Monday, October 29, 2012

പൊന്നു വിളയിക്കുന്നവർ!

തമിഴ്നാട്ടിലെ സേലം - നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നോക്കി നിന്നുപോകും. കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ.

സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും.

കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിൽഉം നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ  ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്.

ഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല,  ഈന്തപ്പഴം, ചെറുപയർ, ചുവന്നുള്ളി, വലിയ ഉള്ളി (സവാള), ഓറഞ്ച്, പേരയ്ക്ക, തെങ്ങുകൾ, പുളി, വേപ്പ്, ഇങ്ങനെ പോകുന്നു. ഇതിനൊക്കെ പുറമേ എരുമ, പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും നിരവധി!

പാച്ചൽ  എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ പോയത്. ഒരു ടിപ്പിക്കൽ തമിഴ് നാടൻ ഗ്രാമമാണത്. കൃഷി സ്ഥലങ്ങൾ അവിടെ വാങ്ങിക്കാൻ കിട്ടും. സ്ക്വയർ ഫീറ്റിനു 30 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം പോയപ്പോൾ ഉണ്ടായിരുന്നത്, എന്നാൽ അതിപ്പോൾ 200 മുതൽ 250 വരെ ആയിട്ടുണ്ട്. ഒരേക്കർ ഒന്നിച്ചെടുക്കുമ്പോൾ 20 ലക്ഷമാണെന്നും പറഞ്ഞു. സ്ക്വയർ ഫീറ്റായി വാങ്ങിക്കുന്നതും ഏക്കറായി വാങ്ങിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഒന്നും കൂട്ടിനോക്കാൻ പോയില്ല... അടുത്ത വർഷം പോകുമ്പോൾ ഒരു പക്ഷേ അതു 40 ലക്ഷമായേക്കാം!!
വെള്ളമാണവിടുത്തെ പ്രധാന പ്രശ്നം.

കേരളത്തിൽ വെള്ളം ഒരിക്കലും ഒരു പ്രശ്നമേയല്ല എന്നിട്ടും ഇടവിട്ട് ചെയ്യുന്ന നെൽകൃഷി മാത്രമല്ലേ നമ്മുടെ പ്രധാന പരിപാടി. അതിനെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് പറ്റിയിട്ടില്ല. ഈ ആദിമദ്രാവിഡരെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. വരദപ്പ ഗൗഡരുടെ മകൻ ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ മാനേജരാണ്. ഒന്നര ലക്ഷത്തോളം രൂപ മാസം സാലറിയുള്ള വ്യക്തി. എല്ലാ മാസവും മകൻ അച്ഛനെ കാണാൻ വരാറുണ്ട് - ഈ ഗ്രാമത്തിലേക്ക്. ഈ അച്ഛനും അദ്ദേഹത്തിന്റെ അനുജനും അനുജന്റെ മകനും ചേർന്നാണ് ഈ കാണുന്ന കൃഷിയിടവും വളർത്തു മൃഗങ്ങളേയും പരിപാലിക്കുന്നത്. കൃഷിയിടത്തിലെ മിക്ക പണികളും ഇവർ തന്നെ ചെയ്യുന്നു. ഒത്തിരിപേർ വേണ്ട പണികൾക്കു മാത്രമേ പണിക്കാരെ വിളിക്കുന്നുള്ളു. എല്ലാവരും പണിക്കാരായിരിക്കുന്ന ആ നാട്ടിൽ പരസ്പരം സഹകരിച്ച് അവർ വിളവെടുപ്പു നടത്തുന്നു. ആ കൃഷിസ്ഥലം വിട്ടുപോരുമ്പോൾ എത്രയും പെട്ടന്ന് ഇവർക്കാവശ്യമായ മഴ ലഭിക്കണേ എന്നായിരുന്നു പ്രാർത്ഥന. അവരുടെ കടിനാദ്ധ്വാനത്തിന്റെ ഫലം അവർക്ക് മുഴുവനായും കിട്ടാൻ പ്രകൃതി കനിഞ്ഞേ മതിയാവൂ. വരുമ്പോൾ ഞങ്ങൾക്ക് എടുക്കാൻ പറ്റാവുന്നത്ര തേങ്ങയും പച്ച നിലക്കടലയും ചെറുപയറും പേരയ്ക്കയും നാരങ്ങയും ഒക്കെ പൊതിഞ്ഞുതന്ന്  അവർ അവരുടെ സ്നേഹം പ്രകടിപ്പിച്ചു. കൂടാതെ വഴിയാത്രയ്ക്കിടയിൽ കഴിക്കാനായി പരിപ്പുവടയും പൊതിഞ്ഞുവെച്ചുതന്നു.

ചിത്രത്തിൽ കാണുന്ന കോട്ട നാമക്കൽ ടൗണിൽ തന്നെയാണ്. (കൂടുതൽ ചിത്രങ്ങൾ ഇവിടെയുണ്ട്) മലൈകോട്ടൈ എന്നാണു തമിഴന്മാർ ഈ കോട്ടയെ വിളിക്കുന്നത്. നാമക്കൽ ടൗണിനു നടുവിലാണ് ഈ മല. മലയുടെ മുകൾ തട്ടീലാണു കോട്ട. മുകളിൽ നിന്നാൽ നാമക്കൽ ടൗൺ ചുറ്റും പരന്നു നിൽക്കുന്നതു കാണാം. ടിപ്പുവിന്റെ ആയുധസംഭരണ ശാലയായിരുന്നു അത്. മലയുടെ ഉൾവശത്ത് വലിയ തുരങ്കങ്ങൾ ഉണ്ടത്രേ, ഇപ്പോൾ അത് അടച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം അവിടേക്ക് പോകുന്നതാവും നല്ലത്. ഒരു അഞ്ചുമണി സമയത്താണു മഞ്ജുവും ഞാനും അവിടെ എത്തിയത്. വെയിൽ ഒട്ടൊടുങ്ങിയ സമയം. ഉച്ചയ്ക്കു വന്നാൽ തല പൊട്ടിപ്പിളർന്നു പോവും. ഈ മലകാണാൻ മാത്രമായി ഇവിടെ വരുന്നത് നഷ്ടമാണ്.

100 കിലോമീറ്റർ അപ്പുറത്തുള്ള ട്രിച്ചിയിൽ കാണാൻ പലതും ഉണ്ട്. നാമക്കല്ലിൽ ഈ കോട്ട മാത്രമേ ഉള്ളൂ... സ്ഥലമിതാണ്. നാമക്കല്ലിൽ നിന്നും കുറച്ചു യാത്ര ചെയ്താൽ കൊല്ലിമലയിൽ പോവാം. ഞാൻ മുമ്പ് പോയിരുന്നു. അവിടെ പോയി വന്ന ശേഷം എഴുതിയ വിക്കി ലേഖനം ഇവിടെ 


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

2 comments:

  1. ബോറടിച്ചിരുന്നാലും വെള്ളം കിട്ടുമോ?
    !!!!!!!!!!!!!!!

    ചുമ്മാ

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License