Wednesday, December 12, 2018

2018-11-27T00:54:47.000Z

വൈറസുകളുടെ ഘടനയെക്കുറിച്ചും, ചൊവ്വ ഗ്രഹത്തിലെ പ്രദേശങ്ങളെക്കുറിച്ചും, സബ് ആറ്റോമിക്ക് കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഇപ്പോൾ നമുക്ക് വളരെ ഏറെ കാര്യങ്ങൾ അറിയാം. പക്ഷെ ഇപ്പഴും പൂർണമായും നിഗൂഢമായ ഒരു ദ്വീപും അതിലെ മനുഷ്യരും ഇന്ത്യയുടെ ഭാഗമായ ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലുണ്ട്. നോർത്ത് സെന്റിനെൽ ദ്വീപ് ആണത്. ലോകത്തിലെ ഏറ്റവും നിഗൂഢ പ്രദേശങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പോർട്ട് ബ്ളേറിൽനിന്നും അൻപത് കിലോമീറ്റർ ദൂരെ യുള്ള 59 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള, എകദേശം സമചതുരരൂപമുള്ള രൂപമുള്ള ഈ കുഞ്ഞ് ദ്വീപ്. ഇവിടത്തെ കൊടും കാട്ടിനുള്ളിലേക്ക് ഇതുവരെയും പുറമേനിന്നും ഒരു മനുഷ്യരും കയറീട്ടില്ല. ചുറ്റും പവിഴപുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ദ്വീപിലേക്ക് അടുക്കാൻ പ്രയാസമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർവേ ഉദ്ദ്യോഗസ്ഥനായ ജോൺ റിച്ചി 1771 ഈ ദ്വീപിനടുത്ത് കൂടി കപ്പലിൽ സഞ്ചരിച്ചപ്പോഴാണ് ഇവിടെ മനുഷ്യവാസമുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. പിന്നെയും നൂറു വർഷത്തോളം ആരും അങ്ങോട്ട് പോയിട്ടില്ല. 1867 ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് മണ്ണിലുറച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംമ്പർമാരും അടങ്ങിയ 106 പേർ കരയിലെക്ക് നീന്തി. പക്ഷെ കടുത്ത ആക്രമണമാണ് അവർക്ക് കരയിൽ നിന്ന് നേരിടേണ്ടി വന്നത്. തിരിച്ചോടിക്കപ്പെട്ട അവരിൽ കുറേപ്പേറെ റോയൽ നാവിയുടെ രക്ഷാ സംഘമാണ് കണ്ടെത്തി രക്ഷിച്ചത്. ഇതോടു കൂടി നാവികരുടെ പേടീ സ്വപ്നമായി സെന്റിനൽ ദ്വീപ്. ആദ്യ സന്ദർശകൻ എം.വി.പോർട്ട്മാൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഗോത്രവർഗ്ഗക്കാരേയും അവരുടെ ജീവിതത്തേയും പറ്റി പഠിക്കാനായി തന്റെ ഇരുപതാമത്തെ വയസിൽ 1880 ൽ ഇവിടെ കപ്പലടുപ്പിച്ചു. അതിന് ശേഷമാണ് ആദ്യമായി ലോകം ഇവിടുത്തെ മനുഷ്യരെ കുറിച്ച് കൂടുതൽ അറിയുന്നത്. അവരുടെ സംഘം ദ്വീപിലിറങ്ങിയപ്പോൾ തന്നെ അവിടെയുള്ള മനുഷ്യരെല്ലാം ഉൾവനത്തിലേക്ക് ഓടി മറഞ്ഞു. അക്കാലത്തെ ബ്രിട്ടീഷ് രീതിയനുസരിച്ച്, സൗഹൃദപരമല്ലാത്ത ഗോത്രങ്ങളുമായി അടുപ്പം സ്ഥാപിക്കാൻ ഉപയോഗിക്കുന്ന തന്ത്രം അദ്ദേഹവും ഇവിടെ ഉപയോഗിക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ ആരെയെങ്കിലും ഒന്നു രണ്ട് പേരെ ബലമായി തട്ടിയെടുക്കുക. അവർക്ക് നന്നായി ഭക്ഷണവും സമ്മാനവും നൽകി സന്തോഷിപ്പിച്ച് തിരിച്ച് അവിടെ തന്നെ കൊണ്ടു വിടുക. പക്ഷെ ഒരാളെ പിടികൂടാൻ പോലും അദ്ദേഹത്തിന്റെ സംഘത്തിന് എളുപ്പത്തിൽ സാധിച്ചില്ല. ദിവസങ്ങൾ തീരത്തും അത്പം ഉൾക്കാട്ടിലും അലഞ്ഞ സംഘത്തിന് ഒഴിഞ്ഞ് പോയ താമസ സ്ഥലങ്ങൾ മാത്രമെ കാണാൻ കഴിഞ്ഞുള്ളു. . അവസാനം വൃദ്ധ ദമ്പതികളും അവരുടെ നാലു മക്കളും അടങ്ങിയ ആറു പേരുടെ ഒരു കൂട്ടത്തെ അവർക്ക് പിടികൂടാൻ പറ്റി.. കപ്പലിൽ കയറ്റി പോർട്ട്ബ്ളേറിൽ കൊണ്ടു വന്നപ്പോൾ തന്നെ വൃദ്ധർ അസുഖം പിടിപെട്ട് മരിച്ചു. പുറം ലോകവുമായി അറുപതിനായിരം വർഷമായി വിട്ടു നിൽക്കുന്ന അവരുടെ ശരീരത്തിന് നമുക്ക് സാധാരണമായ ചെറിയ രോഗങ്ങളോട് പോലും പ്രതിരോധശക്തി ഉണ്ടായിരുന്നില്ല. പുതിയ രോഗാണുക്കളെ അവരുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് ഒട്ടും പരിചയമില്ല. ഉടനെ തന്നെ നാവികർ കുട്ടികളെ തിരിച്ച് ദ്വീപിൽ ഉപേക്ഷിച്ചു. കൂടെ ഭക്ഷണവും കുറേ സമ്മാനങ്ങളുമൊക്കെ തീരത്ത് വെച്ചു. സൗഹൃദം സ്ഥാപിച്ച് അവരെപറ്റി പഠിക്കുകയായിരുന്നു ഉദ്ദേശം. പക്ഷെ ആദ്യമായുണ്ടായ ഈ ദുരനുഭവം അവരെ പുറം ലോകത്തുള്ളവരെ മുഴുവൻ ശത്രുക്കളായി കാണുന്ന തീരുമാനത്തിലെത്തിച്ചുകാണണം.1885 നും 1887 നും ഇടയിൽ പോർട്ട്മാൻ നിരവധി തവണ ദ്വീപിലെത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. പിന്നീട് ദീർഘ കാലം ഉത്തര സെന്റിനെൽ ദ്വീപ് വിസ്മൃതിയിൽമറഞ്ഞു കിടന്നു. പണ്ഡിറ്റിന്റെ സന്ദർശന വിജയം ചന്ദ്രനിൽ മനുഷ്യർ കാലുകുത്തീട്ടും ഈ ദ്വീപിനുള്ളിലെ കാടുകളിൽ പുറം ലോക മനുഷ്യന്റെ പാദസ്പർശം ഉണ്ടായില്ല. ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയരക്ടറായ ത്രിലോക നാഥ് പണ്ഡിറ്റിന്റെ നേതൃത്വത്തിൽ 1967 മുതൽ അവിടം സന്ദർശിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പുറം കടലിൽ നങ്കൂരമിട്ട ഇന്ത്യൻ നാവിയുടെ കപ്പലിൽ നിന്നും ചെറു ബോട്ടിൽകയറി നാവികരും ആയുധ ധാരികളായ പോലീസുകാരും ദ്വീപിനടുത്ത് എത്തിയപ്പോൾ തന്നെ അവിടുത്തുകാർ ഉൾക്കാടുകളിൽ ഒളിച്ചു. പല സമ്മാനങ്ങളും ഭക്ഷണവും ഒക്കെ അവിടെ നിക്ഷേപിച്ച് അവർ മടങ്ങി. 