതപരമായ കീഴ്‌വഴക്കമായി കണ്ടിരുന്നതിനാൽ ഈ വസ്ത്രസ്വാതന്ത്ര്യ നിഷേധത്തിൽ അസംതൃപ്തരായിരുന്നെങ്കിലും അധികമാരും പ്രതിഷേധിച്ചിരുന്നില്ല അന്ന്. എന്നാൽ ക്രൈസ്തമസമൂദായത്തിലേക്ക് മാറിയവർ മിഷ്ണറിമാരുടെ നേതൃത്വത്തിൽ ഇത് കൂറുതൽ വ്യാപൃതമാക്കി മാറ്റുകയായിരുന്നു.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License