Monday, April 06, 2015

വെറുതേയൊരു പോസ്റ്റ്! #വിശ്വാസം

വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ, ...
അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്...
അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല...
ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!!
അന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ അതിലുള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദൂർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ.
ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ  വായിക്കുക എന്നത് ഏറെ രസകരമാണ് - ഒരു അവിശ്വാസിക്ക്. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല!
കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു... അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലികൊടുക്കുന്ന അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും... പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License