Saturday, October 01, 2011

ഇങ്ക്‌സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറിനെ പരിചയപ്പെടാം

അഡോബിന്റെ ഫോട്ടോഷോപ്പ്, കോറലിന്റെ കോറൽഡ്രോ തുടങ്ങി നിരവധി ഗ്രാഫിക്സ് എഡിറ്റിങ് സോഫ്‌റ്റ്‌വെയറുകൾ മാർക്കറ്റിൽ ലഭ്യമാണ്. റാസ്റ്റർ ഇമേജ് എഡിറ്റിങ് (raster image editing) വെക്റ്റർ ഇമേജ് എഡിറ്റിങ് (vector image editing) എന്നിങ്ങനെ പ്രധാനമായും രണ്ടായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഫോട്ടോഷോപ്പ് റാസ്റ്റർ ഇമേജ് എഡിറ്റിങിൽ പെട്ട സോഫ്റ്റ്‌വെയർ ആണ്. ഫോട്ടോസ് ഒക്കെ മെച്ചപ്പെടുത്താനും മിക്സ് ചെയ്യാനും പോലുള്ള പരിപാടികൾക്കിതാണു നല്ലത്. ചിത്രം വലുതാക്കുമ്പോൾ അതിന്റെ വ്യക്തത നഷ്ടപ്പെടുന്നു എന്നതാണ് റാസ്റ്റർ ഇമേജ് എഡിറ്റിങിന്റെ ന്യൂനത. ഫ്രീ സോഫ്‌റ്റ്‌വെയറായ ജിംബ് ഫോട്ടോഷോപ്പിന്റെ നല്ലൊരു എതിരാളിയാണ്.

എത്രതന്നെ വലുതാക്കിയാലും വ്യക്തത അല്പം പോലും കുറയാത്ത ചിത്രങ്ങൾ ഉണ്ടാക്കാൻ വെക്റ്റർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ വേണം. കോറൽഡ്രോ ആണ് ഈ രംഗത്ത് ഒന്നാമൻ. ഇങ്ക്‌സ്കേപ്പ് ഒരു വെക്റ്റർ എഡിറ്റിങ് സോഫ്‌റ്റ്‌വെയർ ആണ്. ഇതൊരു ഒരു ഫ്രീ സോഫ്‌റ്റ്‌വെയർ കൂടിയാണ്. മാർക്കറ്റിലെ ഒന്നാമനായ കോറൽ‌ഡ്രോയോട് കിടപിടിക്കാൻ ഇങ്ക്‌സ്കേപ്പിനു പറ്റില്ലെങ്കിലും അതിനെ അപേക്ഷിച്ച് മറ്റു പല സവിശേഷതകൾ ഈ സോഫ്‌റ്റ്‌വെയറിനുണ്ട്. അതിലൊന്നാണ് മലയാളം പോലുള്ള സങ്കീർണ ലിപികൾ നമുക്കിതിൽ ഉപയോഗിക്കാൻ പറ്റുന്നു എന്നത്. മാത്രമല്ല, വിൻഡോസ്, ലിനക്സ്, മാക്സ്  തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്ലാം ഇതു പ്രവർത്തിക്കുന്നതുമാണ്.

വെബ്‌ടെക്നോളജിയുമായി ബന്ധപ്പെട്ടുകഴിയുന്നവർക്ക് സുപരിചിതമായ എക്സ്.എം.എൽ , എസ്.വി.ജി, സി.എസ്.എസ്. മാനദണ്ഡങ്ങൾ അനുസരിച്ചാണിതിൽ ചിത്രങ്ങൾ ഉണ്ടാക്കുന്നത്. അതായത് ഇങ്ക്‌സ്കേപ്പിൽ ഉണ്ടാക്കിയ ഒരു  എസ്.വി.ജി ഫയൽ നിങ്ങൾക്കുവേണമെങ്കിൽ നോട്ട്പാഡ് പോലുള്ള ടെക്സ്റ്റ് എഡിറ്റർ ഉപയോഗിച്ച് തുറക്കാനും മാറ്റം വരുത്താനും സാധിക്കും...!


മറ്റേതൊരു ഇമേജ് എഡിറ്റിങ് സോഫ്‌റ്റ്‌വെയറുകളിലേതെന്നപോലെ ടൂൾബോക്സും, ലേയർ കൺസെപ്റ്റും ഒക്കെ ഇതിലും ഉണ്ട്. ഏതെങ്കിലും ഒരു ഇമേജ് എഡിറ്റിങ് സോഫ്‌റ്റ്‌വെയർ അറിയുന്ന ഒരാൾക്ക് കേവലം രണ്ടോ മൂന്നോ ദിവസത്തെ പരിശീലനം കൊണ്ട് ഇങ്ക്സ്കേപ്പിൽ മാസ്റ്റർ ആവാൻ പറ്റും.

വിക്കിപീഡിയയിൽ തുടങ്ങിയ ഭൂപടനിർമ്മാണം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ സോഫ്‌റ്റ്‌വെയറിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വിക്കിപീഡിയയ്‌ക്കുവേണ്ടി നിരവാധി ഭൂപടങ്ങൾ നിർമ്മിക്കുകയിണ്ടായി. കേരളത്തിലെ വിവിധ ജില്ലകളുടേയും മറ്റും ഭൂപടങ്ങൾ വരച്ചത് ഇവിടെ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്. ഈ സോഫ്റ്റ്‌വെയർ പഠിക്കാനാവശ്യമായ ടൂട്ടോറിയലുകൾ നെറ്റിൽ തന്നെ ലഭ്യമാണ്. മലയാളത്തിൽ ടൂട്ടോറിയലുകൾ ഒന്നുംതന്നെ ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. വെക്റ്റർഗ്രാഫിക്സുമായി കളിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ വലരെ സിമ്പിൾ ആയിട്ടുള്ള ഒരു ഫ്രീ സോഫ്റ്റ്‌വെയർ ആണിത്.

Kerala-administrative-divisions-map-en നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം ഏതാണെന്നു നോക്കി അതിനാവശ്യമായ ഇങ്ക്‌സ്കേപ്പ് ഡൗൺലോഡു ചെയ്തുപയോഗിക്കുക. ഇത് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യണമെന്നു നിർബന്ധമില്ല. വെറുതേ കോപ്പിചെയ്തിട്ടാലും വർക്ക് ചെയ്യും. മറ്റു ഗ്രാഫിക്സ് സോഫറ്റ്‌വെയറുകളെ അപേക്ഷിച്ച് മെമ്മറി വളരെ കുറച്ചുമാത്രമേ ഇങ്ക്‌സ്കേപ്പിന് ആവശ്യമുള്ളൂ.

ഇങ്ക്‌സ്കേപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ സൈറ്റിലേക്കു പോവുക. ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനിയോജ്യമായ ഇങ്ക്സ്കേപ്പ് തന്നെ സെലക്റ്റ്‌ചെയ്യാൻ ശ്രദ്ധിക്കുക.

ഉപയോഗിച്ചുതുടങ്ങുന്നവർ ഇതിൽ നിന്നും ഏതെങ്കിലും ഒരു എസ്.വി.ജി. ഫയൽ ഡൗൺലോഡ് ചെയ്തിട്ട് ഇങ്ക്‌സ്കേപ്പിൽ ഓപ്പൺ ചെയ്തു നോക്കുക. ഈ ലിസ്റ്റിൽ പി.എൻ.ജി. എക്സ്റ്റൻഷൻ ഉള്ള ഫയലുകളും ഉണ്ട്. അതു തിരിച്ചറിയാൻ അഡ്രസ്‌ബാറിലെ അവയുടെ പേര് ശ്രദ്ധിച്ചാൽ മതി. .svg എക്സ്റ്റൻഷൻ ഉള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യുക. കേരളത്തിന്റെ അഡ്‌മിൻസ്ട്രേറ്റീവ് ഭൂപടം ഇങ്ക്‌സ്കേപ്പിൽ വരച്ചതു നോക്കുക. ഇത് Save As ചെയ്തെടുത്താലും മതി. എന്നിട്ട് അത് ഒരു നോട്ട്പാഡിൽ ഓപ്പൻ ചെയ്തു നോക്കൂ!! ഉപയോഗിച്ച് തുടങ്ങുമ്പോൾ വരുന്ന സംശയങ്ങൾ ചോദിക്കാൻ മറക്കരുത്...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

1 comment:

  1. വളരെ നല്ല പോസ്റ്റ്‌. ഇങ്ക് സ്കേപ് നെ ക്കുറിച്ച് ഇനിയും നമ്മള്‍ മലയാളികള്‍, അല്ലെങ്കില്‍ ഒരുപക്ഷെ ഭാരതീയര്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്ന്
    സംശയം ആണ്. ഇങ്ക് സ്കേപ് ന്റെ ഒരു കടുത്ത ആരാധകന്‍ ആണ് ഞാന്‍. ആ നിലക്ക് ഇങ്ക് സ്കേപ് നു വേണ്ടി ഞാന്‍ തുടങ്ങി വച്ച ഒരു ബ്ലോഗ്‌ ഇതാ: http://kalasnehi.blogspot.com/

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License