Thursday, October 25, 2012

പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ

കെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!!
ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു... ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക്  കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു.

അകത്തേക്ക് കയറാൻ 30 രൂപ... അതുകഴിഞ്ഞ് ഉള്ളിൽ കുറച്ച് ഫോട്ടോസ് വെച്ചിരിക്കുന്നത് കാണാൻ 20 രൂപ, ഓരോ മുക്കിലും മൂലയിലും (ഏകദേശം 25 ഓളം പേർ) കൈ ഇല്ലാത്ത കുഞ്ഞിന്റേയും കാലില്ലാത്ത കുഞ്ഞിന്റേയും ചിത്രങ്ങളും മറ്റും വെച്ച് ചാരിറ്റി എന്നും പറഞ്ഞ് പണം പിരിക്കാൻ ആൾക്കാരെ നിർത്തിയിരിക്കുന്നു... പണം പിരിക്കാൻ വലിയ രണ്ട് പ്രതിമയും വെച്ച് വലവിരിച്ചിരിക്കുകയാണിവിടെ ഒരു കൂട്ടം ആൾക്കാർ! ഇസ്‌കോണിന്റെ മാതൃകയിൽ ശിവ പ്രതിമ വെച്ച് വലിയൊരു ബിസിനസ് സ്ഥാപനം!

ഉള്ളിലേക്ക് കയറാൻ രണ്ട് ടിക്കറ്റ് എടുത്തിട്ട് 100 രൂപകൊടുത്ത എനിക്ക്  ബാക്കി നാല്പതു രൂപ കിട്ടിയത് ഏകദേശം മുഴുവനായും നെടുകേ കീറിയ നോട്ടുകളായിരുന്നു. അതു വേണ്ടെന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്കുന്ന പെണ്ണു പറഞ്ഞത്  ഇത് ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല ഭക്തർ തന്നതാണ് എന്ന്! അവിടെ തുടങ്ങി എന്റെ കലിപ്പ്!

വിജയദശമി ദിവസമായതിനാലോ എന്തോ, നല്ല തിരക്കായിരുന്നു അവിടെ. ഇവരീ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും എത്ര ശതമാനം അവർ ചിത്രങ്ങളാക്കി അവിടവിടങ്ങളിൽ കെട്ടിത്തൂക്കി വെച്ച് പാവങ്ങൾക്ക് കിട്ടുന്നുണ്ടാവും?  ഇതിനു ടാക്സും മറ്റും ബാധകമായിരിക്കുമോ?  ആർ. വി. എം. ഫൗണ്ടേഷന്റെ സ്ഥാപകൻ മിസ്റ്റർ. ആർ.വി.എം (പേരെന്താണോ എന്തോ!!) -ന്റെ ബഹുവർണ ചിത്രങ്ങളും ലോഗോയും അങ്ങിങ്ങായിട്ടുണ്ട്!

നാട്ടിൽ നിന്നും ബാഗ്ലൂർ വിസിറ്റിനെത്തുന്നവരെ കാണിച്ചുകൊടുക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. പക്ഷേ, അവിടേക്ക് പോകുമ്പോൾ ഒരുകെട്ട് നോട്ടുകളുമായി പോകേണ്ടി വരും എന്നതാണു പ്രശ്നം! അല്ലെങ്കിൽ അവരിൽ ചിലരുടെ പുച്ഛം നിറഞ്ഞ നോട്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വരും :(


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License