Friday, October 05, 2012

മലയാളം വിക്കിപീഡിയ പത്താം വാർഷിക നിറവിൽ

മലയാളത്തിന് അഭിമാനകരമായ 10 വർഷങ്ങൾ!!  മലയാളം വിക്കിപീഡിയ അതിന്റെ പത്താം വാർഷിക നിറവിൽ എത്തിയിരിക്കുന്നു. അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. 2002 ഡിസംബർ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായയിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മദ്ധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു.

മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.

മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ‍ക്രമേണ വിജ്ഞാന സംഭരണ സംരംഭമായ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.

ഇന്ന്, പത്താം വാർഷകത്തോട് അടുക്കുമ്പോൾ വിക്കിപീഡിയ അതിന്റെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കിചൊല്ലുകൾ എന്നിവയോടൊന്നിച്ച് മലയാളത്തിന് അഭിമാനിക്കാവുന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു. നിരവധിയാളുകളുടെ പ്രയത്നം ഈ വിജയത്തിനു പിന്നിലുണ്ട്. തങ്ങളുടെ വിലയേറിയ സമയങ്ങളിൽ അല്പം വിക്കിപീഡിയയ്ക്കുവേണ്ടി മാറ്റിവെച്ച എല്ലാ സുമനസ്സുകൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License