1974 ൽ നാഷണൽ ജിയോഗ്രാഫിക്ക് ചാനലിനു വേണ്ടി ഒരു ഡോക്കുമെന്ററി നിർമ്മിക്കാനായി എത്തിയ ആന്ദ്രോപോളജിസ്റ്റുകളും ഫോട്ടോഗ്രാഫറുമടങ്ങിയ സംഘത്തിനു നേരെ സെന്റിനെലി ഗോത്ര മനുഷ്യർ അമ്പെയ്തു തുടങ്ങി. കവചിത വസ്ത്രങ്ങൾ ധരിച്ച പോലീസുകാർ കരയിലിറങ്ങി ചില സമ്മാനങ്ങൾ തീരത്ത് കൊണ്ട് വെച്ച് വേഗം മടങ്ങി. ഒരു പ്ലാസ്റ്റിക്ക് കളിപ്പാട്ട കാർ, കെട്ടിയിട്ട പന്നി, പാവ, തേങ്ങകൾ, അലുമിനിയം പാത്രം എന്നിവ. ആക്രമണത്തിൽ ഫോട്ടോ ഗ്രാഫറുടേ തുടക്ക് അമ്പ് കൊണ്ട് ഗുരുതരമായി പരിക്കുപറ്റി. ഗോത്ര മനുഷ്യർ, തീരത്ത് കെട്ടിയ പന്നിയും ബാക്കി സാധനങ്ങളും മണലിൽ കുഴിച്ചു മൂടി. അലൂമിനിയ പാത്രവും തേങ്ങയും മാത്രം എടുത്ത് കാട്ടിലേക്ക് മറഞ്ഞു. 1977 ൽ ഒരു കാർഗോ കപ്പൽ ഈ തീരത്ത് കോറൽ റീഫുകളിലിടിച്ച് തകർന്നു. അവയിലെ നാവികരെ ഹെലികോപ്ടറുകളിൽ രക്ഷിച്ച് കൊണ്ടു വന്നെങ്കിലും കപ്പലിലെ പല ഇരുമ്പ് സാമഗ്രികളും സെന്റിനെലി ഗോത്രക്കാർ ചങ്ങാടങ്ങളിലെത്തി കടത്തി കൊണ്ടുപോയി. 1981 ആഗസ്തിൽ പ്രിമ്രോസ് എന്ന കപ്പലും ഇവിടെ പവിഴപ്പുറ്റുകളിൽ ഇടിച്ച് തകർന്നു. അതിലെ 28 നാവികർ ദിവസങ്ങളോളം കപ്പലിൽ സഹായം പ്രതീക്ഷിച്ചു കഴിഞ്ഞു. കരയിൽ കുറേ ആളുകൾ അമ്പും വില്ലും കുന്തവും പിടിച്ച ആക്രമിക്കാനൊരുങ്ങി ചങ്ങാടം ഉണ്ടാക്കുന്നത് അവർ കണ്ടു. അടിയന്തിരമായി വെടിക്കോപ്പുകൾ എത്തിച്ച് തരാൻ അവർ റേഡിയോ സന്ദേശം നൽകി. കൊടുങ്കാറ്റും കടൽക്ഷോഭവും മൂലം രക്ഷക്കായി കപ്പലുകൾക്ക് എത്താൻ കഴിഞ്ഞില്ല. സെന്റിനെലി ഗോത്ര മനുഷ്യർക്ക് അവരുടെ ചങ്ങാടം കടലിലിറക്കാനും കഴിഞ്ഞില്ല. അതിനാൽ നാവികർ രക്ഷപ്പെട്ടു. . ഒരാഴ്ചക്ക് ശേഷം ONGC യുടെ ഹെലിക്കോപ്റ്ററുകൾ ആണ് നാവികന്മാരെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷിച്ച് പോർട്ട് ബ്ലേറിൽ എത്തിച്ചത്. 1991 ജനുവരി 4 ന് ത്രിലോക നാഥ് പണ്ഡിറ്റും സംഘവും വീണ്ടും നടത്തിയ സന്ദർശനം മാത്രമാണ് സൗഹൃദപരമായ ഒന്ന്. ആ പ്രാവശ്യം മാത്രം വലിയ ആക്രമണങ്ങൾ ഒന്നും നടന്നില്ല. വളരെ അടുത്ത് ഈ മനുഷ്യരെ നിരീക്ഷിക്കാനും അവരുടെ ചിത്രങ്ങൾ പകർത്താനും സാഹചര്യം ലഭിച്ചു. സംഘം കൊണ്ടു പോയ തേങ്ങയും മറ്റും അവർ സ്വീകരിച്ചു. എങ്കിലും കൂടെ കൂടെ ഉണ്ടായ ദുരനുഭവങ്ങളും, സമ്പർക്കം മൂലം അവർക്ക് രോഗങ്ങൾ പിടി കൂടി സർവ്വരും മരിച്ചുപോകാം എന്ന സാദ്ധ്യതയും പരിഗണിച്ച് , 1996 ൽ ഇന്ത്യാ ഗവർമെന്റ് ഇവരുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും എന്നത്തേക്കുമായി നിർത്തിവെച്ചു. 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന ഭൂകമ്പവും സുനാമിയും ഈ ദ്വീപിനെ പിടിച്ച് കുലുക്കിയിരുന്നു. സുനാമി വന്നപ്പോൾ ഇവർ ഉയർന്ന പ്രദേശങ്ങളിലും മരങ്ങളിലും കയറി രക്ഷപ്പെട്ടിരിക്കുമോ എന്നറിയാനായി ഇന്ത്യൻ നാവിക സേന നടത്തിയ ആകാശ നിരീക്ഷണങ്ങളിൽ കാട്ടിനുള്ളിൽ കുറച്ച് മനുഷ്യരെ കാണാൻ കഴിഞ്ഞു. അവർ ഹെലിക്കോപ്ടറുകൾക്ക് നേരെ തുരു തുരാ അമ്പുകളെയ്യുകയും കല്ലുക്കൾ വലിച്ചെറിയുകയും ചെയ്യുന്നുണ്ടായിരുന്നു. 2006 ജനുവരിയിൽ അന്തമാൻ മുഖ്യ ദ്വീപിൽ നിന്നുള്ള രണ്ട് മുക്കുവർ കര ഞണ്ടുകളെ പിടിക്കുന്നതിനായി വള്ളങ്ങളിൽ സഞ്ചരിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇവിടെ എത്തി. സെന്റിനെലികൾ അവരെ കൊന്നു കളഞ്ഞു. ഇന്ത്യൻ നിയമ ഘടനക്കുള്ളിൽ പെടുന്നവരാണ് കുറ്റം ചെയ്തതെങ്കിലും ഇവിടത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് ഗവർമെന്റ് കേസെടുത്തില്ല. ആന്ത്രോപോളജിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ , ശാസ്ത്രജ്ഞർ എന്നിവരൊക്കെയുമായി നീണ്ട കാലത്തെ ചൂടേറിയ ചർച്ചകൾക്ക് ഒടുവിൽ ഈ ഗോത്രത്തെ പൊതു ധാരയിലേക്ക് കൊണ്ടു വരേണ്ട എന്നു തീരുമാനിച്ചു. . സർവ്വതന്ത്ര സ്വതന്ത്രരായി ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതും ഇന്ത്യൻ ഭരണഘടനയുടെ ഉത്ത്രവാദിത്വമാണ് എന്ന തിരിച്ചറിവോടെ ദ്വീപിനു ചുറ്റുമുള്ള മൂന്നു മൈൽ പ്രദേശം നിരോധിത മേഖലയായി സർക്കാർ പ്രഖാപിച്ചു. നിലവിൽ ആൻഡമാൻ നിക്കോബാർ കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിലാണെങ്കിലും ഉത്തര സെന്റിനെൽ ദ്വീപ് നിവാസികൾ പൂർണ്ണ സ്വതന്ത്രരാണ്. ആർക്കും അങ്ങോട്ട് പ്രവേശനം ഇല്ല. കഴിഞ്ഞ 12 വർഷമായി അങ്ങോട്ടുള്ള എല്ലാ സഞ്ചാരവും സർക്കാർ നിർത്തിവെച്ചു. പോർട്ട്ബ്ളേറിൽ ഭരണകൂടം അവിടെ ഒരു വിധ ഇടപെടലും ഇല്ലാതെ ഇടക്കുള്ള നിരീക്ഷിണങ്ങൾ മാത്രമായി സംരക്ഷിച്ച് നിലനിർത്താൻ തീരുമാനിച്ചു. സെന്റിനെലി ഗോത്ര മനുഷ്യർ ആധുനിക ലോകവുമായി പൂർണ്ണമായും അകന്ന് ജീവിക്കുന്ന ലോകത്തിലെ അപൂർവ്വ മനുഷ്യ കുലമാണിവരുടേത്. ആഫ്രിക്കയിൽ നിന്ന് ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ആദിമ മനുഷ്യ സഞ്ചാരം നടന്നപ്പോൾ ഇവിടെ എത്തി ഒറ്റപ്പെട്ടുപോയവരാണ് സെന്റിനെലിലെ നെഗ്രിറ്റോസ് വർഗ്ഗക്കാർ എന്നാണ് കരുതപ്പെടുന്നത്. അറുപതിനായിരം വർഷം വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഈ കാട്ടിൽ ഇവർ ജീവിക്കുന്നു. ഇവരുടെ ഭാഷയെ പറ്റി ഒന്നും ഇതുവരെ മനസിലാക്കാൻ ആയിട്ടില്ല. പുറമേ നിന്നുള്ളവരെ ശക്തിയുക്തം എതിർത്ത് ഓടിക്കുന്ന സ്വഭാവക്കാരാണിവർ. ഇവരുടെ ആകെ എണ്ണം 40 നും 500 നും ഇടക്ക് ആയിരിക്കും എന്നാണ് കരുതുന്നത്. 2011 ലെ സെൻസസ് ഉദ്ധ്യോഗസ്ഥന്മാർ ആകശത്ത് നിന്ന് എടുത്ത കണക്ക് പ്രകാരം 12 പുരുഷന്മാരേയും 3 സ്ത്രീകളെയും മാത്രമാണ് കണ്ടെത്തീട്ടുള്ളത് . ബാഹ്യലോകത്ത് നിന്നുള്ള കടന്നുകയറ്റങ്ങളെയും അതു വഴി അപരിചിത രോഗാണുക്കളുടെ ആക്രമണത്തേയും അതിസൂക്ഷമായ ശാരീരിക പ്രതിരോധ സംവിധാനം മാത്രമുള്ള ഇവർക്ക് അതിജീവിക്കാൻ കഴിയില്ല. ഒരു ചെറിയ വൈറൽ പനി മതി ഇവരെ മുഴുവൻ കൊന്നു തീർക്കാൻ. അതിനാൽ ഗവർമെന്റ് വളരെ അടിയന്തിരമായ ശ്രദ്ധയാണ് ഈ മനുഷ്യർക്ക് നൽകിയിരിക്കുന്നത്. കൃഷി രീതികളോ, തീയുണ്ടാക്കാനുള്ള വിദ്യയോ ഇവർക്ക് അറിയില്ല. വേട്ടയാടി കൂട്ടമായി ജീവിക്കുന്ന സ്വഭാവമാണിവരുടേത്. ലോഹ വിദ്യകൾ അറിയില്ലെങ്കിലും കടലിൽ ഒലിച്ച് വന്ന് കിട്ടിയ സാധനങ്ങളെയും ലോഹ ഭാഗങ്ങളേയും ആയുധങ്ങളാക്കി ഉപയോഗിക്കുന്നുണ്ട്. പഴങ്ങളും കാട്ട് തേനും പ്രധാന ഭക്ഷണം ആയിരിക്കാം. മീനും പന്നിയും ആമകളും കക്കയും ചില ഉരഗങ്ങളും ആണ് മാംസാവശ്യങ്ങൾ നിറവേറ്റുന്നത്. കടലിൽ ഒഴുകിയെത്തുന്ന തേങ്ങയും ഇവരുടെ ഭക്ഷണത്തിൽ പെടും. . പുറം കടൽ യാത്രക്കുള്ള ചങ്ങാടങ്ങളൊന്നും ഉണ്ടാക്കാൻ ഇവർക്കറിയില്ല. ഗുഹകളിലും ചുമരുകളില്ലാത്ത, ഓലയും കാട്ടിലകളുംകൊണ്ട് മറച്ച പന്തലുകളിലും ആണിവർ താമസിക്കുന്നത്. സാമാന്യ ഉയരവും കറുത്ത ശരീരവും സ്പ്രിങ്ങ് പോലുള്ള കുഞ്ഞ് ചുരുളൻ മുടിയും ഉള്ളവരാണ് ഈ വർഗ്ഗക്കാർ. വിജയകുമാർ ബ്ലാത്തൂർ ഇന്നത്തെ മനോരമ പഠിപ്പുരയിൽ വായിക്കാം


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License